2014 നവംബർ 12, ബുധനാഴ്‌ച

പുഴയും കടലും

ഇടയ്ക്കൊക്കെ അകന്നു നില്ക്കാനുള്ള 
ഇഷ്ടം കൊണ്ടാണത്രേ പുഴയും കടലും 
വെവ്വേറെ ആയതും ഇടയ്ക്ക് 
സംഗമസ്ഥാനങ്ങൾ കണ്ടെത്തിയതും
കാറ്റും മഴയും എപ്പോഴും 
ഒന്നിച്ചാവാതിരിയ്ക്കാൻ ആണത്രേ 
ഇടയ്ക്കൊക്കെ കാറ്റ് ഒറ്റയ്ക്ക് 
വീശുന്നതും മഴ തനിച്ചു മൂളുന്നതും
ഒറ്റയ്ക്കാവാനുള്ള ഭയം കൊണ്ടാണത്രേ 
മനുഷ്യൻ മാത്രം എപ്പോഴും ഇങ്ങനെ 
തപിച്ചു തപിച്ചു നിലവിളിച്ചിങ്ങനെ

ഷീജാ അനില്‍



മോഹം

വർണ്ണചിറകുള്ള ചിത്ര പതംഗമായ്
വാനിൽ പറക്കുവാൻ മോഹമുദിയ്ക്കുന്നു
വർണ്ണങ്ങൾ വാരി വിതറുന്ന പൂക്കളിൽ 
ഉമ്മ വെച്ചീടുവാൻ മോഹം കനക്കുന്നു
പിന്നൊരു പൂവിന്റെ തേൻ നുകര്ന്നങ്ങിനെ 
പഞ്ചമം പാടി പരാഗം പൊഴിയ്ക്കുവാൻ
കൊച്ചുകാൽ വെച്ചിട്ട് പിച്ച നടക്കുന്ന 
കുഞ്ഞിളം കണ്‍കളിൽ കൌതുകമാകുവാൻ
ആകാശമേലാപ്പിൽ എത്തിപ്പിടിയ്ക്കുവാൻ 
നക്ഷത്ര മുത്തുകൾ കയ്യിലോതുക്കുവാൻ 
മിന്നാമിനുങ്ങിന്റെ പിന്നാലെ പാറുവാൻ
മിന്നലിൽ പാത്തു പതുങ്ങിയൊളിയ്ക്കുവാൻ
പിച്ചകപ്പൂവിന്റെ ഗന്ധം പരത്തുവാൻ 
പിച്ചിയും മുല്ലയും നുള്ളി അടര്ത്തുവാൻ 
സന്ധ്യ തൻ സിന്ദൂരമൊപ്പിയെടുക്കുവാൻ
രാത്രി തൻ കണ്മഷി കണ്ണിലെഴുതുവാൻ
രാപ്പാടിയോടൊത്തു മൂളി നടക്കുവാൻ 
രാക്കുയിൽ പാട്ടിന്റെ ഈണമായ് മാറുവാൻ 
പിന്നെയുമെന്തിനോ മോഹിച്ചുപാടുവാൻ 
മോഹിച്ചു മോഹിച്ചു മോഹമായ് മാറുവാൻ 
എന്നുള്ളിലാർദ്രമാം മോഹമുദിയ്ക്കുന്നു
ഷീജാ അനില്‍ 

