2014 ഒക്‌ടോബർ 17, വെള്ളിയാഴ്‌ച

നീ

പ്രഭാതത്തിന്റെ ചില്ലകളിൽ വസന്തത്തിന്റെ കുയിൽ പാടുന്നു പുഞ്ചിരിയ്ക്കുന്ന മഴപ്പൂക്കൾക്കൊപ്പം ഹൃദയം ആനന്ദ നൃത്തം ചെയ്യുന്നു..സ്നേഹത്തിന്റെ നിലാപെയ്തിനൊപ്പം നിന്റെ വരവായെന്നു കിളികൾ ചിലച്ചറിയിയ്ക്കുന്നു..ചിത്രശലഭങ്ങൾ ഉമ്മ വെയ്ക്കുന്ന നീലപ്പൂക്കളിൽ നാണം മൊട്ടിടുന്നത് നോക്കി ഞാനീ ഉമ്മറവാതിലിൽ കാത്തിരിയ്ക്കുന്നത് നിനക്കായി മാത്രമാണെന്ന് നീ അറിയുന്നുണ്ടോ ആവോ ?.മഞ്ഞു പൂക്കുന്ന വയലേലകളിൽ എന്റെ സ്വപ്നങ്ങള്ക്ക് കാവൽ നില്ക്കുകയാണ് നീയെന്നും നിന്റെ സ്വപ്നങ്ങള്ക്ക് തളിര്ത്തു കൊഴിയാനും വീണ്ടും തളിര്ക്കാനും ഒരു ചില്ലയാണ് ഞാനെന്നും എനിയ്ക്കും നിനക്കും അറിയാം .ഇടവേളകളുടെ ദൈര്ഘ്യം നമ്മുടെ പ്രണയത്തെ ഈ ഭൂമിയിലേയ്ക്ക് വെച്ച് ഏറ്റം സുന്ദരമായ ഒന്നാക്കുന്നു ...
നിന്റെ ഓർമ്മയിൽ നിരാസ്സത്തിന്റെ പൊട്ടുകൾ അടര്ത്തി എറിഞ്ഞു ഞാൻ. പുഞ്ചിരി തൂകുന്നു..നീല വിരിപ്പിട്ട ആകാശത്തിനു കീഴിൽ നീല പുതച്ച കടലോരത്ത് മത്സരിയ്ക്കുന്ന തിരമാലകളെ നോക്കി നിന്റെ തോളിൽ തല ചേർത്തിരിയ്ക്കുന്ന കൌതുകക്കണ്ണുകൾ ഉള്ള ആ പെണ്‍കുട്ടിയാവുന്നു ഞാൻ ഒരോട്ടപ്പന്തയത്തിൽ നിനക്കൊപ്പം ഓടി മനപ്പൂർവം തോറ്റു തന്നു പിന്നാലെ ഓടിയോടി കിതച്ചു കിതച്ചു ..നീ നിവര്ത്തു പിടിയ്ക്കുന്ന കൈക്കുള്ളിലെയ്ക്ക് അലച്ചു വീഴുന്ന ആ പെണ്കുട്ടി.സ്വപ്‌നങ്ങൾ ജീവിതമല്ലെന്നും ജീവിയ്ക്കാനുള്ള പ്രേരണ മാത്രമാണെന്നും അറിയാമെങ്കിലും ചില സ്വപ്‌നങ്ങൾ ജീവിതം തന്നെയെന്നു തോന്നിപ്പോകും ചിലപ്പോഴെല്ലാം .പണ്ടേ പോലെ വഴിയോരക്കാഴ്ച്ചകളിൽ കണ്ണുടക്കി നിന്റെ കൈവിരലിൽ തൂങ്ങി നിന്നോടൊപ്പം കൂട്ട് കൂടി നടക്കാൻ കൊതി തോന്നണു ഇപ്പൊ.നിനക്കറിയില്ലേ .ജീവിതത്തിന്റെ നാൽക്കവലകളിൽ ദിശയറിയാതെ പകച്ചു നിൽക്കുമ്പോൾ എന്നും നീ തന്നെയാണെന്റെ അഭയം.നീ മാത്രമാണ് എന്റെ ആശ്രയം..നല്ല വഴികൾ ചൂണ്ടിക്കാട്ടി തെറ്റുകള്ക്ക് ശിക്ഷ നല്കി കപട ഗൌരവത്തിന്റെ മുഖം മൂടിയണിഞ്ഞു എത്രയോ കാലങ്ങളായി നീയെന്നെ പ്രണയിച്ചു കൊണ്ടേയിരിയ്ക്കുന്നു ..ഞാൻ നിന്നെയും
     ഷീജാ അനില്‍ 

മനസ്സ്

മനസ്സേ എത്ര പൊടുന്നനെയാണ് ഓര്‍മ്മകളുടെ തിരക്കൈകള്‍ നിന്നെ ചുഴറ്റിയെടുക്കുന്നതും നൊമ്പരങ്ങളുടെ കടലാഴങ്ങളിലേയ്ക്ക് വലിച്ചെറിയുന്നതും ചുഴികളാല്‍ ചുറ്റപ്പെട്ടു നീ ശ്വാസം മുട്ടി പിടഞ്ഞോടുങ്ങുന്നതും.........ഷീജാ അനില്‍ 


യാത്ര










കഴിഞ്ഞു പോയ ജന്മങ്ങളിലൊന്നും
നമ്മള്‍ ഒന്നായിരുന്നില്ല
ഇനിയൊരു ജന്മത്തില്‍
കൂടി നാം ഒന്നാവുകയുമില്ല

ഈയൊരു ജന്മം ഒരേയൊരു ജന്മം

കരിപടര്‍ന്ന ഭൂതകാലത്തിനപ്പുറം
നിന്ന് ഓര്‍മ്മകള്‍ ചികഞ്ഞെടുത്തു
കനല്‍ കടഞ്ഞ നോവേറ്റി
വെറുതെ കണ്‍നിറയ്ക്കയാണ് നീ ..
വാക്കുകളാല്‍ നിര്‍വചനമില്ലാത്ത
സ്നേഹത്തിന്‍റെ ഭാരം ചിറകുകളില്‍ പേറി
മഴ കനത്ത ആകാശത്തിനു കീഴെ
നനഞ്ഞു കുതിരുകയാണ് നീ

വേര്‍പാടിന്റെ വേദനയില്‍
പിടഞ്ഞടിയ്ക്കുന്ന ഹൃദയത്തെ
ഇരുള് കനത്ത മൌനത്തിന്റെ ചിതല്‍
പുറ്റിലൊളിപ്പിച്ചു വീണ്ടും വീണ്ടും
ഇരുളിനായി മാത്രം തപം
ചെയ്യുകയാണു നീ ..
അവസാന കാഴ്ചയില്‍
ജീവിതത്തിന്റെ നിറഭേദങ്ങളോടു
സമരസപ്പെടാനാവാതെ പോയ പകപ്പ്
നിന്‍റെ പാതി തുറന്ന മിഴികളില്‍ നിന്ന്
ഞാന്‍ വായിച്ചെടുക്കുന്നു .

ജീവന്‍റെ അവസാന കണികയും
പറന്നകന്ന നിന്‍റെ അധരങ്ങള്‍
ഞാന്‍ ഒരു ദീര്‍ഘ ചുംബനത്തിന്റെ
മുദ്രകളാല്‍ പൂട്ടി വെയ്ക്കുന്നു .
അവസാന നോട്ടത്തില്‍
എന്നില്‍ മാത്രം തറഞ്ഞു തുളുമ്പി
നിന്നിരുന്ന മിഴിത്താരകങ്ങളും
എന്റെ ഹൃദയചുംബനങ്ങളാല്‍
ഞാന്‍ ചേര്‍ത്തടയ്ക്കുന്നു.

നിന്‍റെ പ്രാണന്‍റെ അവസാന പിടച്ചിലും
നെഞ്ചോട്‌ ചേര്‍ത്തു ഞാന്‍
യാത്രയാവുകയാണ് ..
മഴയുടെ നേര്‍ത്ത കരച്ചില്‍
എനിയ്ക്ക് ചുറ്റും നിന്‍റെ
പിന്‍വിളികളാകുന്നു .
മണ്ണിലേയ്ക്കടര്‍ന്നു വീണു
മഴ നനഞ്ഞ ഒരു മഞ്ഞയില
നിന്‍റെ നിര്‍ജീവമായ മിഴികളെ
ഓര്‍മ്മിപ്പിയ്ക്കുന്നു ..
ഒപ്പം ശുഷ്കമായ എന്റെ ജീവിതത്തെയും
.
മറ്റൊരു മഴയുള്ള രാത്രിയില്‍
നിന്നില്‍ തന്നെ വീണടിഞ്ഞു
ഇല്ലാതാവണമെന്ന ഒറ്റ മോഹത്താല്‍
നിന്നരികിലേയ്ക്ക് തന്നെ മടങ്ങി വരണം
എനിയ്ക്ക് ..അതിനായി മാത്രം വിട ..

       ഷീജാ അനില്‍ 


കഥ






























മെറിന്‍ ഓടുകയായിരുന്നു .മലഞ്ചെരിവുകളിലൂടെ കല്ലുകളടര്ന്നു വീണ സഞ്ചാരികള്‍ ഓര്‍മ്മ മാത്രമായ വഴികളിലൂടെ .കയറ്റങ്ങളും ഇറക്കങ്ങളും വഴുവഴുത്ത പാറകളും അതിവേഗം മറികടന്നു ദ്രുതഗതിയില്‍ പാദങ്ങള്‍ പെറുക്കി വെച്ച്.ചുറുചുറുക്കുള്ള ഒരു കുട്ടിയെ പോലെ..എത്ര ശ്രമിച്ചിട്ടും അലന് അവളുടെ ഒപ്പമെത്താന്‍ കഴിയുന്നുണ്ടായിരുന്നില്ല.മെറിന്‍ ഒന്ന് നില്ക്കൂ .ഞാന്‍ ഒന്ന് വന്നോട്ടെ.അവന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു കൊണ്ട് പരമാവധി വേഗതയില്‍ മെറിനെ പിന്തുടര്ന്നു .അസ്തമയ സൂര്യന്‍ കിതച്ചു കിതച്ചു അന്തിതാവളം ലക്ഷ്യമാക്കി നീങ്ങാന്‍ തുടങ്ങിയിരുന്നു .തണുത്ത കാറ്റിനൊപ്പം മലനിരകളെ മഞ്ഞു പൊതിയാനും.. മുളംകൂട്ടങ്ങള്‍ തമ്മിലുരസ്സുന്ന നേര്ത്ത ശബ്ദങ്ങള്ക്കൊപ്പം തിരക്കിട്ട് കൂടണയുന്ന പറവകളുടെ ചിലയ്ക്കലുകള്‍.

