2014 ഒക്‌ടോബർ 25, ശനിയാഴ്‌ച

ഇനിയുമോരിയ്ക്കല്‍

ഇനിയുമൊരിയ്ക്കൽ ഹൃദയത്തുടിപ്പുകളുടെ 

താളക്രമങ്ങൾ ആവാഹിച്ചൊരു മഴ 

തോരാതെ പെയ്യും 

ഘടികാര സൂചികളുടെ സമയവേഗങ്ങൾ 

ദ്രുതഗതിയിൽ പിന്നിലെയ്ക്കോടും

കാലപ്രവാഹത്തിന്റെ കണക്കു തെറ്റിച്ചൊരു

സൂര്യൻ കുംകുമപ്പൊട്ടിന്റെ ചുവപ്പാവാഹിച്ചു

അസ്തമിയ്ക്കാൻ മടിച്ചു നില്ക്കും 

നോവുകൾക്ക്‌ മേൽ ഉരുകുന്ന കനലുകളുടെ 

തീതൈലം തൂവി ആകാശ ചെരുവുകൾക്ക്

അപ്പുറത്തെവിടെയോ മാഞ്ഞുപോയ 

ദൈവത്തെ കളിയാക്കി ചിരിച്ചു 

ആത്മാവുറങ്ങുന്ന കല്ലറകളിൽ 

കുരിശുകൾ തനിയെ ഇളകി വീഴും

കാലത്തെ തോൽപ്പിച്ചെന്നമ്മ 

പിന്നെയും വെളിച്ചമെത്താത്ത കുഞ്ഞു വീട്ടിൽ

തികയാത്ത വറ്റു കൊണ്ടുരുളയൂട്ടും 

കണ്ണീരു കിനിയുമോരു പാട്ട് മൂളി എന്നെ

മാറോടു ചേര്ത്തു പുണർന്നുറക്കും

അത് കേട്ട് ഉമ്മറതിണ്ണയിൽ ഓല ചുവര്‍ ചാരും

അച്ഛന്റെ ഹൃദയം തുടി മുഴക്കും ..

ഷീജാ അനില്‍


                               

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