2014 ഒക്‌ടോബർ 28, ചൊവ്വാഴ്ച

ഒരു സ്കൂള്‍ പഠനകാലം

മഴ പെയ്യുന്നുണ്ട് തോരാതെ .പ്രത്യേകിച്ച് പണിയൊന്നും ഇല്ലെങ്കിൽ മഴ നോക്കിയിരിയ്ക്കുന്നതും ഓര്മ്മകളിലൂടെ സഞ്ചരിയ്ക്കുന്നതും ഒരു സുഖമാണ് ..ഓരോ മഴയും ബാല്യത്തിലെയ്ക്കാവും പലപ്പോഴും നമ്മെ കൂട്ടി കൊണ്ട് പോവുക ..പ്രത്യേകിച്ചും പള്ളിക്കൂടമുറ്റത്തെയ്ക്ക് ..മഴയിൽ നനഞ്ഞു കുതിര്ന്ന പുള്ളിപ്പാവാട ഒതുക്കി പിടിച്ചു അതൊന്നു തോര്ന്നു കിട്ടാൻ വേണ്ടി പിന് ബെഞ്ചിന്റെയും പുറകിൽ നിരന്നു നില്ക്കുന്ന ഒരു ക്ളാസ്മുറിയുടെ ഓര്മ്മയിലേയ്ക്കു ..മഴ നനഞ്ഞതിൽ വഴക്ക് പറയുന്ന ടീച്ചറുടെ മുഖത്തേയ്ക്കു കുടയില്ലത്തതിന്റെ വൈക്ലബ്യം മറച്ചു വെച്ച് ദൈന്യതയോടെ നോക്കി നിന്നിരുന്ന ഒരു കാലം ..വൈകുന്നേരങ്ങളിൽ മഴ തോരുന്നതും കാത്തു പുസ്തകം മാറത്തടുക്കി പീടികതിണ്ണകളുടെ മൂലയിൽ കൂനി കൂടി നിന്നൊരു കാലം ..ഇന്ന് ഉച്ചയ്ക്ക് ശേഷം അങ്ങിനെയൊരു കാലത്തിൽ കൂടി വണ്ടിയിങ്ങനെ ചൂളം വിളിച്ചു പായുംപോഴാണ് അടുത്ത സ്റ്റേഷനിൽ നിന്നും നമ്മുടെ സ്റ്റെല്ല കയറുന്നത് ..സ്റ്റെല്ലയെന്നാൽ എന്റെ പഴയ ക്ലാസ്സ്‌ മേറ്റ്‌ .അഞ്ചാം ക്ലാസ്സിലാണ് അവൾ ഞാൻ പഠിചിരുന്ന സ്കൂളിൽ എത്തുന്നത് .ഞാനടക്കമുള്ള പാവപ്പെട്ട കുട്ടികളോട് മിണ്ടാൻ പോലും മടിയായിരുന്നു അവൾക്കു.. പഠിയ്ക്കുന്ന കുട്ടികളായിട്ടു പോലും അവൾ ഞങ്ങളിൽ നിന്ന് കൃത്യമായ ഒരു അകലം സൂക്ഷിച്ചു പോന്നിരുന്നു അത് കൊണ്ട് തന്നെ .ഗുണ്ട് മണി.. അഹങ്കാരി ..ജാടക്കാരി..മത്തങ്ങ തുടങ്ങി അത്യാവശ്യം ഗമയിൽ വരുന്നതും പൊക്കം ഇത്തിരി കുറഞ്ഞതുമായ കുട്ടികള്ക്ക് കൊടുക്കാവുന്ന എല്ലാ പേരുകളും ഞങ്ങൾ അവൾക്കു നല്കിയിരുന്നു ..അവൾ സ്കൂളിൽ നിന്നും ഉച്ചക്കഞ്ഞി വാങ്ങിയ്ക്കില്ല ..ഉച്ച ഭക്ഷണം വീട്ടില് നിന്ന് കൊണ്ട് വരും ..പൊങ്ങച്ചത്തിന്റെ എടുത്താൽ പൊങ്ങാത്ത ഭാരവും പേറിയാണ് കാലത്ത് ഈ സാധനം വരുക..ഒരു പെട്ടിയുണ്ട് അവൾക്കു ..അതിലാണ് പുസ്തകങ്ങളും ബുക്സും ടിഫിനും ഒക്കെ കൊണ്ട് വരുക ..ഞങ്ങളോടൊന്നും അവൾ അധികം മിണ്ടാറില്ല .പക്ഷെ ഞങ്ങളെ കാണിയ്ക്കാൻ വേണ്ടി ഓരോ ദിവസവും പെട്ടി തുറന്നു പേന പെൻസിൽ ചായക്കൂട്ടുകൾ ഇത്യാദി സമ്മാനങ്ങളുമായി ഒരു നാടകീയ ഭാവത്തിൽ നടന്നു വന്നു ഞങ്ങളെ സാക്ഷിയാക്കി അതൊക്കെ അവൾക്കു പ്രിയപ്പെട്ടവര്ക്ക് സമ്മാനിച്ച്‌ ഇത് ഉഗാണ്ടയിലെ ആന്റി തന്നതാ ..ഇത് ഉട്ടോപ്യയിലെ അങ്കിൾ തന്നതാ എന്നൊക്കെ പറഞ്ഞു ഞങ്ങളെയെല്ലാം നോക്കി പുശ്ച്ച ഭാവത്തിൽ ചുണ്ട് കോട്ടി നടന്നു പോകും സ്റ്റെല്ല .സത്യം പറഞ്ഞാൽ ഇവള്ക്കൊരു പണി കൊടുക്കാതെ വയ്യെന്ന് പലപ്പോഴും തോന്നാറുണ്ട് ട്ടോ ..പക്ഷെ അവസരം കിട്ടാഞ്ഞത് കൊണ്ടും ടീച്ചറെ ഭയന്നും ദിവസ്സങ്ങൾ പയ്യെ പയ്യെ മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു .


അങ്ങിനെയിരിയ്ക്കെ ഒരു ദിവസ്സം സ്റ്റെല്ല സ്കൂളിൽ വന്നത് വിശേഷപ്പെട്ട പപ്പടം നിറച്ച ഒരു പ്ലാസ്റ്റിക് ടിന്നുമായിട്ടായിരുന്നു ..ഒരു രൂപ വട്ടത്തിൽ ഉള്ള തീരെ ചെറിയ പപ്പടമായിരുന്നു അത് ..കുറെയേറെ പപ്പടം പൊരിച്ചു ആ ടിന്നിനുള്ളിൽ സൂക്ഷിചിട്ടുണ്ടായിരുന്നു ..അത് അവളുടെ അങ്കിൾ മലേഷ്യയിൽ നിന്നും കൊടുത്തയചതാണ്. എന്നതായിരുന്നു അന്നത്തെ നുണക്കഥ.ഞങ്ങളാരും അത്ര ചെറിയ പപ്പടം കണ്ടിട്ടില്ല ..അതിനു ചുറ്റും ചെറിയ മുള്ളുകൾ പോലെ ഡിസൈൻ ണ്ടായിരുന്നു .പാവം കുട്ടികൾ ഇതൊക്കെ കണ്ണും പൂട്ടി വിശ്വസിച്ചു അതിൽ നിന്നൊരെണ്ണം കിട്ടാൻ വേണ്ടി കുട്ടികൾ അവൾക്കു ചുറ്റും കൂടി ..തിക്കും തിരക്കും കൂട്ടി .ഞാനും ണ്ടായിരുന്നു ട്ടോ ..കൂട്ടത്തിൽ.അതോടെ സ്റ്റെല്ല വലിയ താരമായി മാറി .ഭയങ്കര ഗമയിൽ ഒച്ചയുണ്ടാക്കി . അവൾ എല്ലാവരോടുമായി പറഞ്ഞു എല്ലാവര്ക്കും തരാം ..ഇത് നിറയെ ണ്ടല്ലോ ..ഉച്ചയ്ക്ക് ഭക്ഷണത്തിനിരിയ്ക്കുമ്പോൾ വരൂ എന്ന് ..