പൊടുന്നനെ പ്രത്യക്ഷപ്പെട്ടൊരു വളവില്‍ മെറിന്റെ പച്ച നിറമുള്ള ഷാള്‍ ഒഴുകി മറയുന്നത് കണ്ടു വളവിനപ്പുറം ഓടിയെത്തിയ അലന്‍ നിശ്ചലനായി.ചുറ്റുപാടും കണ്ണോടിച്ചു നോക്കി . മെറിനെ കാണാനില്ല അവന്‍ ഉറക്കെ വിളിച്ചു മെറിന്‍ ഹേയ് മെറിന്‍ ?..ഇവളിതെവിടെ പോയി ..മെറിന്‍ എനിയ്ക്ക് പേടിയാവുന്നു നീയെവിടെയാണ്.പൊടുന്നനെ പിന്നില്‍ നിന്നും അടക്കി പിടിച്ചൊരു ചിരി ഉയര്ന്നു .അലന്‍ ഒരു ദീര്‍ഘ ശ്വാസം അയച്ചു കൊണ്ട് തിരിഞ്ഞു നോക്കി .പിന്നില്‍ കുസൃതി നിറഞ്ഞ ചിരിയാല്‍ മിഴി നിറച്ചു മെറിന്‍ .എന്ത് ഭ്രാന്താണിത് ..എന്തിനാണ് നീ ഇങ്ങനെ..? അലന്‍ ദേഷ്യപ്പെട്ടു ..ഇടംകയ്യാല്‍ ഷാള്‍ പിടിച്ചു തോളത്തു കൂടി പുതച്ചു ചുറ്റി വലം കയ്യാല്‍ അലസ്സമായി പാറിപ്പറന്ന മുടി മാടിയൊതുക്കി മെറിന്‍ പിന്നെയും പൊട്ടിച്ചിരിച്ചു.ഒന്ന് നിര്ത്ത്വോ ഈ ചിരി? നീയെന്നെ കളിയാക്കുകയാ???.. ചില്ലുകള്‍ ഉടയും പോലെയുള്ള ഈ ചിരി എന്റെ നെഞ്ചിലാണ് തറയ്ക്കുന്നത്.എന്റെ ചോദ്യത്തിന് നീ ഉത്തരം തന്നിരുന്നില്ല.പറയൂ പോരാമോ അലന്റെ കൂടെ ?? മെറിന്‍ ചിരി നിര്ത്തി അലന്റെ മുഖത്തേയ്ക്കു ഉറ്റു നോക്കി ഒരു നിമിഷം നിന്നു.ഞാന്‍ കളിയാക്കിയതല്ല അലന്‍.ഇവിടെ നിന്നോടൊപ്പം ഈ കുന്നിന്‍ ചെരിവില്‍ എത്തുമ്പോഴാണ് ഞാന്‍ എന്നെ തിരിച്ചറിയുന്നത്‌.ഇവിടെ പൂത്തുലയുന്ന സൂര്യകാന്തികളില്‍ ഞാന്‍ നഷടസ്വപ്നങ്ങളുടെ സൌന്ദര്യം തിരയുന്നു.ആട്ടിടയന്മാരുടെ പാട്ടുകളില്‍ ജീവിതത്തിന്‍റെ നഷ്ടസംഗീതം ശ്രവിയ്ക്കുന്നു മുളംകൂട്ടങ്ങളുടെ കലമ്പലുകളില്‍ ഹൃദയം താരാട്ട് തിരയുന്നു..ചില്ലകള്‍ താഴ്ത്തി ഭൂമിയെ തലോടുന്ന വലിയ മരം കണ്ടോ നീയ്..ഒരു കാലത്ത് വഴിതാരകളില്‍ ഉടനീളം സമൃദ്ധിയുടെ മഞ്ഞപ്പൂക്കള്‍ പൊഴിച്ച് തലയെടുപ്പോടെ നിന്നിരുന്ന ആ മരത്തിനു ഒരുപാട് കഥകള്‍ പറയാനുണ്ടാവും. നഷ്ടപ്രണയങ്ങളുടെ, നോവുറയുന്ന ജീവിതങ്ങളുടെ, വിടവാങ്ങലുകളുടെ, സ്നേഹമോഹങ്ങളുടെ,സ്വപ്നങ്ങളുടെ, വഞ്ചനകളുടെ ഒക്കെ തീക്ഷ്ണ ഗന്ധം നിറഞ്ഞ കഥകള്‍.ഒരു പക്ഷേ എന്റെതുള്‍പ്പെടെ.

ഈ ചോളങ്ങളുടെ ഗ്രാമത്തില്‍ ഞാന്‍ എത്തിപ്പെട്ടിട്ട് വര്ഷ്ങ്ങള്‍ കടന്നു പോയിരിയ്ക്കുന്നു.ഈ കുന്നിന്‍ ചെരുവ് എനിയ്ക്ക് കാട്ടിത്തന്നത് എന്റെ പഴയൊരു സ്നേഹിതനാണ് .സ്നേഹിതന്‍ എന്ന് പറഞ്ഞാല്‍ ..നിന്നെ പോലെയല്ല .ചരിത്രമുറങ്ങുന്ന ഈ ഈ മണ്ണിനെ കുറിച്ച് ഇവിടുത്തെ ജനതയെയും അവരുടെ സ്വപ്നങ്ങളെയും കുറിച്ച് ലേഖനമെഴുതാന്‍ കേരളത്തില്‍ നിന്നുമെത്തിയ ഒരു പത്ര പ്രവര്‍ത്തകന്‍ .അഹമ്മദ് ഇക്ബാല്‍ .മലയാളി സാംസ്കാരികസംഘടനയുടെ ഒരു ചടങ്ങില്‍ വെച്ചാണ് അയാളെ ഞാന്‍ കണ്ടു മുട്ടുന്നത്.ഒരു ചരിത്ര വിദ്യാര്ഥി ആയിരുന്നതിനാല്‍ എന്റെ സഹായം അയാള്ക്കാവശ്യം ഉണ്ടാകുമെന്ന് പറഞ്ഞു പ്രസിഡന്റ്റ് ചന്ദ്രകുമാര്‍ മാഷാണ് എന്നെ അയാള്ക്ക് ‌ പരിചയപ്പെടുത്തിയത് ..അയാള്ക്കും നിന്നെ പോലെ പ്രേമമായിരുന്നു എന്നോട് . അയാള്‍ എല്ലാ ദിവസ്സവും കാലത്തെ വീട്ടു വാതിലില്‍ മുട്ടി വിളിയ്ക്കും.എല്ലാ ദിവസ്സങ്ങളിലും ഞാന്‍ അയാള്ക്ക് ‌ ചായ ഉണ്ടാക്കി നല്കു്കയും ആവശ്യം വേണ്ടുന്ന വിവരങ്ങള്‍ സംഘടിപ്പിച്ചു കൊടുക്കുകയും ചെയ്യുമായിരുന്നു .എപ്പോഴും അയാളുടെ മനസ്സില്‍ ബാക്കിയാവുന്ന ഒരു ചോദ്യം കണ്ണുകളില്‍ പ്രതിഫലിയ്ക്കാറുണ്ട് .ചില നേരങ്ങളില്‍ ഒപ്പം നടക്കുമ്പോള്‍ ആസക്തിയോടെ ശരീരത്തിലുരുമ്മാന്‍ ശ്രമിയ്ക്കാറുണ്ട്‌. പക്ഷേ കണ്ണില്‍ തറയ്ക്കുന്ന എന്റെ ജ്വലിയ്ക്കുന്ന നോട്ടത്തിനു മുന്നില്‍ അയാള്‍ ചൂളി ചുരുങ്ങി തന്നിലെയ്ക്കൊതുങ്ങുന്നത് ഞാന്‍ കാണാറുണ്ടായിരുന്നു.പറയാനുള്ളത് തൊണ്ടയില്‍ തടഞ്ഞു വെച്ച് അയാള്‍ ഉമിനീരിറക്കും.അതു കാണുമ്പോള്‍ എനിയ്ക്ക് ചിരി വരും .അയാളാണ് ഒരിയ്ക്കല്‍ പറഞ്ഞത് ഈ സ്ഥലത്തെ ക്കുറിച്ച്.ഇവിടെ പഞ്ഞിത്തുണ്ടുകള്‍ പോലെ മേഘങ്ങള്‍ പാറി നടക്കാറുണ്ടെന്നും ആട്ടിടയന്മാരുടെ പാട്ടില്‍ മയങ്ങിയ പ്രകൃതിയുടെ നര്ത്തനവും മുളങ്കാടുകളുടെ സംഗീതവും തൊട്ടറിയാമെന്നും.സത്യമായിരുന്നു .ഇവിടെ വരുമ്പോള്‍ ഹൃദയം ഒരു ലാഘവത്വം കൈക്കൊള്ളാറുണ്ട് പലപ്പോഴും.ലേഘനമെഴുതി തിരികെ പോകുമ്പോള്‍ അഹമ്മദ് നല്ലയൊരു സുഹൃത്തായി കഴിഞ്ഞിരുന്നു .ജീവിതം കൊണ്ട് മുറിവേറ്റ മനസ്സില്‍ ആശ്വാസത്തിന്റെ്സ്പര്‍ശനമാവാന്‍ കഴിഞ്ഞ നല്ല സുഹൃത്ത്.അയാളെ അങ്ങിനെയാക്കാന്‍ കഴിഞ്ഞു എന്നത് എന്റെ കഴിവല്ല എന്ന് കൂടി പറഞ്ഞു കൊള്ളട്ടെ.. .

മെറിന്‍ ഇതൊന്നും എനിയ്ക്കുള്ള മറുപടിയല്ല .എനിയ്ക്ക് തിരികെ പോകാന്‍ ദിവസ്സങ്ങള്‍ അടുക്കുന്നു.കഴിഞ്ഞാല്‍ ഈ യാത്രയില്‍ തന്നെ നിന്നെയും ഒപ്പം കൂട്ടണം .മറുപടിയാണ് എനിയ്ക്ക് വേണ്ടത് .ഇഷ്ടമാണ് എന്ന് ഞാന്‍ പറഞ്ഞു.അത് വെറും ഒരിഷ്ടമല്ല.ജീവിതകാലം മുഴുവന്‍ കൂടെ കൂട്ടാനുള്ള ഇഷ്ടം.നിന്റെ ഒരേ ഒരു വാക്ക് .അതിനായി എത്രാമത്തെ തവണയാണ് നമ്മളിവിടെ വരുന്നത്.മെറിന്‍ മുഖം ഉയര്ത്തി അലനെ നോക്കി .ആ മിഴികള്‍ നിറഞ്ഞിരുന്നു.അലന്‍ നിനക്ക് എന്നെ കുറിച്ച് എന്തറിയാം.കൂടുതല്‍ അറിയാന്‍ ആഗ്രഹിയ്ക്കുന്നില്ല.ഗൌരവത്തില്‍ തന്നെ മറുപടി നല്കി. പാടില്ല അറിയണം എല്ലാമറിയണം നീ.നീ രാവിലെ ഫ്ലാറ്റില്‍ വരൂ മറുപടി ഞാന്‍ അവിടെ തരാം.നമുക്ക് ഇപ്പോള്‍ തിരികെ പോകാം .മെറിന്‍ തിരികെ നടക്കാന്‍ തുടങ്ങി അവളുടെ വാക്കുകളിലെ ആജ്ഞാശക്തിയെ തോല്പ്പിയ്കാനാവാതെ അലന്‍ ഒപ്പം നടന്നു.കാറിനുള്ളില്‍ കടന്നിരിയ്ക്കുമ്പോള്‍ ചോളപ്പാടങ്ങളെ തഴുകിയെത്തുന്ന കാറ്റിനു തണുപ്പ് പോരെന്നു അലന് തോന്നി .അവന്റെ മനസ്സില്‍ ചിന്തകളുടെ കനലുകള്‍ നീറിപ്പുകയാന്‍ തുടങ്ങിയിരുന്നു.ഇവിടെ ഈ പഞ്ചാബികളുടെ നാട്ടില്‍ വന്നിട്ട് പത്തു മാസം.ട്രെയിനില്‍ നിന്നിറങ്ങി ഫ്ലാറ്റ് ഫോമില്‍ കാല്‍ വെയ്ക്കുമ്പോള്‍ ആദ്യം കണ്ടത് ഈ മുഖമാണ് .ഗോതമ്പ് മണികളുടെ നിറമാര്ന്ന് മുഖവും ചെറിയ ചുണ്ടുകളില്‍ ഒളിപ്പിച്ചു വെച്ച പുഞ്ചിരിയും ഇനിയും കുസൃതി മായാത്ത മിഴികളും. അലന്‍ ജേക്കബ് എന്നെഴുതി ഒരു ചെറിയ പനിനീര്പൂവ് പതിച്ചു വെച്ച പ്ലക്കാര്ഡുമായി .ശബ്ദത്തില്‍ നേര്‍ത്ത കിതപ്പും ആശ്ചര്യവും കലര്‍ത്തി സുന്ദരമായ ശബ്ദത്തില്‍ അവള്‍ പതിയെ ചോദിച്ചു. അലന്‍ സര്‍ അല്ലെ ..മലയാളി നോവലിസ്റ്റ് അലന്‍ ജേക്കബ് .അതെ.. ഞാന്‍ മെറിന്‍.ഞാനാണ് അങ്ങയുടെ ഇന്നത്തെ ആതിഥേയ.ചന്ദ്രകുമാര്‍ സര്‍ ഡല്‍ഹിയില്‍ പോയിരിയ്ക്കയാണ് .ഇന്ന് രാത്രിയിലെ എത്തു .ഇന്ന് എന്റെ വീട്ടില്‍ തങ്ങി നാളെ രാവിലെ അവിടെയ്ക്ക് പോകാം ..

