2014 ഒക്‌ടോബർ 25, ശനിയാഴ്‌ച

ഒരിയ്ക്കല്‍

ഒരിയ്ക്കല്‍ കനത്ത മഴ വീഴുന്നൊരു 
തണുത്ത രാത്രിയില്‍ 
മരവിപ്പിന്റെ കരിമ്പടം പുതച്ചു 
നീ തനിച്ചിരിയ്ക്കും


അന്ന് ബോധപൂര്‍വം നീ മറയിട്ടു വെച്ച 
കവചം നീക്കി പുറത്തുവന്നു നിന്റെ മനസ്സ്
നിന്നെ നോക്കി കളിയാക്കി ചിരിയ്ക്കും
നീ ചോദിയ്ക്കാന്‍ മറന്ന ചോദ്യങ്ങളും
ഞാന്‍ പറയാന്‍ കൊതിച്ച ഉത്തരങ്ങളും
ഓര്‍മ്മയില്‍ നിന്ന് പരതിയെടുക്കുവാന്‍
നീ വൃഥാ പരിശ്രമിയ്ക്കും


നിന്റെ ചിറകിന്‍ കീഴില്‍
ഞാനൊളിപ്പിച്ചു വെച്ച സ്നേഹത്തിന്റെ
ആകാശങ്ങള്‍ തേടി തിരഞ്ഞു
നിന്‍റെ കൈകള്‍ തളര്‍ന്നു കുഴയും 


സഹനത്താല്‍ അടര്‍ന്നു വീണ
ഹൃദയത്തിന്‍റെ ഒരു പാതിയില്‍
മാംസദാഹിയായ കഴുകന്‍റെ ചുണ്ടുകള്‍
ആര്‍ത്തിയോടെ അമര്‍ന്നു പതിയുമ്പോള്‍
ആശ്വാസത്തോടെ നീ മിഴികള്‍ ചേര്‍ത്തടയ്ക്കും


അന്ന് സ്വപ്‌നങ്ങള്‍ വരണ്ട മനസ്സിന്റെ
ഊഷരതകളില്‍ സ്നേഹത്തിന്‍റെ വിത്തുകള്‍
പാകി പച്ചപ്പ്‌ നല്‍കി പ്രതിഫലമായി 

നൊമ്പരവും കണ്ണീരും കൊയ്തുകൂട്ടിയൊരു
സ്നേഹപക്ഷി ചിറകടിച്ചകലുന്നത് കാണ്‍കെ
നീയതിനെ വാരിയെടുത്തു നെഞ്ചില്‍ ചേര്‍ക്കും
ചിറകില്‍ നിന്നൊരു വര്‍ണ്ണ തൂവല്‍ പൊഴിച്ചെടുത്തു
എന്‍റെ ഓര്‍മ്മയ്ക്കായി സൂക്ഷിയ്ക്കാന്‍..


                           ഷീജാ അനില്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