ഉച്ച ഭക്ഷണത്തിനു സ്റ്റെല്ല ആസനസ്ഥയായപ്പോൾ ഞങ്ങൾ ഉച്ചക്കഞ്ഞികാരും ഒപ്പം കൂടി ..ഞങ്ങൾ മൂന്നു കൂട്ടുകാര് എപ്പോഴും ഒന്നിച്ചായിരുന്നു.ഇരുപ്പും നടപ്പും.ഭക്ഷണം കഴിയ്ക്കുന്നതും ഒക്കെ ഒന്നിച്ചു .ഞാനും അമിതയും സൌമ്യയും ..ഇണ പിരിയാത്ത കൂട്ടായിരുന്നു ഞങ്ങൾ.അന്നും ഞങ്ങൾ മൂന്നാളും ഒന്നിച്ചിരുന്നു .സ്റ്റെല്ല പപ്പടം വിളമ്പാൻ ആരംഭിച്ചു .എന്ത് കൊണ്ടെന്നറിയില്ല സ്റ്റെല്ല ഞങ്ങള്ക്ക് മാത്രം പപ്പടം തന്നില്ല .എല്ലാവര്ക്കും വിളമ്പി അധികം വന്ന പപ്പടം രണ്ടാമതും പങ്കു വെച്ചിട്ടും എന്തുകൊണ്ടോ അവൾ ഞങ്ങളുടെയടുത്തെയ്ക്ക് മാത്രം വന്നില്ല ..കുഞ്ഞുമനസ്സിൽ പൈസയില്ലാത്തതിന്റെ പേരില് ആദ്യമായി അപകര്ഷതാബോധം തോന്നിയത് അന്ന് സ്റ്റെല്ലയെ പോലുള്ളവർ ഒഴിവാക്കി നിർത്തിയപ്പോഴാണ്‌..സ്റ്റെല്ല ഭക്ഷണം കഴിച്ചു എഴുന്നേറ്റു വിജിഗീഷുവിനെ പോലെ ഞങ്ങളെ ഒന്ന് നോക്കി നടന്നു പോകുമ്പോൾ മനസ്സ് നൊന്തിരുന്നു ..മിഴികൾ നിറഞ്ഞിരുന്നു ..കഞ്ഞിയിൽ വെറുതെ വിരലിട്ടിളക്കി കൈ കഴുകി മടങ്ങുമ്പോൾ ആരും കാണാതെ മുഖം തുടച്ചു .ദിവസ്സങ്ങൾ കഴിഞ്ഞു .പതിയെ പതിയെ പപ്പടം ഓർമ്മയിലേയ്ക്കു മറഞ്ഞു ..


ഒരു ദിവസ്സം സ്കൂൾ വിട്ടു വീട്ടിലെത്തുമ്പോൾ ചേച്ചിയുടെ മക്കൾ അയലത്തെകുട്ടികളുമായി ഭയങ്കര കളിയിൽ ഏർപ്പെട്ടിരിയ്ക്കുന്നു..പലചരക്കു കടയാണ് സംഗതി .പുസ്തകംകൊണ്ട് വെച്ച് ഞാനും ഒപ്പം കൂടി .അവിടെ കച്ചവടം പൊടി പൊടിയ്ക്കുന്നു ..പച്ചില ഞെരടിയെടുത്ത വെളിച്ചെണ്ണയും മണ്ണ് കുഴച്ചു ഗോതമ്പ് മാവും തുടങ്ങി പല പല സാധനങ്ങളും ണ്ട് കടയിൽ..പെട്ടെന്നാണ് പപ്പടം എന്നെഴുതി വെച്ചിരുന്ന സാധനത്തിൽ എന്റെ കണ്ണുടക്കിയത് ..ഒരു രൂപ വട്ടത്തിൽ പച്ചിലക്കഷണങ്ങൾ അട്ടിയടുക്കി വെച്ചിരിയ്ക്കുന്നു ..ഇതെങ്ങിനെ ഒപ്പിച്ചുന്നു ചോദ്യത്തിന് മറുപടിയായി കൊച്ചുമോൻ ഒരു സോഡാക്കുപ്പിയുടെ അടപ്പുയര്ത്തിക്കാട്ടി ..ചുറ്റിനും കുനുകുനാ കൂര്ത്തിരിയ്ക്കുന്ന അടപ്പ് ..ഒരു രൂപ വട്ടത്തിലുള്ളത് ..സ്റ്റെല്ലയുടെ മലേഷ്യൻ പപ്പടത്തിന്റെ ടെക്നിക് ഒരു നിമിഷം മനസ്സിലൂടെ കടന്നു പോയീ .മുറിപ്പെട്ട ആത്മാഭിമാനം മനസ്സിലിരുന്നു മന്ത്രിച്ചു പകരം വീട്ടണം ..പക്ഷെ എങ്ങിനെ ?വിശേഷ ദിവസ്സങ്ങളിൽ മാത്രം വീട്ടില് കാണാൻ കിട്ടുന്ന ഒന്നാണ് പപ്പടം.അമ്മയെ കൊണ്ട് വാങ്ങാൻ കഴിയില്ല മാത്രമല്ല അമ്മയ്ക്ക് സങ്കടമാവുകയും ചെയ്യും കുത്തിയിരുന്നു ആലോചിച്ചു .ന്താ ഒരു വഴി .തല പുകഞ്ഞതല്ലാണ്ട് പപ്പടത്തിനുള്ള കാശുണ്ടാക്കാൻ ഒരു വഴിയും കണ്ടില്ല ..ഒടുവിലാണ് ഒട്ടൊരു ആഹ്ലാദത്തോടെ മനസ്സിലേയ്ക് ആ ആ ഓര്മ്മ കടന്നു വന്നത് ..സുഗമ ഹിന്ദി പരീക്ഷയ്ക്ക് ഫീസടയ്ക്കാൻ അച്ഛൻ വല്യണ്ണനോട് വാങ്ങിത്തന്ന അഞ്ചു രൂപ ..പിന്നെ മടിച്ചില്ല ..പരീക്ഷ എഴുതിയില്ലേലും വേണ്ടില്ല എന്ന് മനസ്സ് പറഞ്ഞു ..നേരെ കടയിലേയ്ക്ക് ..