ബാഗുകളില്‍ ഒന്ന് കയ്യില്‍ നിന്നും വാങ്ങി തോളത്തിട്ടു വര്‍ഷങ്ങളായി പരിചയമുണ്ടായിരുന്ന ഒരുവളെ പോലെ അവള്‍ മുന്നേ നടന്നു.ചെറിയൊരു വീര്പ്പു മുട്ടലോടെ ഞാനും .യാത്രയിലുട നീളം അവള്‍ സംസാരിച്ചു കൊണ്ടേയിരുന്നു .മനസ്സ് വിലക്കിയിട്ടും നോട്ടം ഇടയ്ക്കിടെ അവളുടെ മുഖത്തു തങ്ങി നിന്നിരുന്നു .വാചാലമായ സംഭാഷണങ്ങളില്‍ അവളെന്റെ ആരൊക്കെയോ ആയിരുന്നത് പോലെ തോന്നിപ്പിച്ചു .ഞാനറിയാതെ അവള്ക്കുള്ള മറുപടികള്‍ ഹൃദയത്തിന്റെ‍ ആഴങ്ങളില്‍ നിന്ന് ഉത്ഭവിയ്ക്കുകയായിരുന്നു എന്ന് തോന്നി .ഒരു വേള മനസ്സ് എന്നോടൊന്നു ചോദിയ്ക്ക പോലുമുണ്ടായീ അലന്‍ ഈ പെണ്കുട്ടിയെ നീ മുന്നേ അറിയുമായിരുന്നുവോ എന്ന് ..അവളുടെ ഫ്ലാറ്റില്‍ അവള്‍ തനിച്ചായിരുന്നു.അവളെനിയ്ക്കു
ചോറും പരിപ്പുകറിയും അച്ചാറും വിളമ്പി .കുട്ടി ഇവിടെ തനിച്ചാണോ എന്ന ചോദ്യത്തിന് ഒരു ചെറിയ പുഞ്ചിരി മാത്രം സമ്മാനിച്ചു അവള്‍ എന്റെ യാത്രാ വിശേഷങ്ങളില്‍ ശ്രദ്ധ പതിപ്പിച്ചു.എനിയ്ക്ക് അത്ഭുതം തോന്നി കേവലം ഇരുപത്തിരണ്ടോ ഇരുപത്തിനാലോ വയസ്സ് മതിയ്ക്കുന്ന അതി സുന്ദരിയായൊരു പെണ്കുട്ടി ഒരു പരിചയവും ഇല്ലാത്ത ചെറുപ്പക്കാരനായൊരു പുരുഷനെ സ്വന്തം വീട്ടില്‍ കയറ്റി സല്ക്കരിയ്ക്കുന്നു .രാത്രി കഴിയാന്‍ അനുവദിയ്ക്കുന്നു ..മനസ്സിലെ ചോദ്യം വായിച്ചെടുത്തത് പോലെ അവള്‍ പെട്ടെന്ന് പറഞ്ഞു .ചന്ദ്രകുമാര്‍ സര്‍ എനിയ്ക്ക് അച്ഛനെ പോലെയാണ് .ദോഷമുണ്ടാകും എന്ന് തോന്നുന്നതോന്നും അദ്ദേഹം എന്നെ എല്പ്പിയ്ക്കില്ല .ഞാന്‍ തൃപ്തനായി .ചന്ദ്രേട്ടന്‍ അങ്ങിനെയാണ് .നാട്ടിലും എല്ലാവര്ക്കും സമ്മതനായ മനുഷ്യനാണ്. പരോപകാരി .പഞ്ചാബിന്റെ പശ്ചാത്തലത്തില്‍ ഒരു നോവല്‍ എന്ന ആശയം പറഞ്ഞപ്പോള്‍ ചന്ദ്രേട്ടന്‍ ഹൃദയ പൂര്വ്മാണ് ക്ഷണിച്ചത് .അല്ലെങ്കിലും ചന്ദ്രേട്ടനോടൊത്തുള്ള കുറച്ചു ദിവസ്സങ്ങള്‍ മനസ്സ് ആശിച്ചിരുന്നു .അകാരണമായി ഒരു വിവാഹ മോചനം അടിച്ചേല്പ്പിച്ചു നിത പടിയിറങ്ങുമ്പോള്‍ ഓര്ത്തതാണ് ഒരു മാറ്റം മനസ്സിനു അത്യാവശ്യം.അതിവിടെയാവട്ടെ ചന്ദ്രേട്ടനൊപ്പം

പുഴയിലേയ്ക്ക് തുറക്കുന്ന ജാലകങ്ങളുള്ള ഒരു മുറിയായിരുന്നു മെറിന്‍ എനിയ്ക്ക് രാത്രി കഴിയാന്‍ സമ്മാനിച്ചത്‌ .അവിടെ കൌതുകം നിറഞ്ഞ ഒരു കുട്ടിയെ പോലെ അവള്‍ എന്റെ എഴുത്തുകളെ കുറിച്ചുള്ള നിരവധി സംശയങ്ങള്‍ പങ്കു വെച്ചു രാത്രി പുലരുവോളം.സന്തോഷപൂര്വ്വം മറുപടി നല്കുമ്പോള്‍ അത്ഭുതം തോന്നി ഇവള്‍ ഒരുപാടു വായിചിരിയ്ക്കുന്നു എന്‍റെ പുസ്തകങ്ങളെ.രാവിലെ ചന്ദ്രേട്ടന്‍ വന്നു കൂട്ടികൊണ്ട് പോകുമ്പോള്‍ താഴെ വരെ അവള്‍ അനുഗമിച്ചു.നന്മ നിറഞ്ഞ ഒരു പുഞ്ചിരിയാല്‍ മനസ്സിന്റെ നിഷ്കളങ്കത മുഖത്തു കാട്ടി യാത്രയാക്കിയ അവളെ നോക്കി വീണ്ടും കാണാം എന്ന് പറയുമ്പോള്‍ മനസ്സൊന്നു പിടഞ്ഞ പോലെ.പക്ഷെ അത് താല്ക്കാലികമായിരുന്നു.ചന്ദ്രേട്ടന്റെ വീട്ടിലെ നിത്യ സന്ദര്‍ശകയായിരുന്നു അവള്‍ .നിത്യവും തമ്മില്‍ കാണും സംസാരിയ്ക്കും.ജന്മാന്തരങ്ങളായി തമ്മിലറിയും പോലൊരു ഭാവമാണ് അവള്ക്കു്. പക്ഷെ .അവളെ കുറിച്ച് തിരക്കിയാല്‍ ചന്ദ്രേട്ടനും ഒന്നും പറയില്ല .മലയാളിയാണ് അവള്‍ പാവം കുട്ടി വന്ന നാള്‍ മുതല്‍ അറിയാം അത്രമാത്രം.ഇടയ്ക്ക് അവള്‍ എന്നോട് ചോദിയ്ക്കും ഞാന്‍ ബോര്‍ അടിപ്പിയ്ക്കുന്നോ ? ഇല്ലെന്നാവും മറുപടിയെങ്കില്‍ പറയും വരൂ നമുക്ക് വെറുതെ നടക്കാം.രസ്സമാണ് അവളുടെ നിലയ്ക്കാത്ത ഇമ്പമുള്ള സംഭാഷണ ശൈലിയും അതിലെ നിഷ്കളങ്കതയും. എത്ര കേട്ടാലും മടുക്കില്ല .പോകെ പോകെ ഞങ്ങള്‍ പിരിയാത്ത കൂട്ടുകാരായി.കഥയെഴുത്ത് ഏതാണ്ട് മറന്നത് പോലെയായി ഞാന്‍ .നിത നല്കിയ ശൂന്യതയും നൊമ്പരവും മനസ്സില്‍ നിന്ന് മഞ്ഞു പോലെ ഉരുകി മായുകയായിരുന്നു .നിതയ്ക്ക് വേണ്ടി ഞാന്‍ പ്രര്ധിയ്ക്കാന്‍ തുടങ്ങി .പൂര്വ്കാമുകനോത്തുള്ള അവളുടെ ജീവിതം സന്തോഷപ്രദമാകാന്‍ .അല്ലെങ്കിലും അവള്‍ സന്തോഷിയ്ക്കട്ടെ എന്നോര്ത്തായിരുന്നല്ലോ മനസ്സ് മുറിഞ്ഞു ചോര വാര്ന്നിട്ടും ആരെയും ഒന്നും അറിയിയ്ക്കാതെ ആ വിവാഹ മോചനക്കരാറില്‍ ഞാന്‍ ഒപ്പ് ചാര്ത്തിയത്.അമ്മയുടെ പകച്ച മിഴികള്‍ ഇപ്പോഴും കണ്മുന്നിലുണ്ട്..മോനെ ഇനി നീയെങ്ങിനെ .?? ഇനിയെന്ത്..ഇതൊക്കെയാവാം അമ്മയുടെ മനസ്സില്‍.ഒറ്റ മറുപടിയേ ഉള്ളൂ അമ്മയ്ക്ക് നല്കാ്ന്‍ .അമ്മയ്ക്കറിയില്ലേ സ്നേഹിയ്ക്കുന്നവര്ക്ക് എന്നും എല്ലാം വിട്ടു കൊടുത്തിട്ടേ ഉള്ളൂ അലന്‍ എന്ന്.

