2014 ഒക്‌ടോബർ 24, വെള്ളിയാഴ്‌ച

മടുപ്പ്

മടുപ്പിന്റെ ഇരുൾ വാരി പുതച്ച മനസ്സിന്റെ താഴ്വാരങ്ങളിൽ അസ്വസ്ഥതയുടെ കരിമേഘങ്ങൾ ഒന്നാർത്തു പെയ്യാൻ കൊതിച്ചു അലഞ്ഞു തിരിയുന്നുണ്ട് ...ഓർമ്മകളിലെവിടെയെല്ലാമോ ഒളിയമ്പേറ്റു പിടയുന്നൊരു വെള്ളരിപ്രാവിന്റെ നേർത്ത കുറുകൽ കേൾക്കും പോലെ ..ഭയത്തിന്റെ തേരട്ടകൾ അള്ളിപ്പിടിച്ച ഹൃദയത്തിന്റെ ദുർബല ഭിത്തികളിൽ ചുടു നിണം വാർന്നൊഴുകുന്നു ....അകലെ എവിടെയോ കടൽക്കാറ്റിന്റെ ഇരമ്പം കേൾക്കാം ഒരു പക്ഷെ അതെന്റെ ഹൃദയത്തിൽ തന്നെയോ ? അതിശക്തമായൊരു കൊള്ളിയാൻ മിന്നിയോ ..??? നീര് വറ്റി ശുഷ്കിച്ചു പോയൊരു പുഴ അവസാന ശ്വാസവും കടം വാങ്ങി ദുർബലമായെങ്കിലും ഒഴുകുന്നുണ്ട് കടലിനോടു ചേരാൻ.. ഈ യാത്ര വൃഥാവിലാണെന്നു..കാതുകളിൽ ആരോ മെല്ലെ മന്ത്രിയ്ക്കുന്നു..പക്ഷെ കഴിയില്ലല്ലോ തിരിച്ചു പോകാൻ ..പിന്നിട്ട വഴികളിലൂടെ തിരിച്ചു പോകാൻ ഇനിയും എത്രയോ കാതങ്ങൾ താണ്ടണം ഞാന്‍ ... ഓര്മ്മകളുടെ പച്ചപ്പിൽ ഹൃദത്തിന്റെ മണ്‍ചെരാതിൽ നീ തെളിച്ച ഇത്തിരി സ്നേഹത്തിന്റെ വെളിച്ചം എനിയ്ക്ക് വഴികാട്ടിയാവും.. ആ വെളിച്ചത്തിലൂടെ നിന്റെ ആത്മാവിന്‍റെ ആഴങ്ങളിലേയ്ക്ക് ഞാന്‍ ഒഴുകിയെത്തും.. വെണ്മയാര്‍ന്നൊരു മഞ്ഞു തുള്ളിയുടെ വിശുദ്ധിയോടെ ...നിന്റെ ഹൃദയത്തിന്റെ ആര്‍ദ്രതയില്‍ സ്നേഹത്തിന്റെ നനുത്ത ചൂടില്‍ അത് ഉരുകിയലിഞ്ഞു ഇല്ലാതാവട്ടെ...

                                                                            ഷീജാ അനില്‍ 

                                   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