പപ്പടം വാങ്ങി വീട്ടിലെത്തുമ്പോൾ അമ്മ ചോദിച്ചു ഇതെവിടുന്നാ എന്ന് ? സൗമ്യയുടെ വീട്ടില് നിന്നാണെന്നു കള്ളം പറഞ്ഞു ..സോഡാക്കുപ്പിയുടെ അടപ്പ് കൊണ്ട് കരണ്ടെടുത്ത ഒരു രൂപ വട്ടത്തിലുള്ളതും ചുറ്റിനും നേർത്ത ഡിസൈൻ ഉള്ളതുമായ പപ്പടം പൊള്ളിച്ചു കയ്യിൽ വാങ്ങുമ്പോൾ അമ്മ ചോദിച്ചു ഈ പെണ്ണിന് ഇതെന്താ പറ്റിയേ ന്നു .എന്തൊക്കെ ഭ്രാന്താ കാണിയ്ക്കുന്നെ..കണ്ണീർപാടകൾ ചുളിവു വീഴ്ത്തിയ അമ്മമുഖത്തു അരുമയോടൊരു നുള്ള് കൊടുത്തു .. .സന്തോഷത്താൽ തുള്ളിച്ചാടി സ്കൂളിൽ എത്തുമ്പോൾ ഞാനും വല്യ ആളാവുന്നു..ടീച്ചര് ഇല്ലാത്ത പിരിയഡിൽ എല്ലാവര്ക്കും പപ്പടം നൽകുമ്പോൾ സ്റ്റെല്ല മാത്രം വാങ്ങിയില്ല .ഏറെ നിര്ബന്ധിച്ചിട്ടും ..പപ്പടം തിന്ന ശേഷം ക്ളാസ്സിലെ അതിബുദ്ധിമാനായ അഭിജിത്ത് (തിരിച്ചാണ് ട്ടോ ) ഉറക്കെ വിളിച്ചു ചോദിച്ചു .."ഷീജാ നിന്റെ അങ്കിളും മലേഷ്യയിൽ ണ്ടോ എന്ന് ?" സ്റെല്ല ഒട്ടൊരു ചമ്മലിൽ എന്നെ നോക്കുമ്പോൾ ഞാൻ അവനു മറുപടി കൊടുത്തു.. "ഉം ണ്ടെടാ പക്ഷെ ന്റെ അങ്കിൾ പപ്പടം അല്ല കൊണ്ട് തന്നത്".."പിന്നെ" അവൻ അത്ഭുതം കൂറി .."പപ്പടം ണ്ടാക്കുന്ന മെഷീനാ"ഞാൻ ചിരിയോടെ തുടർന്നു.. പപ്പടം ണ്ടാക്കുന്ന മെഷീനോ ?? അതെന്താ ?? അതൊക്കെ ണ്ട് ഞാൻ കാട്ടിത്തരാം ട്ടോ ..ഞാൻ പോയി പുസ്തകം വെയ്ക്കുന്ന പ്ലാസ്റ്റിക് കവറിനുള്ളിൽ നിന്ന് ഭദ്രമായി സൂക്ഷിച്ചു വെച്ചിരുന്ന സോഡാക്കുപ്പിയുടെ അടപ്പെടുത്ത് ക്ളാസ് ബോര്ഡിനു മുന്നില് വന്നു നിന്ന് എല്ലാവരെയും ഉയര്ത്തിക്കാട്ടി ..ദാ ഇതാണ് ആ മെഷീൻ ?? എല്ലാവരും ഒരു നിമിഷം അന്തം വിട്ടു ..പിന്നെ പതിയെ ക്ളാസ്സിൽ മുഴുവൻ കൂട്ട ചിരിയുയര്ന്നു ..മഞ്ഞളിച്ച മുഖവുമായി സ്റ്റെല്ല അമ്പരന്നു നിന്നു.പക്ഷെ എന്ത് കൊണ്ടെന്നറിയില്ല അവളുടെ ആ നില്പ്പ് .എന്നെ വല്ലാതെ നോവിച്ചു ...