പതിയെ മെറിന്‍ ഉപേക്ഷിയ്ക്കനാവാത്ത ഒരു സ്വപ്നമാവുകയായിരുന്നു മനസ്സില്‍.ചന്ദ്രേട്ടനോട് തന്നെയാണ് ആദ്യം പറഞ്ഞത്.ചന്ദ്രേട്ടന്‍ നിരുല്സാഹപ്പെടുത്തി ഒപ്പം അതുവരെ പറയാത്തൊരു സത്യവും വെളിപ്പെടുത്തി .മെറിന്‍ വിവാഹിതയാണ് എന്ന സത്യം .കോളേജു വിദ്യാഭ്യാസ്സതിനായി ഇവിടെ എത്തിയ മെറിന്‍ പാലക്കാട് സ്വദേശിയായ അധ്യാപകനുമായി പ്രണയത്തിലാവുകയും വിവാഹിതയായി ഇവിടെ താമസ്സമാക്കുകയും ആയിരുന്നു നാടിളക്കിയ പ്രണയം.ബ്രാഹ്മിണ യുവാവും നസ്രാണി പെണ്കു ട്ടിയും.എതിര്പ്പുകളുടെ ഘോഷയാത്രകള്‍.എല്ലാ പ്രതി ബന്ധങ്ങളും തകര്ത്ത് ഒന്നായവര്‍.പക്ഷെ ചന്ദ്രേട്ടന്‍ അവളുടെ ഭര്ത്താവിനെ കണ്ടിട്ടില്ല പോലും.ഇത് വരെ അവള്‍ പറഞ്ഞ കഥകള്ക്കപ്പുറം ചന്ദ്രേട്ടന് കൂടുതല്‍ അറിയുകയും ഇല്ല.അതെന്നില്‍ അവിശ്വാസം ജനിപ്പിച്ചതിനാലാണ് മെറിനോട് നേരിട്ട് ചോദിച്ചത്.ഒരു പൊട്ടിച്ചിരിയായിരുന്നു മറുപടി .പരിഹാസ്സത്തിന്റെ ചില്ലുകഷണങ്ങള്‍ പോലെ അത് മനസ്സില്‍ തറഞ്ഞപ്പോള്‍ അവളോട്‌ അടുപ്പം കുറയ്ക്കാന്‍ തീരുമാനിച്ചു .അവഗണന അവളെ നോവിച്ചതാവാം .മാപ്പ് പറയുമ്പോള്‍ അവള്‍ പറഞ്ഞു ഞാന്‍ തനിച്ചാണ് തനിച്ചാവാനാണ് എനിയ്കിഷ്ടം,എന്നും എപ്പോഴും.ഉണ്ടായിരുന്നു സ്നേഹിച്ചു മോഹിച്ചു വീട്ടുകാരെ എതിര്ത്തു സ്വന്തമാക്കിയ ഒരാള്‍ പക്ഷേ..??? കൂടുതല്‍ ഒന്നും ചോദിയ്ക്കരുത് എന്ന് പറഞ്ഞു അവള്‍ പൊട്ടിക്കരഞ്ഞു.ആ കരച്ചില്‍ ചിറകറ്റു പോയൊരു പക്ഷികുഞ്ഞിന്റെ ചിറകടി പോലെ മനസ്സില്‍ മുറിവേല്പ്പിച്ചു.ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം വീണ്ടും പൂര്‍വാധികം ശക്തമായി .അവളെ കുറിച്ച് പിന്നീട് ഞാന്‍ ഒന്നും ചോദിച്ചില്ല ആരോടും. അവള്ക്കിപ്പോള്‍ ഭര്ത്താവില്ല എന്ന ഒരു വിശ്വാസം ഞാന്‍ സ്വയം ഉണ്ടാക്കിയെടുത്തു .ഒരു പക്ഷെ മനസ്സില്‍ പ്രണയം വറ്റിയപ്പോള്‍ അയാള്‍ ഉപേക്ഷിച്ചു പോയതാവാം അവളെ..അവളോട്‌ പോലും ചോദിയ്ക്കാതെ അവള്‍ എന്റെതെന്നു ഞാന്‍ മനസ്സില്‍ അവകാശപത്രം എഴുതിയുറപ്പിച്ചു.

മിക്കപ്പോഴും മലഞ്ചെരിവുകള്‍ ഞങ്ങള്ക്ക്സ്വന്തമായി .അപരിചിതത്വമില്ലാതെ ബന്ധങ്ങള്ക്ക് നിര്വ്ച്ചനമില്ലാതെ ഞങ്ങള്‍ സ്നേഹിച്ചു പിണങ്ങി പിന്നെ ഇണങ്ങി മലഞ്ചെരിവുകളില്‍ കുട്ടികളെ പോലെ ഓടി നടന്നു.ഒരു വസന്തകാലം ആഗതമാവുന്നു മനസ്സിലും ഋതുവിലും.എങ്ങും പുഷ്പങ്ങളാണ് വിടര്ന്നു വികസിച്ചു സുഗന്ധം പരത്തുന്ന പുഷ്പങ്ങള്‍ .മിഴികളില്‍ ഉറഞ്ഞു കിടന്നിരുന്ന തീവ്ര വേദനയുടെ ഒരു കണ്ണീര്ത്തുള്ളി വറ്റി മാഞ്ഞിരിയ്ക്കുന്നു.തിരിച്ചു പോകാന്‍ സമയമടുക്കുമ്പോള്‍ അവളുടെ മിഴികളില്‍ വേദനയുടെ മഴമേഘം പെയ്യാന്‍ കൊതിച്ചു വിതുമ്പുന്നത് ഞാന്‍ തിരിച്ചറിഞ്ഞു .ഇതാണ് സമയം മനസ്സ് തുറന്നു സംസാരിയ്ക്കാന്‍ .ഞാന്‍ പറയുകയായിരുന്നു അവളോട്‌ അമ്മ അച്ഛന്‍ അനിയത്തി .നോവുകളുടെ കുട്ടിക്കാലം .അച്ഛന്റെ മരണം .ജീവിതത്തിന്റെ ഏടുകള്‍ ഒന്നൊന്നായി തുറന്നു വെച്ചു.ഒടുവില്‍ നിതയുമോത്തുള്ള വിവാഹം .ആദ്യരാത്രി മുതലുള്ള അവഗണനയും മറ്റൊരാളോട് ഉണ്ടായിരുന്ന സ്നേഹത്തിന്റെ് ഏറ്റു പറച്ചിലും .അമ്മയും അനിയത്തിയും ചേര്ന്ന് എട്ടന് കണ്ടു പിടിച്ച പെണ്ണ് .സംസ്കാരം എല്ലാം സഹിയ്ക്കാനാണ് പ്രേരിപ്പിച്ചത് സ്നേഹിയ്ക്കാനും .ഒടുവില്‍ മനസ്സറിയാത്തകുറ്റങ്ങള്‍ നിരത്തി അവള്‍ കടന്നു പോകുമ്പോള്‍ സന്തോഷത്തോടെ ജീവിയ്ക്കാന്‍ വിട്ടു കൊടുത്തത് വരെ .നിറഞ്ഞ മിഴികളുമായി മെറിന്‍ കേട്ടിരുന്നു .ഏറ്റവും ഒടുവില്‍ ഞാന്‍ പറഞ്ഞു മെറിന്‍ നീയാണ് എന്റെ മനസ്സിനൊരു ആശ്വാസമായത് .നീയാരെന്നോ എന്തെന്നോ എനിയ്ക്കറിയില്ല ചോദിയ്ക്കാന്‍ ആശിയ്ക്കുന്നുമില്ല .പക്ഷെ ഒന്നറിയാം നീയില്ലാതെ എനിയ്ക്ക് പറ്റുന്നില്ലാ എന്ന് ഇനിയൊരിയ്ക്കലും പറ്റില്ല എന്ന് .വരാമോ ഞാന്‍ പോകുമ്പോള്‍ എന്റെയൊപ്പം.. ഇവിടെ നിനക്ക് ആരുമുള്ളതായി എനിയ്ക്ക് തോന്നിയിട്ടില്ല .ഉണ്ട് അലന്‍ എനിയ്ക്കെല്ലാവരും ഉണ്ട് ഇവിടെ തന്നെയാണ് എല്ലാം .ഒക്കെ പറയാം അടുത്ത തവണ. പറഞ്ഞു നിര്ത്തു മ്പോള്‍ അവളുടെ മുഖം ഒരു കരച്ചിലില്‍ വിങ്ങാന്‍ തുടങ്ങിയിരുന്നു .ഇതിപ്പോള്‍ കുറെ തവണയായി വിളിച്ചു വരുത്തി പറ്റിയ്ക്കുന്നത്.ഒന്നും പറയാതെ .

അലന്‍ ഇറങ്ങുന്നില്ലേ .കാര്‍ നിര്ത്തി അവള്‍ ചോദിയ്ക്കുമ്പോള്‍ അലന്‍ ചിന്തകളില്‍ നിന്നും ഉണര്ന്നു അവളുടെ മുഖത്തേയ്ക്കു നോക്കി .സ്നേഹം തിളങ്ങുന്ന മിഴികള്‍ മിഴികളില്‍ ഉറ്റു നോക്കുന്നു .ഇവള്‍ ഒരു ദുരൂഹതയാവുന്നുവോ തനിയ്ക്ക് .എഴുതി വെച്ചിരിയ്ക്കുന്നുണ്ട് മനസ്സിലെ സ്നേഹം മുഖത്തു .പക്ഷെ പിടി തരുന്നില്ല .സമ്മതിയ്ക്കുന്നില്ല.എന്താണിങ്ങനെ??? ഒരു ഭയം മനസ്സില്‍ വേരോടാന്‍ തുടങ്ങിയിരിയ്ക്കുന്നു .നഷ്ട്ടപ്പെടലിനെ കുറിചോര്ത്തുള്ള ഭയം.അലന്‍ കാറില്‍ നിന്നിറങ്ങി മെറിനും.അവളുടെ മുഖത്തേയ്ക്കു നോക്കി അലന്‍ പറഞ്ഞു .മനസ്സില്‍ തോന്നിയത് തുറന്നു പറഞ്ഞു .അതിനപ്പുറം ഒന്നുമില്ല .പക്ഷെ നാളെയ്ക്കപ്പുറം ഒരു മറുപടിയ്ക്കായി കാത്തു നില്ക്കുന്നില്ല.നാളെ രാത്രിയിലത്തെ വണ്ടിയ്ക്കു ഞാന്‍ മടങ്ങുകയാണ് .അവളുടെ വിരല്തുമ്പില്‍ മൃദുവായി ഒന്ന് തൊട്ടു മറുപടിയ്ക്ക് കാക്കാതെ അവന്‍ നടന്നു മറയുന്നത് അവള്‍ നോക്കി നിന്നു.ആര്ത്തലലയ്ക്കുന്ന ഒരു കരച്ചില്‍ നെഞ്ചില്‍ വിങ്ങുന്നത് തടയാനെന്നോണം നെഞ്ചു അമര്‍തതി കതകു തുറന്നു സോഫയിലേയ്ക്കു വീണു മെറിന്‍ പൊട്ടിക്കരഞ്ഞു നിലയ്ക്കാത്തൊരു പെരുമഴ പോലെ.

ചായക്കപ്പ് കയ്യില്‍ കൊടുത്ത് ചുവര്‍ ചാരി നില്ക്കുന്ന മെറിന്റെ നിശബ്ദത അലനെ ശ്വാസം മുട്ടിച്ചു .മെറിന്‍ നീയെന്താണ് മിണ്ടാത്തത് .മറുപടി തരൂ.നീയെന്നെ സ്നേഹിയ്ക്കുന്നുണ്ട് അത് എനിയ്ക്കറിയാം.മറ്റെന്തോ ആണ് നിന്റെ പ്രശ്നം.അലന്‍ വരൂ മെറിന്ആ ദിവസ്സം ആദ്യമായി സംസാരിച്ചു.ഇരുപ്പു മുറിയ്ക്കപ്പുറം മനോഹരമായ കര്ട്ടന്‍ ഇട്ടു മൂടിയിരുന്ന വാതില്‍ മെറിന്‍ തള്ളിത്തുറന്നു .രാമച്ചത്തിന്റെ സുഗന്ധം നിറഞ്ഞ തണുപ്പുള്ള ആ മുറിയില്‍ തുറന്നിട്ട ജാലകത്തിനടുത്തു വീല്‍ ചെയറില്‍ ഒരാള്‍ പുറം തിരിഞ്ഞിരിപ്പുണ്ടായിരുന്നു.ഹൃദയം ഒരു നിമിഷം നിലച്ചു പോയത് പോലെ അലന്‍ നിശ്ചലം നിന്നു .പിന്നെ പതിയെ മുന്പോട്ടു നടന്നു വീല്ചെയറിനു മുന്നിലെത്തി..രണ്ടു കാലുകളും വലതു കയ്യും മുറിച്ചു മാറ്റപ്പെട്ട ഒരു മനുഷ്യന്‍..കഴുത്തു ഒരു വശത്തേയ്ക്ക് ചായ്ച്ചു വിദൂരത്തു മിഴികള്‍ നീട്ടി കിടക്കുന്നു.കണ്മുന്നിലെ നിഴലനക്കമാവാം മിഴികള്‍ തെല്ലുയര്ത്തി ആരെന്നു തിരയിയ്ക്കുന്നത് .അലന്‍ മെറിന്റെ മുഖത്തേയ്ക്കു ചോദ്യ ഭാവം നട്ടു.ഇതാണ് വീട്ടുകാരോട് പട വെട്ടി ഞാന്‍ നേടിയ എന്റെ സ്വത്ത്. എന്റെു മാഷ്‌. സ്നേഹിച്ചു ഒന്നായവര്‍.ജീവിതം എല്ലാ അര്ത്ഥത്തിലും സ്വന്തമായെന്നു അഹങ്കരിച്ചവര്‍.ജീവിച്ചു തുടങ്ങും മുന്നേ വിധി തട്ടിയെടുത്തത് എല്ലാക്കാലത്തെയ്ക്കുമുള്ള സ്വപ്നങ്ങളായിരുന്നു.ഒരു കാര്‍ അപകടം.തിരികെ കിട്ടിയത് ഇങ്ങനെയാണ്സംസാരിയ്ക്കാറില്ല പറയുന്നത് കേള്ക്കുന്നുണ്ടോ എന്നറിയില്ല .ഉപേക്ഷിച്ചു പോകാന്‍ കഴിഞ്ഞില്ല.ആദ്യ കാലങ്ങളില്‍ സുഹൃത്തുക്കള്‍ നിത്യ സന്ദര്ശ്കരായിരുന്നു .ഇപ്പോള്‍ ചന്ദ്രേട്ടനൊഴികെ സന്ദര്ശകര്‍ ഇല്ല.കാരണം മറ്റൊന്നുമല്ല.സഹായങ്ങള്ക്ക് എപ്പോഴും കടപ്പാടുകള്‍ സൂക്ഷിയ്ക്കേണ്ടി വരും.ഈ ശരീരത്തില്‍ എനിയ്ക്കായി മാത്രം തുടിയ്ക്കുന്നൊരു മനസ്സുണ്ട്.അതുള്ളിടത്തോളം എനിയ്ക്ക് ഇവിടെ ഉണ്ടായേ പറ്റൂ.ഇഷ്ടാണ് സ്നേഹാണ് .പക്ഷെ... വാക്കുകള്‍ നഷ്ടപ്പെട്ടു നിറഞ്ഞു തുളുമ്പുന്ന മിഴികള്ക്ക് മുന്നില്‍ കൈകള്‍ കൂപ്പി തിരിഞ്ഞു നടക്കുമ്പോള്‍.മനസ്സ് എന്തിനോ ആശ്വാസം കൊണ്ടു.ചന്ദ്രേട്ടന്റെ നെഞ്ചില്‍ വീണു പൊട്ടിക്കരയുമ്പോള്‍ ചേര്‍ത്തു പിടിച്ചു ആശ്വസിപ്പിച്ചു ചന്ദ്രേട്ടന്‍ .അവള്‍ പാവം കുട്ടിയാണ്.നീ ഒക്കെ മറന്നേക്കൂ.

