ഭ്രാന്തന്‍ സ്വപ്‌നങ്ങള്‍ മിഴി തുറന്നിരിയ്ക്കുന്ന ഈ രാത്രി നിദ്രാ വിഹീനമാണ് .എനിയ്ക്കറിയാം .നോവുകളുടെ ചില്ലുടഞ്ഞു തകര്‍ന്നു ബാക്കിയായ നിശബ്ദ മൌനത്തിന്‍റെ രാക്കൂട്ടില്‍ തനിച്ചിരിയ്ക്കുന്നതോര്ക്ക ുമ്പോള്‍ നിസ്സഹായതയോലുന്നൊരു നേര്‍ത്ത പുഞ്ചിരി ചുണ്ടോളം വിരുന്നെത്തി മറയുന്നു .ജാലകകാഴ്ചയില്‍ കനത്ത ഇരുട്ട് കരിമ്പടം പുതയ്ക്കുന്ന വഴിത്താരകള്‍ക്കപ്പുറം അങ്ങ് ദൂരെ ദേവാലയ മുറ്റത്തു ആര്‍ദ്രതയുടെ രൂപക്കൂടിനു മുന്നില്‍ ചെറുകാറ്റിലുലയുന്ന മെഴുതിരിനാളത്തിന്റെ ഇത്തിരിവെട്ടം ഒരു ആശ്വാസം പോലെ ..കനത്ത ഇടിനാദങ്ങളും കണ്ണഞ്ചിപ്പിയ്ക്കുന്ന മിന്നല്‍ പിണരുകളും ആകാശമുഖത്തു നിന്നും നിന്നും ഭൂമിയിലേയ്ക്ക് നിമിഷാര്ധങ്ങളുടെ ഇടവേളകളില്‍ തുരുതുരാ പതിയ്ക്കുന്നു .താമസിയാതെ കുളിരിന്റെ ആവരണമണിഞ്ഞൊരു മഴ മണ്ണിന്റെ മാറില്‍ പെയ്തു നിറഞ്ഞേക്കാം .
ചീറിയടിച്ചോരു കാറ്റില്‍ രൂപക്കൂടിനു മുന്നിലെ മെഴുതിരിനാളം പൊടുന്നനെ മങ്ങിയണഞ്ഞപ്പോള്‍ മനസ്സെന്തിനോ വിഷാദിച്ചു .അല്ലെങ്കിലും ദൈവങ്ങള്‍ക്ക് എന്തിനു വെളിച്ചം ?? ദേവാലയങ്ങളിലെ ചില്ലുകൂടുകളില്‍ ദൈവങ്ങള്‍ എപ്പോഴും ഉറക്കാമണല്ലോ.കണ്ണുകള്‍ ഇറുകെയടച്ചു .പരിദേവനങ്ങള്‍ക്ക് കാതോര്‍ക്കാതെ ..മഴ പെയ്തു തുടങ്ങിയിരിയ്ക്കുന്നു ..ഇരുട്ടിനു കൂട്ടായി മിന്നല്‍ വെളിച്ചത്തില്‍ വെള്ളി നൂലുകള്‍ പോലെ മഴ തകര്‍ത്ത് പെയ്യുമ്പോള്‍ ഞാന്‍ കാതോര്‍ക്കുകയാണ് .ഗ്രാമത്തിൽ എവിടെയോ ഓര്മ്മകളുടെ നിഴലുറങ്ങുമൊരു കുഞ്ഞു .വീട്ടിൽ ഗിറ്റാര് മൂളുമൊരു വിഷാദ രാഗവും ഇടറിപ്പൊലിയുന്ന നിന്‍റെ ഗദ്ഗദങ്ങളും......
ഷീജാ അനില്‍

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