ക്ളാസ്സിലെ കൂട്ടച്ചിരിയ്ക്കിടയിൽ ഞാൻ അവളുടെ അടുത്തേയ്ക്ക് നടന്നു ചെന്ന് കൈകൾ ചേര്ത്തു പിടിച്ചു ..ഒരു ക്ഷമായാചന്യ്ക്കായി ..സ്റ്റെല്ല പതിയെ മുഖമുയര്ത്തി എന്നെ നോക്കി ..നാണക്കേടിൽ വിഷാദം പുരട്ടി അവളൊരു പുഞ്ചിരി എനിയ്ക്ക് സമ്മാനിച്ചു ...പുതിയൊരു സൌഹൃദത്തിന് നാന്ദി കുറിയ്ക്കുംപോലെ...സ്റ്റെല്ല പിന്നീട് ഒരിയ്ക്കലും ക്ളാസ്റൂമിൽ പൊങ്ങച്ചം കാട്ടിയിട്ടില്ല ..നല്ലൊരു സൌഹൃദം അവിടെ തുടങ്ങുകയായിരുന്നു ..ഇപ്പോഴും ഇടയ്ക്ക് കാണാറുണ്ട്‌ അവളെ ..കുറേകൂടി തടി വെച്ച് ഒരുപാട് പക്വതയുള്ള ഒരു പെണ്ണായി അവളെ കാണുമ്പോൾ പഴയകാല സംഭവങ്ങൾ ഓർത്ത്‌ അറിയാണ്ട് ചിരി വരും ...ഓർമ്മകളില്ലെങ്കിൽ നമ്മളില്ലല്ലോ .ല്ലേ..? ഓർമ്മകൾ പ്രാണനോളം വലുതാണ്‌ .ചിരിപ്പിയ്ക്കുകയും കണ്ണ് നനയിയ്ക്കുകയും ചിന്തിപ്പിയ്ക്കുകയും ചെയ്യുന്ന എണ്ണമില്ലാത്ത ഓർമ്മകൾ ഷീജാ അനില്‍ 