റെയില്‍വേ സ്റ്റേഷനില്‍ രാത്രി വണ്ടിയ്ക്കു യാത്ര അയയ്ക്കാന്‍ ചന്ദ്രേട്ടനൊപ്പം മെറിനും വന്നിരുന്നു .പതിവ് പുഞ്ചിരി ചുണ്ടിലോളിപ്പിച്ചു കുസൃതിയില്‍ അവള്‍ ചോദിച്ചു.അഹമ്മദ് ഇക്ബാല്‍ നല്ല സുഹൃത്തായതെങ്ങിനെയെന്നതിനു ഉത്തരം കിട്ടിയില്ലേ ??? മനസ്സ് വീണ്ടും പിടയുന്നു ഒരു നീറ്റലില്‍.ട്രെയിന്‍ ഒരു ഇരമ്പലോടെ കിതച്ചു കിതച്ചു ട്രാക്കിലെത്തുന്നു .യാത്ര പറയാന്‍ കഴിയുന്നില്ല.ചന്ദ്രേട്ടന്‍ ചോദിയ്ക്കുന്നു ട്രെയിന്‍ ഇപ്പോള്‍ പോകും അലന്‍ നീ കയറുന്നില്ലേ .മെറിന്റെ മുന്നിലെത്തി രണ്ടു പേരോടുമായി അലന്‍ പതിയെ പറഞ്ഞു എനിയ്ക്ക് അഹമ്മദിനെക്കാള്‍ നല്ല സുഹൃത്ത് ആവണം .ഞാന്‍ പോകുന്നില്ല എന്നും ഇവിടെ ഉണ്ടാവണം ഇവള്ക്കൊരു കൂട്ടായി താങ്ങായി.നല്ല സുഹൃത്തായി .എങ്കിലല്ലേ എന്റെ സ്നേഹം പൂര്ണ്ണമാവൂ .ഒരവിശ്വസനീയതയില്‍ മെറിന്റെ മുഖം വിങ്ങിപ്പിടയുന്നത് കണ്ടു നില്ക്കെ ചന്ദ്രേട്ടന്‍ മിഴികള്‍ തുടച്ചു.കടലിരമ്പം പോലൊരു കരച്ചിലില്‍ തോളത്തു മുഖം ചായ്ച്ചു മെറിന്‍ കൈകളില്‍ ഇറുകെ പിടിച്ചു.ഒരാശ്രയം തേടുകയായിരുന്നു അവളെന്ന് മനസ്സിലാക്കിയിരുന്നല്ലോ ഞാന്‍ എപ്പോഴൊക്കെയോ.

ശിശിരവും വര്‍ഷവും വസന്തവും മാറി മാറി കടന്നു വരുമ്പോഴും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു.. പച്ച പുതച്ച മലഞ്ചെരിവുകളില്‍ മങ്ങി തുടങ്ങുന്ന സൂര്യനൊപ്പം മഞ്ഞു പൊഴിയുന്ന സായാഹ്നങ്ങളില്‍ ആട്ടിടയന്മാരുടെ പാട്ടിനായി കാതോര്ക്കവേ ഞാന്‍ തിരിച്ചറിയുകയാണ് എന്റെ നിയോഗങ്ങളെ...ഇനിയെനിയ്ക്ക് എഴുതി തുടങ്ങണം പുതിയൊരു കഥ.മലഞ്ചെരുവില്‍ മഞ്ഞപ്പൂക്കളുടെ സമൃദ്ധിയില്‍ വിലസിയിരുന്ന ആ വന്മരത്തിന്റെ ഹൃദയത്തുടിപ്പുകള്‍ കടം വാങ്ങി വീണ്ടും എഴുതണം നിതയെക്കുറിച്ച് എന്നെ കുറിച്ച് അവള്‍ ചവിട്ടിയരച്ചു കടന്നു പോയ എന്റെ സ്വപ്നങ്ങളെ കുറിച്ച്.മെറിനെ കുറിച്ച് അവളുടെ മാഷിനെ കുറിച്ച് ഞങ്ങളെ കുറിച്ച്..അവസാനം ഇല്ലാത്തൊരു കഥ.ആ കഥയുടെ അവസാനം ഞാന്‍ നിങ്ങള്ക്കായി വിട്ടു തരുന്നു കാരണം ഒരു നോവെങ്കിലും ഒഴിവാക്കാതെ ഒരു ഹൃദയമെങ്കിലും കീറിമുറിയ്ക്കാതെ എനിയ്ക്കത് പൂര്ണ്ണ്മാക്കാന്‍ കഴിയില്ല എന്നത് തന്നെ.അത് ഞാന്‍ ആഗ്രഹിയ്ക്കുന്നില്ല കാരണം ഇത് കഥയല്ല എന്റെ ജീവിതമാണ് സ്നേഹപൂര്വ്വം അലന്‍

ശംഭു (കഥ)

നേര്‍ത്തു നേര്‍ത്തു ഇല്ലാതാവുന്ന മഴയുടെ ആരവങ്ങള്‍ക്കൊപ്പം രാത്രി വണ്ടിയുടെ ചൂളം വിളി കേള്‍ക്കാം ...തറയില്‍ തളം കെട്ടിക്കിടക്കുന്ന തണുപ്പ് കാലുകളില്‍ മരവിപ്പ് സമ്മാനിച്ചപ്പോള്‍ മാത്രമാണ് താനേറെ നേരായി ഈ നില്‍പ്പ് തുടങ്ങീട്ടു എന്ന് ശംഭു ഓര്‍ത്തത് ..അകമുറിയില്‍ അമ്മയുടെ നേര്‍ത്ത ഞരക്കം.വന്നിട്ടിത് വരെ അമ്മ കണ്ണ് തുറന്നില്ലല്ലോ എന്ന് ശംഭു വേദനയോടെ ഓര്‍ത്തു... പഴമയുടെ മുഷിപ്പ് മണക്കുന്ന മുറിയില്‍ അമ്മയുടെ ശോഷിച്ച കൈകളില്‍ പതിയെ കൈകള്‍ അമര്‍ത്തി ശംഭു അമ്മയെ തന്നെ നോക്കി നിന്നു..കണ്ണുകള്‍ക്കിരുപുറവും കണ്ണീര്‍ച്ചാലുകള്‍ ഒഴുകിയിറങ്ങിയതിന്റെ പാടുകള്‍.. ശുഷ്കിച്ച കവിള്‍ത്തടങ്ങളും വരണ്ട ചുണ്ടുകളും നേര്‍ത്തു വിറയ്ക്കുന്നു ."ശംഭുവേ മോനേ ..അമ്മയെ വേദനിപ്പിയ്ക്കരുത് .അവള്‍ക്കു നീയെ ഉള്ളൂ " അച്ഛന്‍..ഒരു പിടച്ചിലായി ഹൃദയത്തില്‍ ..മൊബൈല്‍ വൈബ്രേറ്റു ചെയ്യുന്നു ..അഞ്ജലിയാണ് ..ഓണ്‍ ചെയ്തു കാതോടു ചേര്‍ത്തു."നിങ്ങള്‍ പോയിട്ട് രണ്ടു ദിവസ്സായി ഒറ്റ ദിവസ്സത്തെ യാത്ര എന്ന് പറഞ്ഞു പോയതാണ് .മറ്റന്നാള്‍ പ്രമോഷന്‍ കിട്ടിയ വകയില്‍ പാര്‍ട്ടി ആണെന്ന് ഞാന്‍ പറഞ്ഞതല്ലേ നിങ്ങളോട്.. നാളെ കാലത്തന്നെ തിരികെ പോരണം. അപ്പൂനു നല്ല പനിയുണ്ട്‌. കുറെക്കാലായി അമ്മ അച്ഛന്‍ അമ്മ അച്ഛന്‍ന്നു പറഞ്ഞു നടക്കണു .വേറെയാര്‍ക്കും അമ്മയും അച്ഛനും ഇല്ലല്ലോ " മറുപടി പറഞ്ഞില്ല ഫോണ്‍ ഡിസ്കണക്റ്റ് ആയി.കുറെ നേരം കൂടി അമ്മയെ നോക്കി വെറുതെ ഇരുന്നു..ശൈശവം ഒരു ചലച്ചിത്രത്തിലെന്ന പോലെ മിഴികളില്‍ നിറയുന്നു ..കുറ്റബോധത്തിന്റെ പിടച്ചിലില്‍ മിഴികളില്‍ നീര്‍ തുള്ളികള്‍ നിറഞ്ഞു കുഞ്ഞരുവികളായി നിലത്തേയ്ക്ക്

മഴയിപ്പോള്‍ മുറ്റത്തെമ്പാടും വെള്ളക്കുഴികള്‍ സമ്മാനിച്ചിരിയ്ക്കുന്നു.കാടുപിടിച്ച പറമ്പിന്‍റെ തെക്കേ അതിരില്‍ അച്ഛനുറങ്ങുന്നുണ്ട്.."മോനേ അമ്മയ്ക്ക് അപ്പൂനെ കാണാന്‍ ഒരുപാട് കൊതീണ്ട് ..ഒന്ന് വന്നൂടെ നിനക്ക് അവരെ കൂട്ടി" ..അച്ഛന്‍അപേക്ഷിയ്ക്കും പോലെ .."അപ്പൂനെ കൊണ്ടോകാന്‍ പറ്റില്ല ഞാന്‍ സമ്മതിയ്ക്കില്ല അസുഖം ബാധിച്ചു കിടക്കുന്നവരെ കാണാന്‍ എന്തിനാ കൊച്ചു കുട്ടികളെ കെട്ടി എഴുന്നള്ളിയ്ക്കുന്നത് .മാത്രല്ല അവന്റെ ക്ലാസ്സ്‌ മുടങ്ങും"അഞ്ജലീ ഒറ്റ ദിവസ്സം. പോയിട്ട് നമുക്ക് അന്ന് തന്നെ തിരികെ പോരാം" അമ്മയ്ക്ക് തീരെ വയ്യാണ്ടാവും.ഞാന്‍ മാത്രല്ലേയുള്ളൂ അവര്‍ക്ക് "പറ്റില്ല എന്നെ കൊന്നാലും ഞാന്‍ അപ്പൂനെ അയയ്ക്കില്ല അവിടേയ്ക്കു"അഞ്ജലി ചീറുന്നു.. "എവിടെയ്ക്കാ" ?...ബാഗ്‌ ഒതുക്കി ഇറങ്ങുമ്പോള്‍ ചോദ്യം .മിണ്ടിയില്ല ..പോകുന്നതൊക്കെ കൊള്ളാം..നാളെ തന്നെ തിരിയ്ക്കണം .പ്രമോഷന്‍ പാര്‍ട്ടിയുടെ കാര്യം മറന്നിട്ടില്ലല്ലോ...

