2014 ഒക്‌ടോബർ 17, വെള്ളിയാഴ്‌ച

വിട വാങ്ങും മുന്‍പ്


ഓര്‍ത്ത്‌ കേഴുന്നു മൌനമേ നിന്‍റെ
ആര്‍ദ്രമേതോ നനുത്ത പാട്ടിന്‍റെ
താളവും പേറിയെത്തുമീറന്‍
കിനാവു തുന്നിത്തുടുത്ത ഭൂപാളവും

നീന്തി നീങ്ങുന്ന നീലമേഘങ്ങള്‍ തന്‍
നീല ചൂടി ചിരിയ്ക്കും കടല്‍തീരമേറ്റു
വാങ്ങുമാ മേഘസംഗീതവും പ്രാണനില്‍
പടര്‍ന്നേറൂമാ ഹര്ഷവും

ചോര പൂക്കും ചുവന്ന സന്ധ്യയെ
തേകിവറ്റിച്ചിരവിന്‍റെ വാതിലില്‍
വേര്‍പ്പ് ചിന്തി തളര്‍ന്ന യാമങ്ങള്‍ തന്‍
പേറ്റൂനോവിന്‍ ഉടല്‍പ്പെരുക്കങ്ങളും

യാത്രയേറെയുണ്ടേകയായ് പോകണം
കൂട്ടു പോകുവാന്‍ ആരുമില്ലാ വഴി
ത്താരയില്‍ മൃദു സ്മേരവും തൂകി
നിന്നോര്‍മ്മയില്‍ തെല്ലു നേരം ഇരിയ്ക്കണം

ഒന്ന് മിണ്ടണം യാത്രയും ചൊല്ലണം
പോയകാലം പുതുക്കി ചിരിയ്ക്കണം
ജാലകപ്പടി വാതിലില്‍ നീ നോക്കി
നില്‍ക്കവേ പിന്നെ വേഗം നടക്കണം

ആവയല്‍ വരമ്പോര്‍മ്മയില്‍ വെയ്ക്കണം
ആ വയല്‍ തണ്ടിലൊന്നുമ്മ വെയ്ക്കണം
ഇനിയൊരിയ്ക്കല്‍ തിരികെ മടങ്ങിയാല്
വഴി മറന്നു ഞാന്‍ നിന്ന് പോയെങ്കിലോ......

ഷീജാ അനില്‍ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