2014 ഒക്‌ടോബർ 26, ഞായറാഴ്‌ച

എന്‍റെ ഗ്രാമം

























ഇവിടെയെന്‍ ഗ്രാമത്തില്‍

മച്ചുള്ള വീടുണ്ട്

നിറമുള്ള തൊടിയുണ്ട് 

അമ്മിണി പശുവുണ്ട് 

പൈക്കിടാവൊന്നുണ്ട്‌

അമ്പലപ്പടവുണ്ട് 

ചന്ദന മണമുണ്ട് 

പടരുന്ന കാറ്റുണ്ട് 

നിറയുന്ന വയലുണ്ട് 

വയലേലപ്പാട്ടുണ്ട് 

പാട്ടുകള്‍ പാടുന്ന 

ചെറുമികള്‍ നൂറുണ്ട്

കുളിരുന്ന പുഴയുണ്ട് 

നടുവിലൊരു തോണിയും 

അതിനുള്ളില്‍ അവളുണ്ട് 

തുഴയുവാന്‍ ഞാനുണ്ട് 

കടവിലൊരു മരമുണ്ട് 

നിറമാര്‍ന്നു നിറയുന്ന 

പൂവുണ്ട് ശിഖിരത്തില്‍ 

കിളിയുണ്ട് കൂടുണ്ട്‌ 

കൂട്ടിലായ് കിളികള്‍ തന്‍

അട വെച്ച സ്വപ്‌നങ്ങള്‍ 

വിരിയാനിരിപ്പുണ്ട് 

ക്ഷണമുണ്ട് നിങ്ങള്ക്ക് 

ഗ്രാമത്തിലെയ്ക്കെന്റെ 
..
നന്മ വറ്റും മുന്‍പ് വന്നു പോകു...

    ഷീജാ അനില്‍ 

തിരികെ




 
















എനിയ്ക്ക് തിരികെ മടങ്ങണം

മഹാമൌനത്തിന്റെ മഞ്ഞുറയുന്ന


മരണത്തിന്റെ നിശ്ചലതയിലേയ്ക്ക്

വാക്കിനാല്‍കൂരമ്പുകളെറിയുന്ന

നെറികെട്ട ചാവേറുകളുടെ ലോകത്ത് നിന്ന്

പിന്‍വിളികളില്ലാത്ത ലോകത്തിലേയ്ക്ക്

ഓര്‍മ്മകളുടെ ചിതകള്‍ക്കുള്ളില്‍

സ്വപ്‌നങ്ങള്‍ കത്തിയമര്‍ന്ന ചാമ്പലുകള്‍പുതച്ചു

ശാന്ത സുന്ദരമായ ഉറക്കത്തിലേയ്ക്കു

മാലാഖമാര്‍ പുഞ്ചിരി പൊഴിയ്ക്കുന്ന

മുത്തശി കഥകളാല്‍ പരിചിതമായ

മറ്റൊരു ലോകത്തില്‍ തൊങ്ങലുകള്‍ തുന്നിയ

വെള്ളയണിഞ്ഞു പുതിയൊരു നക്ഷത്രമായി

പിറവിയെടുത്തു ഭൂമിയിലേയ്ക്ക് മിഴികള്‍ നട്ട്

കുസൃതിയാല്‍ ഇടയ്ക്കിടെ ഇമകള്‍ചിമ്മി

നിലാവിനകമ്പടി സേവിച്ചു

എനിയ്ക്കും പുഞ്ചിരി തൂകണം

ഞാനില്ലാത്ത ഭൂമിയെ നോക്കി 

                                               ഷീജാ അനില്‍ 

ഇനിയുമുണ്ടൊരു ജന്മമെങ്കില്‍

ഇനിയുമൊരു ജന്മമുണ്ടെങ്കില്‍

പൂക്കളും പൂമ്പാറ്റകളും,പറവകളുമാകാന്‍

ഞാന്‍ ആഗ്രഹിയ്ക്കുന്നില്ല

മലമടക്കുകളില്‍ തപസ്സിരിയ്ക്കുന്ന

വേഴാമ്പലിന്റെ

നൊമ്പരങ്ങള്ക്കൊപ്പം ആര്ത്തു പെയ്ത്

മനസ്സ് കുളിര്പ്പിയ്ക്കുന്ന

മഴമുകിലാവണം എനിയ്ക്ക്


മണ്ണിലും മനസ്സിലും സ്വാന്തനത്തിന്റെ

സംഗീതമായി പെയ്തു നിറയണം

പിന്നെയൊരു പിറവിയില്‍

പ്രണയസുഗന്ധങ്ങള്‍ വിടര്ത്തുന്ന

വസന്തകാലമാവണം

മരച്ചില്ലകളില്‍ പൂക്കളും തളിരുകളും

വിടര്ത്തി ഭൂമിയെ സൌന്ദര്യത്തിന്റെ

തൊടുകുറിയണിയിച്ചു...

കാറ്റിനു സുഗന്ധം നല്കി...