ശംഭൂ ,,"ഇതാ മോനേ ചായ" ഗീതേച്ചിയാണ് കാലത്തെ ഉണര്‍ത്തിയത്.അച്ഛന്റെ വകയിലൊരു അനുജത്തിയാണ്.അവരാണ് അമ്മയ്ക്കൊപ്പം .ഭര്‍ത്താവ് മരിച്ചു .ഒരു മകള്‍ ഉണ്ടായിരുന്നതിനെ വിവാഹം ചെയ്തയച്ചത് അച്ഛന്‍റെ സഹായത്താലാണ്..ചായ വാങ്ങുമ്പോള്‍ ഗീതേച്ചി ചോദിച്ചു. .."മോളമ്മയുടെ മരണം അറിഞ്ഞിട്ടു മോനെന്താ വരാതിരുന്നെ??" 'കഴിഞ്ഞില്ല ഗീതേച്ചീ "കൊന്നതാന്നാ എല്ലാരും പറയണേ.. സീതമ്മേനോട് അയാള്‍ക്ക്‌ പ്രേമായിരുന്നു പോലും..ഗ്യാസ് മനപ്പൂര്‍വം തുറന്നു വെച്ച് കൊല്ല്വായിരുന്നു പാവത്തിനെ". ഉം".സത്യായിരുന്നു മോളമ്മ മരിച്ചു രണ്ടു മാസം കഴിഞ്ഞപ്പോഴേയ്ക്കും സീതമ്മ ഗര്‍ഭിണിയായി .പിന്നെ അയാള്‍ക്ക്‌ തന്നെ വിവാഹം ചെയ്തു കൊടുത്തു"ഗീതേച്ചി തുടര്‍ന്നു..ശാപാണ് ആ കുട്ടിയുടെ" കൊല്ലം ഒന്ന് തികയും മുന്നേ രാധാമണി തൂങ്ങി മരിച്ചില്ലേ ?ഓര്‍മ്മകളുടെ നീര്‍ക്കുമിള പൊട്ടിച്ചു ഒരു നന്ത്യാര്‍വട്ടപ്പൂവ് വിരിഞ്ഞു കൊഴിയുന്നു .."ശംഭ്വേട്ടാ" "ഉം " ന്നെയും കൂട്ടില്ലേ " "ന്തിനു" :മ്ഹും ചുമ്മാ " "പറയെടീ ന്തിനാ" "ഒന്നുംല്ല വെറുതെ .ഞാന്‍ പോണു"കണ്ണുകളില്‍ നീര്‍ നിറഞ്ഞു കാഴ്ചകള്‍ അപ്രത്യക്ഷമാകുന്നു . നേട്ടങ്ങള്‍ക്ക്‌ പിന്‍പേ പായുന്ന അത്യാര്‍ത്തിയുടെ മനസ്സേ നീ നഷ്ട്ടപ്പെടുത്തുന്നത് എന്തൊക്കെയാണ്

പറമ്പിലെ കാഴ്ചകള്‍ നോക്കി നിന്ന് കുരുമുളകും ഉപ്പും തിരുമ്മി പല്ല് തേയ്ക്കുമ്പോള്‍ ഗീതേച്ചി ഓടി വന്നു.ശംഭൂ അമ്മ കണ്ണ് തുറന്നു ..ഒറ്റ ഓട്ടമായിരുന്നു .അമ്മയുടെ അടുത്തേയ്ക്ക് .അമ്മയുടെ മിഴികള്‍ കാഴ്ചകളുമായി പൊരുത്തപ്പെടാനാവാതെ അങ്ങുമിങ്ങും പരതുന്നു..അമ്മേ..അമ്മയുടെ കരതലം കയ്യിലെടുത്തു തെരുപ്പിടിച്ചു പതിയെ വിളിച്ചു.പരതി പരതി വട്ടം ചുറ്റിയ മിഴികള്‍ ശംഭുവിന്റെ മുഖത്തു തറച്ചു നിന്നു..മിഴികളില്‍ നിന്ന് കണ്ണീര്‍ച്ചാലുകള്‍ ഒഴുകിയിറങ്ങി .വിറയാര്‍ന്ന ചുണ്ടുകള്‍ കൊണ്ട് എന്തോ പറയാന്‍ അമ്മ ബദ്ധപ്പെട്ടു . കൈത്തണ്ടകള്‍ മെല്ലെ ഉയര്‍ത്തി അവര്‍ അവന്‍റെ മുഖത്തു തൊടാന്‍ ശ്രമിച്ചു .ശംഭു ആ കൈകള്‍ മെല്ലെ ഉയര്‍ത്തി മുഖത്തേയ്ക്കു ചേര്‍ത്തു വെച്ചു.."അമ്മേ മാപ്പ്" അവന്റെ ഹൃദയം ഇടതടവില്ലാതെ മന്ത്രിച്ചു കൊണ്ടേയിരുന്നു .അമ്മയുടെ കണ്ണുകള്‍ വീണ്ടും അടഞ്ഞു പോകുന്നത് ഒരു ഉള്‍ഭയത്തോടെ ശംഭു നോക്കി നിന്നു

"മോനെന്നാ തിരികെ പോകണ്ടേ ..ഉച്ചഭക്ഷണത്തിനിടയില്‍ ഗീതേച്ചി ചോദിച്ചു ."പോണം"പക്ഷേ ഇവിടെ അമ്മയും ഗീതേച്ചിയും മാത്രല്ലേ ഉള്ളൂ". ഗീതേച്ചി ഒരു നിമിഷം നിശബ്ദയായി .പിന്നെ തുടര്‍ന്നു. "മോനേ കാര്യങ്ങള്‍ കുറച്ചൊക്കെ ഗീതെച്ചിയ്ക്ക് അറിയാം. എങ്കിലും അമ്മയുടെ തൊണ്ടയില്‍ ഒരിറ്റു വെള്ളം ഇറ്റിയ്ക്കാനെങ്കിലും അപ്പൂനെ ഒന്ന് കൊണ്ടരായിരുന്നു".പിന്നെ ഒന്നും സംസാരിയ്ക്കാന്‍ തോന്നിയില്ല .കഴിയ്ക്കാനും ..ഇടയ്ക്കമ്മ വീണ്ടും ഉണര്‍ന്നു ..ശംഭു അടുത്തിരുന്നു.അമ്മയുടെ ചുണ്ടുകള്‍ പതിയെ മന്ത്രിയ്ക്കും പോലെ എന്തോ ഉരുവിടുന്നുണ്ട് ..കാതുകള്‍ ചുണ്ടോടു ചേര്‍ത്തു വെച്ചു ശംഭു..അപ്പു മോന്‍ എന്തിയെ? അവനു പരീക്ഷയാണ് നാളെ വരുന്നുണ്ട് അമ്മയെ കാണാന്‍ "എങ്ങിനെയോ പറഞ്ഞൊപ്പിച്ചു.മോനേ അമ്മയ്ക്ക് പേടിയാ..എങ്ങും പോകരുത് ട്ടോ അമ്മയെ വിട്ട്..."അമ്മെ ശംഭൂനു പേടിയാ ട്ടോ .അമ്മ പോകല്ലേ ശംഭൂനടുത്തൂന്നു ..ന്‍റെ മോനേ വിട്ട് അമ്മ എങ്ങട് പോകാനാ ..അമ്മ അടുത്തു തന്നെ ഇരുന്നോളാം ട്ടോ ..നെറുകയില്‍ തൊട്ടു വെച്ച നനഞ്ഞ തുണി ..വീണ്ടും നനച്ചു നെറ്റിയില്‍ പതിപ്പിച്ചു ഉറക്കത്തെ ആട്ടിയകറ്റി പൊള്ളുന്ന പനിചൂടിനെ നെഞ്ചോട്‌ ചേര്‍ത്തു ശംഭൂന്റെ പാവം അമ്മ ..കണ്ണീര്തുള്ളികള്‍ അമ്മയുടെ മുഖത്തെ മൂടുന്നു ..മൊബൈല്‍ വീണ്ടും ബെല്‍ അടിയ്ക്കുന്നു ..അഞ്ജലിയാണ്. കാള്‍ ഡിസ്കണക്റ്റ് ചെയ്തു മൊബൈല്‍ സ്വിച്ച് ഓഫ്‌ ചെയ്തു മഴവെള്ളത്തിലേയ്ക്ക് എറിഞ്ഞു ..പിന്നെ മൂത്രം മണക്കുന്ന കട്ടിലില്‍ അമ്മയെ ചേര്‍ത്തു പിടിച്ചു അമ്മയുടെ ഒപ്പം ചേര്‍ന്ന് കിടന്നു അമ്മയുടെ ശംഭുവായി അയാള്‍ അമ്മയുടെ കാതുകളില്‍ മന്ത്രിച്ചു ."ഇല്ല എങ്ങടും പോവില്ല ..ന്‍റെ അമ്മയെ വിട്ട് ശംഭു എവിടെയാ പോക്വാ" പുറത്തു പറമ്പില്‍ അച്ഛനെ നനച്ചു മഴ വീണ്ടും പെയ്യാന്‍ തുടങ്ങിയിരുന്നു ,,,


                                           ഷീജാ അനില്‍ 


വീട്



















ഇരുള്‍ കനക്കാന്‍ തുടങ്ങുന്ന ഒരു സന്ധ്യയിലൂടെ വീണ്ടും വീട്ടുമുറ്റത്ത് എത്തുമ്പോള്‍ വീട് നല്ല ഉറക്കത്തിലായിരുന്നു . താക്കോല്‍ ദ്വാരത്തില്‍ നിന്ന് കേട്ട കരകര ശബ്ദത്തില്‍ ഞെട്ടിയുണര്‍ന്നു പതിവ് തേങ്ങലോടെ വീട് എന്നെ സ്വീകരിച്ചു..മാറാലകള്‍ക്ക് മുഖാമുഖം നിന്ന് വീര്‍പ്പു മുട്ടി ഓരോ മുറിയിലും ഞാന്‍ കയറിയിറങ്ങി .ഘടികാരം നിലച്ച ഇരിപ്പുമുറി വര്‍ഷങ്ങള്‍ക്കപ്പുറം നിന്ന് കുശലം ചോദിച്ചു .അമ്മയുടെ കൈവളകള്‍ ചിരിച്ച ,കണ്ണീര്‍മുത്തുകള്‍ പൊഴിഞ്ഞ അടുക്കളയും നിശബ്ദമായ പിന്‍ മുറ്റവും വിതുമ്പലോടെ എനിയ്ക്ക് സ്വാഗതമോതി .


