2014 നവംബർ 12, ബുധനാഴ്‌ച

മോഹം

വർണ്ണചിറകുള്ള ചിത്ര പതംഗമായ്
വാനിൽ പറക്കുവാൻ മോഹമുദിയ്ക്കുന്നു
വർണ്ണങ്ങൾ വാരി വിതറുന്ന പൂക്കളിൽ 
ഉമ്മ വെച്ചീടുവാൻ മോഹം കനക്കുന്നു
പിന്നൊരു പൂവിന്റെ തേൻ നുകര്ന്നങ്ങിനെ 
പഞ്ചമം പാടി പരാഗം പൊഴിയ്ക്കുവാൻ
കൊച്ചുകാൽ വെച്ചിട്ട് പിച്ച നടക്കുന്ന 
കുഞ്ഞിളം കണ്‍കളിൽ കൌതുകമാകുവാൻ
ആകാശമേലാപ്പിൽ എത്തിപ്പിടിയ്ക്കുവാൻ 
നക്ഷത്ര മുത്തുകൾ കയ്യിലോതുക്കുവാൻ 
മിന്നാമിനുങ്ങിന്റെ പിന്നാലെ പാറുവാൻ
മിന്നലിൽ പാത്തു പതുങ്ങിയൊളിയ്ക്കുവാൻ
പിച്ചകപ്പൂവിന്റെ ഗന്ധം പരത്തുവാൻ 
പിച്ചിയും മുല്ലയും നുള്ളി അടര്ത്തുവാൻ 
സന്ധ്യ തൻ സിന്ദൂരമൊപ്പിയെടുക്കുവാൻ
രാത്രി തൻ കണ്മഷി കണ്ണിലെഴുതുവാൻ
രാപ്പാടിയോടൊത്തു മൂളി നടക്കുവാൻ 
രാക്കുയിൽ പാട്ടിന്റെ ഈണമായ് മാറുവാൻ 
പിന്നെയുമെന്തിനോ മോഹിച്ചുപാടുവാൻ 
മോഹിച്ചു മോഹിച്ചു മോഹമായ് മാറുവാൻ 
എന്നുള്ളിലാർദ്രമാം മോഹമുദിയ്ക്കുന്നു
ഷീജാ അനില്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