2014 നവംബർ 12, ബുധനാഴ്‌ച

പുഴയും കടലും

ഇടയ്ക്കൊക്കെ അകന്നു നില്ക്കാനുള്ള 
ഇഷ്ടം കൊണ്ടാണത്രേ പുഴയും കടലും 
വെവ്വേറെ ആയതും ഇടയ്ക്ക് 
സംഗമസ്ഥാനങ്ങൾ കണ്ടെത്തിയതും
കാറ്റും മഴയും എപ്പോഴും 
ഒന്നിച്ചാവാതിരിയ്ക്കാൻ ആണത്രേ 
ഇടയ്ക്കൊക്കെ കാറ്റ് ഒറ്റയ്ക്ക് 
വീശുന്നതും മഴ തനിച്ചു മൂളുന്നതും
ഒറ്റയ്ക്കാവാനുള്ള ഭയം കൊണ്ടാണത്രേ 
മനുഷ്യൻ മാത്രം എപ്പോഴും ഇങ്ങനെ 
തപിച്ചു തപിച്ചു നിലവിളിച്ചിങ്ങനെ

ഷീജാ അനില്‍



മോഹം

വർണ്ണചിറകുള്ള ചിത്ര പതംഗമായ്
വാനിൽ പറക്കുവാൻ മോഹമുദിയ്ക്കുന്നു
വർണ്ണങ്ങൾ വാരി വിതറുന്ന പൂക്കളിൽ 
ഉമ്മ വെച്ചീടുവാൻ മോഹം കനക്കുന്നു
പിന്നൊരു പൂവിന്റെ തേൻ നുകര്ന്നങ്ങിനെ 
പഞ്ചമം പാടി പരാഗം പൊഴിയ്ക്കുവാൻ
കൊച്ചുകാൽ വെച്ചിട്ട് പിച്ച നടക്കുന്ന 
കുഞ്ഞിളം കണ്‍കളിൽ കൌതുകമാകുവാൻ
ആകാശമേലാപ്പിൽ എത്തിപ്പിടിയ്ക്കുവാൻ 
നക്ഷത്ര മുത്തുകൾ കയ്യിലോതുക്കുവാൻ 
മിന്നാമിനുങ്ങിന്റെ പിന്നാലെ പാറുവാൻ
മിന്നലിൽ പാത്തു പതുങ്ങിയൊളിയ്ക്കുവാൻ
പിച്ചകപ്പൂവിന്റെ ഗന്ധം പരത്തുവാൻ 
പിച്ചിയും മുല്ലയും നുള്ളി അടര്ത്തുവാൻ 
സന്ധ്യ തൻ സിന്ദൂരമൊപ്പിയെടുക്കുവാൻ
രാത്രി തൻ കണ്മഷി കണ്ണിലെഴുതുവാൻ
രാപ്പാടിയോടൊത്തു മൂളി നടക്കുവാൻ 
രാക്കുയിൽ പാട്ടിന്റെ ഈണമായ് മാറുവാൻ 
പിന്നെയുമെന്തിനോ മോഹിച്ചുപാടുവാൻ 
മോഹിച്ചു മോഹിച്ചു മോഹമായ് മാറുവാൻ 
എന്നുള്ളിലാർദ്രമാം മോഹമുദിയ്ക്കുന്നു
ഷീജാ അനില്‍