കിനാവിന്റെ വളപ്പൊട്ടുകൾ എറിഞ്ഞുടച്ചു ..പ്രതീക്ഷകളും മോഹങ്ങളും ചിതയിലെരിച്ചു മനസ്സ് വീണ്ടും ഇരുട്ടിന്റെ അഗാധ ഗര്ത്തങ്ങളിലെയ്ക്ക് ഊളിയിടുന്നു.. പാടി തീരാത്ത ഒരു താരാട്ടിന്റെ ഈണം കാതുകളിൽ മാറ്റൊലിക്കൊള്ളുന്നുണ്ട് ഇടക്കെപ്പോഴോക്കെയോ.. ഓർമ്മകൾ പാഴ്കിനാവിന്റെ നിറം പൂണ്ടു ചുരുങ്ങി മായുന്നു ..പിറവിയിൽ നിന്ന് മറവിയിലെയ്ക്കൊരു യാത്രയാണെന്ന് തോന്നും ജീവിതം പലപ്പോഴും..കാലമോ ദൂരമോ ഒന്നും അറിയാതെ .. സഞ്ചരിയ്ക്കുകയാണ് നാമൊക്കെ ..വസന്തമോ ശിശിരമോ ഹേമന്തമോ ഒക്കെ നമ്മളറിയാതെ കടന്നു പോകുന്നു.. എങ്കിലും ഇപ്പോഴെനിയ്ക്ക് കേള്ക്കാൻ കഴിയുന്നുണ്ട് ..അങ്ങ് ദൂരെയെവിടെയോ മഴക്കാടുകളിൽ നിർത്താതെ പൊഴിയുന്ന മഞ്ഞുതുള്ളികൾക്കൊപ്പം ഒരു മഴപ്പക്ഷിയുടെ സംഗീതം...പുഷ്പ്പിയ്ക്കാൻ മറന്ന വൃദ്ധമരങ്ങളുടെ രോദനങ്ങളും .നീ കേള്ക്കുന്നുവോ...? എന്റെ ..ചിന്തകള് അപ്പാടെ വികലമാകുന്നു.. അന്തി തിരി എരിയാത്ത തുളസിത്തറയിൽ തൂവി വീണ കണ്ണീർ മുത്തുകൾക്കിടയിലൂടെ അമ്മ പുഞ്ചിരിയ്ക്കുന്നുവോ ..??മോളെ എന്ന് പതിഞ്ഞൊരു വിളിയൊച്ചയിൽ അച്ഛൻ വാത്സല്യം മുഴുവൻ നിറച്ചു വെച്ചിരിയ്ക്കുന്നുവോ....?? സ്നേഹം ചാലിച്ച വഞ്ചന നിറച്ചു ..സ്വാര്ധതയുടെ വിരുന്നുണ്ടവരൊക്കെ അട്ടഹസ്സിച്ചു പൊട്ടിച്ചിരിയ്ക്കുന്നുവോ.. അങ്ങ് ചക്രവാളസീമകളിൽ ആത്മാഹുതി ചെയ്ത സുര്യന്റെ ചെന്നിണം നീ മുഖത്തണിഞ്ഞിരിയ്ക്കുന്ന പോലെ ... .
എനിയ്ക്ക് ഭയമാകുന്നു ..കുന്നിന്ചെരുവിലെ മഞ്ഞുചുംബിയ്ക്കുന്ന ചുവന്ന പൂക്കളുടെ മെത്തയിൽ വഴുതി വീണ ഓര്മ്മകളുടെ വെണ്‍ചിപ്പികൾ പെറുക്കിക്കൂട്ടി നെഞ്ചോട് ചേര്ത്തു ഉറങ്ങണം എനിയ്ക്ക്..തൂവെള്ള വിരിപ്പിൽ ശൂന്യമായ വൃത്തങ്ങളെ സ്നേഹിച്ചു..എന്നേയ്ക്കുമായ ി .. പക്ഷെ കഴിയുന്നില്ലല്ലോ ....വരച്ചു കൂട്ടിയ ചിത്രങ്ങളെല്ലാം ജീവൻ വെയ്ക്കുന്നൊരു സ്വപ്നത്തിന്റെ അവസാന കാഴ്ചയിലായിരുന്നു എന്റെ മനസ്സ് കൈകൾ കാലുകൾ തല ഉടൽ അങ്ങിനെ ഒന്നൊന്നായി ജീവൻ വെച്ച് എന്നെ ഒന്നാകെ വിഴുങ്ങാൻ പാകത്തിൽ ഒരു കഴുകൻ വായ് പിളര്ന്നടുക്കുന്നു ..വീണ്ടും ഒരു നടുക്കത്തിൽ ഉറങ്ങാൻ കഴിയാതെ ഞാൻ മുറിയ്ക്കുള്ളില്‍ ചുറ്റിത്തിരിയുന്നു ..പാതി മാഞ്ഞ ഒരു കിനാവിന്റെ ചീള് പോലെ..
ഷീജാ അനില്‍

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