പൊഴിഞ്ഞു വീണ കരിയിലകള്‍ക്ക് മേല്‍ പതിയെ ചവുട്ടി നടക്കുമ്പോള്‍ അച്ഛന്റെ കൈവിരലില്‍ ഒന്ന് കൂടി 
മുറുകെ പിടിയ്ക്കാന്‍ തോന്നി ..ഓര്‍മ്മകളുടെ വളപ്പൊട്ടുകള്‍ അടര്‍ന്നു വീണ വഴികളിലൂടെ നടന്നു ഞാന്‍ എന്നെ തന്നെ തിരയവേ വീട് ചോദിയ്ക്കുന്നു ..തിരഞ്ഞാല്‍ കിട്ടുമോ നിന്നെ ?? ചോദ്യം മനസ്സിലാവാതെ നിന്ന എന്നെ നോക്കി പൊടുന്നനെ വീട് ചിരിയ്ക്കാന്‍ തുടങ്ങി.ഇതാദ്യമായാണ് എന്റെ ഓര്‍മ്മയില്‍ വീട് ചിരിയ്ക്കുന്നത് ....
                                             ഷീജാ അനില്‍ 

മരുഭൂമി

ഒറ്റ നിമിഷത്തിലാണ് മനസ്സിനുളളിൽ ശൂനൃതയുടെ മരുഭൂമികൾ രൂപപ്പെടുന്നതും പാദങ്ങൾ പൊള്ളുന്നചൊരി മണലിൽ പുതഞ്ഞിറങ്ങുന്നതും ഒരു നിലവിളി പോലുമില്ലാതെ പിടഞ്ഞൊടുങ്ങുന്നതും 
ഷീജാ അനില്‍


 

പരിഭവം

നെറുകയിലെ ചുവന്ന വട്ടത്തില്‍

തുടുത്തു കാണുന്നുണ്ട് ജീവിതം

അടുക്കളപ്പുകയില്‍ കണ്ണ് നീറി

വിതുമ്പിക്കരയുന്നുണ്ട് ചിലനേരം 

അമ്മിയോടും ആട്ടുകല്ലിനോടും

പരിഭവം പറയുന്നുണ്ട് ഇടയ്ക്കൊക്കെ

ഉറക്കം ഒരു നൊസ്സാണ് പലപ്പോഴും

അലക്കുകല്ലേ നിന്നോടല്ല പക എന്നോടാണ്

ചിരിയ്ക്കുമ്പോള്‍ മിഴി നിറയുന്നുണ്ട്

തുടയ്ക്കുമ്പോള്‍ കരി പുരളുന്നുണ്ട്

അടുക്കളയിലും വേണം ഒരു തൂവാല

ചില പരിഭവങ്ങളെ കണ്‍കോണില്‍

ഒളിപ്പിച്ചു ചില പരിഭ്രമങ്ങളെ

നനവാര്‍ന്ന ഉള്ളം കയ്യിലൊതുക്കുമ്പോള്‍

ഒന്ന് പരതിപ്പിടിച്ചു അമര്‍ത്തി ത്തുടയ്ക്കാന്‍


                ഷീജാ അനില്‍ 

നിന്നോട് പറയാനുള്ളത്


കള്ളചൂതിനാൽ പണയം പോയ 
സ്വപ്നങ്ങളെല്ലാം ചുവപ്പ് നാടയിൽ 
കുരുക്ക് കെട്ടി കണ്ണുകൾ തുറിച്ചു 
നാവു നീട്ടി കഴുത്തൊടിഞ്ഞങ്ങിനെ

കറുത്ത രാവിന്റെ മറവു നോക്കി
പടിയിറക്കി പടിയടച്ചവ
ചിലതെല്ലാം വെളുപ്പ്‌ നോക്കി
പതുങ്ങി വന്നു കറുപ്പ് വെളുപ്പാകുമെന്നും
വെളുപ്പ്‌ പിന്നെയും കറുപ്പാകുമെന്നും

നൊടിയിടയ്ക്കുള്ളിൽ നിറം മാറി
ചുവപ്പാകുമെന്നും ചുവപ്പിനു
ചോരയുടെ നിറമാണെന്നും കരഞ്ഞു
കരഞ്ഞു പദം പറഞ്ഞങ്ങിനെ

ഇനി ചിലത് ബാക്കിയുണ്ട്
പറയാതിരിയ്ക്കാൻ കരുതിയവ
നീയെനിയ്ക്ക്‌ കടം തന്നവ

നിന്റെ പ്രണയത്തിന്റെ അതീന്ദ്രിയ
ജാലത്താൽ ഋതുക്കൾ
കണ്ണ് പൊത്തിക്കളിയ്ക്കുമെന്നും
രഥചക്രമുരുട്ടി അരികിലെത്തി
നിന്നെയും എന്നെയും തേരിലേറ്റി
മേഘങ്ങളുടെ തൂവൽപുതപ്പിൽ
ഒളിപ്പിയ്ക്കുമെന്നും പറഞ്ഞു തന്നവ

വര്ഷം വസന്തമാവുകയും
വസന്തം പിന്നെ നീയാവുകയും
നീ പിന്നെ ശിശിരമാവുകയും
പ്രണയത്തിന്റെ ഉടുപ്പഴിച്ചു
ഭയം പെരുകുന്ന നഗ്നത കാട്ടി
ഇരുളിന്റെ തുരങ്കത്തിലെയ്ക്
ഇഴഞ്ഞകലുകയും ചെയ്യുമെന്ന്
പറഞ്ഞു തരാതിരുന്നവ

എന്നിട്ടും ഞാൻ തിരയുകയാണ്
സ്വപ്നങ്ങളെ ..ചോരച്ചുവപ്പാര്ന്ന
ചോര മണക്കുന്ന സ്വപ്നങ്ങളെ
പക്ഷെ ഒന്നുണ്ട് ഇനിയുള്ള എന്റെ
എല്ലാ സ്വപ്നങ്ങളിലും നീ നഗ്നനാണ്
ഉടുപ്പഴിച്ചു ഉടുപ്പഴിച്ചു ഉടുപ്പ്ധരിയ്ക്കാൻ
ആവാത്ത വണ്ണം നഗ്നനായിപ്പോയവൻ


                ഷീജാ അനില്‍ 

രഹസ്യം

അകലെയൊരു മണല്‍ക്കാട്ടില്‍ നിന്ന്
നീയൂതിയെറിഞ്ഞ മണല്‍ത്തരികള്‍
മനസ്സു ചുട്ടു നീറ്റുന്ന മണല്‍ക്കൂനയായി
രൂപം പ്രാപിച്ചത് എത്ര പെട്ടെന്നാണ്

മണല്ക്കൂനയ്ക്കുള്ളില്‍ ശ്വാസം മുട്ടി
പിടയുന്നോരാത്മാവുണ്ടെന്നു മനസ്സ് 
പറയുമ്പോള്‍ .വായുവിലേയ്ക്ക്‌
ചുരമാന്തുന്ന വളകളുടഞ്ഞ
കൈകളുമുണ്ടെന്നു അകക്കണ്ണ്

അഴിഞ്ഞു പോയൊരു മടിശീലയില്‍
ഇനിയും വായിയ്ക്കപ്പെടാത്ത
പ്രണയലേഖനം ഉണ്ടായിരുന്നുവെന്നു
നീ പറയുമ്പോള്‍

അമര്‍ന്നു പോയൊരു തേങ്ങലിന്റെ
അലയൊലികള്‍ ജനാല ചില്ലുകളില്‍ തട്ടി
പ്രതിധ്വനിച്ചിരുന്നെന്നു നശിച്ച
കാതുകള്‍ ആവര്‍ത്തിച്ചു സത്യമിടുന്നു

പാദങ്ങള്‍ പിടഞ്ഞടിച്ചു പിടഞ്ഞടിച്ചു
പറഞ്ഞിട്ടും കേള്‍ക്കാതെ നിശ്ചലമായെന്നു
നിന്‍റെ മിഴികളിലെ ഭയം പറയുമ്പോള്‍
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ കൂട്ടി വെച്ച്
അറിഞ്ഞ രഹസ്യങ്ങള്‍ പൂഴ്ത്തി വെച്ച്
നിനക്കും എനിയ്ക്കുമിടയിലെ

ഒറ്റപ്പാളി ജനാല അടച്ചു പൂട്ടി
ഞാന്‍ എന്നിലേയ്ക്ക് കടന്നു ആര്‍ക്കും
പിടി തരാതെ ഒളിച്ചിരിയ്ക്കുന്നു
നിനക്കും എനിയ്ക്കും അതാണ്‌ നല്ലത്

                  ഷീജാ അനില്‍ 

ക്ഷണം

കനിവിന്റെ കതിരിറ്റിച്ചോരു
കൈത്തിരി കൊളുത്തി
ഇറയത്തു മഴയോടും വഴി
നോക്കിയിരിപ്പു ഞാന്‍
ഓര്‍മ്മകള്‍ തന്‍ കിതപ്പേറ്റി
നിലാവെട്ടം പുതച്ചെന്റെ
കളിവഞ്ചി നനഞ്ഞേതോ
മഴയൊപ്പം കളിയ്ക്കുന്നു
അധരത്തില്‍ വിരല്‍ തൊട്ടും
തുളുമ്പുന്നെന്‍ മിഴിത്തുമ്പില്‍
കുളിരുമ്മ പകര്‍ത്തിയും
മഴത്താളം മുറുകുന്നു

നിലാവെട്ടം പൊലിയുമ്പോള്‍
കരള്‍ വിങ്ങും പാട്ട് മൂളി
ഇരുള്‍ തിങ്ങും വീഥികളില്‍
ഇടറി ഞാനലയുന്നു
ശവതാളം മുഴങ്ങുന്നു
നിശ തേങ്ങിക്കരയുന്നു
ചിലമ്പണിഞ്ഞൊരുവള്‍
വന്നുരഗം പോല്‍ പതുങ്ങുന്നു
ഒരു നോവില്‍ തളര്‍ന്നെത്തി
നിനക്കായ് ഞാന്‍ കരം നീട്ടി
പരതുന്നു മഴ വീഴും
ഇരുള്‍ക്കാട്ടില്‍ ഇടം തേടി
അലിവായ്‌ നിന്‍ മിഴിയില്‍
നിന്നടരുന്നു താരകങ്ങള്‍
നിശ തന്നില്‍ നിറയുന്നു
നിറം ചൂടി പടരുന്നു
തഴപ്പായ് തന്‍ ചുരുള്‍ നീര്‍ത്തി
തലചായ്ക്കാനിടം നീട്ടി
നിറം ചാര്‍ത്തും കനവു
കണ്ടുറങ്ങുവാന്‍ ക്ഷണിയ്ക്കുന്നു

               ഷീജാ അനില്‍ 

കൃഷ്ണഗീതം 1


















കാട്ടു ചോലക്കടമ്പിന്റെ കൊമ്പിലായ്
വേണുവൂതിയെന്‍ ചാരത്തിരുന്നു നീ
ആര്‍ദ്രമാമൊരു പ്രേമ പ്രവാഹിനി
തീര്‍ത്ഥമായൊഴുകീ നിന്‍റെ കണ്‍കളില്‍

കാട്ടു മൈനകള്‍ പാട്ടൊന്നു മൂളിയോ
നേര്‍ത്ത പുല്ലാങ്കുഴല്‍ വിളി കേട്ടുടന്‍
പൂക്കളൊന്നായ്‌ വിടര്‍ന്നുല്ലസ്സിച്ചുവോ
പാരിലാകെ പ്രണയം വിടര്‍ന്നുവോ

കാട്ടു പിച്ചകപ്പൂക്കളാല്‍ കോര്‍ത്തൊരു
മാല്യമാ തിരു മാറിലായ് ചാര്‍ത്തിയും
വേണു നാദം ശ്രവിച്ചു നിന്‍ പാണിയില്‍
മൂകമായ് മുഖം ചേര്‍ത്തു കിടന്നതും
കാറ്റ് മൂളി ക്കടന്നു പോകും വഴി
നേര്‍ത്ത ചുംബനം കൊണ്ട് പുതച്ചതും
കൂര്‍ത്ത മൌനത്തില്‍ മുങ്ങികുളിച്ചതും
ഓര്‍ത്ത്‌ കേഴുന്നു പാവമീ ഗോപിക
ഓര്‍മ്മതന്‍ നിലാ വെട്ടത്തിരുന്നു നിന്‍
പ്രേമസംഗീതധാര തേടുന്നു ഞാന്‍
കാത്തിരിയ്ക്കുന്നു നിന്നിലെന്‍ ജീവനെ
ചേര്‍ത്തു വെയ്ക്കുമാ കാലം വരും വരെ

