2014 ഒക്‌ടോബർ 25, ശനിയാഴ്‌ച

പ്രാര്‍ത്ഥന ഗാനം

നീലമേഘത്തിന്‍ നിറം പൂണ്ട കണ്ണാ
നീലാംബുജത്തിന്‍ മിഴിയുള്ള കണ്ണാ
ഒരു കൃഷ്ണതുളസിക്കതിരിന്‍ വിശുദ്ധിയായ്
തിരുമുന്നിലെത്തുവാന്‍ കനിയണേ കണ്ണാ

അധരത്തില്‍ നിന്‍ നാമ മന്ത്രം ജപിച്ചു
ഹൃദയത്തില്‍ ഭക്തിപ്രണയം നിറച്ചു
മിഴികളില്‍ നിര്‍വൃതി പൂക്കള്‍ വിരിച്ചു
ഇരുകരം കൂപ്പി ഞാന്‍ താണു വണങ്ങാം

കാരുണ്യസാഗരം മിഴിയില്‍ നിറച്ചും
തൂമന്ദഹാസം ചൊടിയില്‍ വിരിച്ചും
കരം നീട്ടിയൊന്നെന്‍ നെറുകില്‍ തലോടി
വാത്സല്യപൂരം പൊഴിയ്ക്കണേ കണ്ണാ

ദുരിതങ്ങളെല്ലാം സഹനങ്ങളാക്കി
നൊമ്പരം പുഞ്ചിരി പൂവാക്കി മാറ്റി
വാക്കുകള്‍ സ്നേഹമാം മന്ത്രങ്ങളാക്കി
നിന്‍ വിരല്‍ തുമ്പില്‍ നടക്കാന്‍ കൊതിയ്ക്കുമൊരു
പൈതലായ് എന്നെയും മാറ്റണേ കണ്ണാ

ഷീജാ അനില്



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