                     ഷീജാ അനില്‍ 

മഴമുകില്‍ പാട്ട്

മഴമുകില്‍ പാട്ട് മൂളുന്നു പിന്നെയും
അറിയുകില്ലേത് രാഗമാണെന്നതും
പറയുമെങ്കിലും നീയതെന്‍ ഹൃത്തിലെ
പ്രണയ സംഗീതമാണ് നീ കേള്‍ക്കുക

അകലെയോര്‍മ്മ തന്‍ ഇളവെയില്‍ ചില്ലയില്‍
പ്രണയ സ്വപ്‌നങ്ങള്‍ പൂവിട്ടു നില്‍ക്കവേ
തളിര്‍ മരകൊമ്പില്‍ ഉയിരുകള്‍ ചേര്‍ക്കും
ഇണകള്‍ നാമെന്നു നീ ചൊടിയ്ക്കുന്നു

അരുത് നീ നിന്‍റെ ഹൃദയ രേഖയില്‍
കനവിനാല്‍ നെയ്ത പ്രണയ കൌതുകം
വിരുതനാം കാല മാന്ത്രികന്‍ കാട്ടുമാ
ജാലവിദ്യയില്‍ മാഞ്ഞു പോകില്ലയോ

പുലരി മെല്ലെ തുടുത്തു മായുന്നിതാ
കനലൂരുക്കുന്നു വാനിന്‍റെ നെഞ്ചകം
ഉലയിലൂതി പഴുപ്പിച്ചു ഭൂമിതന്‍
പ്രണയ സ്വപ്നം കവര്‍ന്നു പോകുന്നുവോ

കതിര് കൊത്തിപ്പറക്കുന്നു പിന്നെയും
പതിര് കാണാതെ പോകുന്ന ജീവിതം
വെയില്‍ വെളിച്ചത്തില്‍ ഇടറി നീങ്ങുന്നു
വ്രണിത സ്വപ്നവും വ്യെഥിതമെന്‍ മോഹവും

ഒരു കിനാവിന്‍റെ നൂലിഴത്തുമ്പിലായ്
വിരല്‍ കൊരുത്തെന്‍റെ ചാരത്തിരുന്നു നീ
മൃദുല ചുംബനം കൊണ്ടെന്‍റെ നെഞ്ചിലെ
മുറിവുണക്കുമോ സ്നേഹാര്‍ദ്ര യാമിനീ ...
                             
                    ഷീജാ അനില്‍ 

കവിത മരങ്ങള്‍

കനൽ ചീളുകൾ മഴയായ് 
പെയ്ത വഴിയോരങ്ങളിൽ 
ഉള്ചൂടിൽ വെന്തുരുകിയ 
മരങ്ങളിൽ നിന്നാണ് 
കരളു പൊള്ളിയ്ക്കുന്ന 
കവിതപൂവുകൾ 
അടര്ന്നു വീഴുന്നത്

ഓരോ പൂവും പരസ്പരം
ചുംബിച്ചു തളിര്‍ത്തുലഞ്ഞ
ഇലപ്പെരുക്കങ്ങളുടെ
ഗരഭഗൃഹങ്ങളില്‍
നോവുകളുടെ ലാളനയില്‍
നാളെയുടെ സ്വപ്നങ്ങളില്‍
മൊട്ടിട്ടു വിരിഞ്ഞവ

കണ്ണീരിന്‍റെ ഉപ്പു ചുവച്ചും
കാലത്തിന്‍റെ കിതപ്പാറ്റിയും
വിരല്‍ ഞൊടിയിടയില്‍
വിടര്‍ന്നു കൊഴിഞ്ഞവ

ഓരോ ഇതളിലും എഴുതി
വെയ്ക്കപ്പെട്ടിട്ടുണ്ടാവും
നീയൊരു കണ്ണീര്‍ കവിതയെന്നു
നീയൊരു സ്വപ്നത്തിന്‍റെ
ബാക്കിയെന്നു നീയൊരു
പ്രണയവും പ്രളയവും
ജീവിതത്തിന്‍റെഅടയാളവുമെന്നു
നീയാണ് കാലത്തിന്‍റെ കവിതയെന്നു
എന്നിട്ടും നിന്നെയാരും ....
വായിച്ചിരുന്നില്ലെന്ന് ......


       ഷീജാ അനില്‍ 

പിണക്കം

എനിയ്ക്കും നിനക്കുമിടയിൽ ചൂടാറാത്തതെങ്കിലും ചുണ്ടോടു ചേരാതൊരു ചായക്കപ്പ് മൌനത്താൽ വിറങ്ങലിച്ചങ്ങിനെ...

                                                                      ഷീജാ അനില്‍ 

പ്രത്യാശയുടെ നോവുകള്‍

ആഴ്ന്നിറങ്ങിയ വേരുകള്‍ക്കും
പടര്‍ന്നു ചാഞ്ഞ ചില്ലകള്‍ക്കുമിടയില്‍
നിര്‍വികാരതയുടെ ഉടല്‍മണം
പേറിയൊരാത്മാവുണ്ട്

ഊഷരതയുടെ മരുഭൂമികള്‍
എന്ന് പിറുപിറുക്കുമ്പോഴും
അടിത്തട്ടുകളില്‍ എവിടെയെങ്കിലും
വറ്റാതൊരു നീരുറവ ബാക്കിയുണ്ടെന്നും

ഒരു തുള്ളി ഒരേയൊരു തുള്ളി
വേരുകളിലൂടെ പടര്‍ന്നു കയറി
ഓര്‍മ്മകളെ നനയ്കുമെന്നും
വെറുതെ പ്രത്യാശ വെയ്ക്കുന്നത്....

തണല്‍ തേടുന്ന കിളികളൊന്നും
കാണാതെ പോകുന്നത്.....


                                           ഷീജാ അനില്‍ 

വിട വാങ്ങും മുന്‍പ്


ഓര്‍ത്ത്‌ കേഴുന്നു മൌനമേ നിന്‍റെ
ആര്‍ദ്രമേതോ നനുത്ത പാട്ടിന്‍റെ
താളവും പേറിയെത്തുമീറന്‍
കിനാവു തുന്നിത്തുടുത്ത ഭൂപാളവും

നീന്തി നീങ്ങുന്ന നീലമേഘങ്ങള്‍ തന്‍
നീല ചൂടി ചിരിയ്ക്കും കടല്‍തീരമേറ്റു
വാങ്ങുമാ മേഘസംഗീതവും പ്രാണനില്‍
പടര്‍ന്നേറൂമാ ഹര്ഷവും

ചോര പൂക്കും ചുവന്ന സന്ധ്യയെ
തേകിവറ്റിച്ചിരവിന്‍റെ വാതിലില്‍
വേര്‍പ്പ് ചിന്തി തളര്‍ന്ന യാമങ്ങള്‍ തന്‍
പേറ്റൂനോവിന്‍ ഉടല്‍പ്പെരുക്കങ്ങളും

യാത്രയേറെയുണ്ടേകയായ് പോകണം
കൂട്ടു പോകുവാന്‍ ആരുമില്ലാ വഴി
ത്താരയില്‍ മൃദു സ്മേരവും തൂകി
നിന്നോര്‍മ്മയില്‍ തെല്ലു നേരം ഇരിയ്ക്കണം

ഒന്ന് മിണ്ടണം യാത്രയും ചൊല്ലണം
പോയകാലം പുതുക്കി ചിരിയ്ക്കണം
ജാലകപ്പടി വാതിലില്‍ നീ നോക്കി
നില്‍ക്കവേ പിന്നെ വേഗം നടക്കണം

ആവയല്‍ വരമ്പോര്‍മ്മയില്‍ വെയ്ക്കണം
ആ വയല്‍ തണ്ടിലൊന്നുമ്മ വെയ്ക്കണം
ഇനിയൊരിയ്ക്കല്‍ തിരികെ മടങ്ങിയാല്
വഴി മറന്നു ഞാന്‍ നിന്ന് പോയെങ്കിലോ......

ഷീജാ അനില്‍ .

മരണമേ

മരണമേ എന്‍റെ പ്രണയത്തിന്‍റെ
ആകാശങ്ങളെ കട്ടെടുത്തു നിന്‍റെ ഭ്രാന്തന്‍
ചിരിയുടെ ചിറകടിയൊച്ചകളില്‍ ഒളിപ്പിച്ചു
ഒരു കള്ളനെ പോലെ കടന്നു
കളയാതെ നീ 
                   
                               
ഷീജാ അനില്‍ 


നീ നീയെന്ന ബിന്ദു



ഒരു സ]പ്നത്തിൻറെയും തുടർക്കഥയല്ല നീ മറിച്ച് എൻറെ എല്ലാ സ]പ്നങ്ങളുടെയും ആകെ തുകയാണ് നീയെനിയ്ക്ക്...കൂട്ടിയും ഗുണിച്ചും ഹരിച്ചും കിഴിച്ചും എങ്ങിനെ നോക്കിയാലും ഒടുവിൽ കിട്ടുന്ന ഉത്തരങ്ങൾ നീയെന്ന ഒറ്റ ബിന്ദുവിൽ പൂർണ്ണത നേടുന്നു... ഷീജാ അനില്‍ 

എന്‍റെ പ്രണയം



നിൻറെ പാതി പകുത്ത് പാർവതിയാവണ്ടെനിയ്ക്ക്...നിൻറെ മുടിക്കെട്ടിലൊളിയ്ക്കുന്ന ഗംഗയാവണം..ജൻമ ജൻമാന്തരങ്ങൾ തപം ചെയ്തു നേടിയ പുണ്യത്തിൽ (പണയത്തിൻറെ അമൃത് നേദിച്ച് നിൻറെ താണ്ഡവതാളത്തിനൊപ്പം ലാസ്യ താളമായ് പെയ്തു നിറയണം
                                                                                                                    ഷീജാ അനില്‍ 

സ്നേഹത്തിനു നന്ദി നോവുകള്‍ക്കും

സ്നേഹം സ്നേഹം എന്നാവർത്തിച്ചെഴുതിയൊരു ഓർമ്മ പുസ്തകത്തിൻറെ താളുകളെല്ലാം കണ്ണീരും കരി മഷിയും പുരണ്ട് വികൃതമാവുന്നു.

ഈ നിലാവിനൊപ്പം നിനക്കായ് ഒരു നന്ദിക്കുറിപ്പ്

അകലെയകലെ ഒരു ദ്വീപിൽ നിന്നുംഅതിജീവനത്തിൻറെ പിടച്ചിലുകൾക്കിടയിലും ഇരവെന്നോ പകലെന്നോ ഭേദം ഇല്ലാതെ നീയൂതി പറത്തി വിടുന്ന ചില സ്നേഹ മന്ത്രണങ്ങളുണ്ട്...കുളിരു പാകുമൊരോർമ്മപ്പൂവായി എന്നെ ചുംബിച്ചുണർത്തുന്നവ..അതിലുറവയായ് നിറയുന്ന ഊർജ്ജ ശ്രോതസ്സുണ്ട്..പാദങ്ങൾ ഇടറാതെ ജീവിതത്തെ ഭദ്രമായ് കയ്യിലൊതുക്കി നൂറ് വർണ്ണങ്ങളാൽ ചമയിച്ചൊരുക്കി നോവുകളുടെ ചാമ്പലിൽ നിന്നും ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയിർത്തെണീറ്റ് ഉയർന്ന് പറന്ന് നൂലിഴ പൊട്ടാത്തൊരു പട്ടമായി ഉയരത്തിൽ പറത്താൻ എന്നെ പ്രേരിപ്പിയ്ക്കുന്നത്..നൂറു നന്ദി ....ഷീജാ അനില്‍