മിഴികള്ക്ക് നിറകാഴ്ചകളേകി

നിര്‍വൃതിയടഞ്ഞ്...........

ഇതൊക്കെ എന്റെമാത്രം സ്വപ്‌നങ്ങള്‍...

ഇവിടെ ഈ ഏകാന്തതയില്‍

ഉള്ളിലുതിരുന്ന നിന്റെ നിശ്വാസങ്ങള്‍

എന്നോട് മന്ത്രിയ്ക്കുന്നു

ഇതൊന്നുമാവണ്ട

മറ്റൊരു പിറവിയില്‍ രണ്ടാത്മാക്കള്‍

മാത്രമാവണം നമുക്ക്

ബന്ധങ്ങളുടെ നോവിയ്ക്കുന്ന വിങ്ങലുകളില്ലത്ത

വരിഞ്ഞു മുറുക്കുന്ന ബന്ധനങ്ങളില്ലാത്ത

ജനിമൃതികളുടെ പുനരാവര്ത്തനമില്ലാത്ത

ലോകത്തെ തീര്ത്തും ...

സ്വതന്ത്രമായ ആത്മാവുകള്‍

അവിടെ വെന്മയാര്ന്ന അപ്പൂപ്പന്‍താടികള്‍ പോലെ

മേഘതുണ്ടുകള്ക്കൊപ്പം പാറിനടന്നു

ആകാശത്തിലെ മഴപ്പൊത്തുകള്‍ തിരഞ്ഞുപിടിച്ചു

മനചെപ്പിലെ സ്വപ്നങ്ങളൊക്കെയും

അതില്‍ നിറച്ചു മഴയായ് പെയ്യിച്ചു

ആ മഴയില്‍ നനഞ്ഞു കുളിര്ന്നു

ഒന്നായ് ലയിച്ചു....

നമ്മള്‍ എന്നും എപ്പോഴും ഒരുമിച്ച്........

അതാണെന്റെ സ്വപ്നം ...

                                ഷീജാ അനില്‍ 

നിനവുകള്‍


  • വേദനകളുടെ വിങ്ങലുകള്‍

    കോറിയിട്ടത് എന്ന് കരുതുന്ന

    പുസ്തകതാളില്‍ മുഖം പൂഴ്ത്തി

    അവള്‍ എന്തൊക്കെയോ

    പിറുപിറുക്കുകയും

    പേരറിയാത്ത മരുന്നുകള്‍ മണക്കുന്ന

    മുറിയിലെ അരണ്ട മഞ്ഞവെളിച്ചത്തെ

    ഇടയ്ക്കിടെ മുഖം ചെരിച്ചു

    തുറിച്ചു നോക്കുകയും

    ചെയ്തു കൊണ്ടിരുന്നു

    ഓര്മകളുടെ മുന്നോട്ടുള്ള ഒഴുക്കുകള്‍

    ആരോ തടസ്സപ്പെടുത്തുന്നതും

    നഗരത്തിലെ ഉരുകുന്ന

    ഉഷ്ണതെരുവുകളിലൂടെ

    ക്ഷീണിതനായി ഒരാള്‍അവളെ
    തേടി അലയുന്നതും

    വിധിയുടെ പൊരുളറിയാത്തൊരു കുഞ്ഞു

    കടലിന്റെ ആഴങ്ങളിലേയ്ക്ക്

    മരണമെന്തെന്നറിയാതെ

    നടന്നു നീങ്ങുന്നതും

    പാതിയടഞ്ഞ മിഴികളില്‍ അവള്‍

    കിനാവ് കാണുന്നുണ്ടായിരുന്നു

    നിനവുകളുടെ ഉമ്മറത്തിണ്ണയില്‍

    അവളെ പ്രതീക്ഷിച്ചു വഴിയിലുറച്ച

    കുരുന്നു നക്ഷത്ര മിഴികളും

    അവയിലെ പ്രതീക്ഷകളും

    കാണാന്‍ കഴിയാതെ

    നിസ്സഹായതയുടെ അബോധങ്ങളിലെയ്ക്ക്

    ആഴ്ന്നു പോകവേ

    ആശ്രയത്തിനായി മുറുകെ പിടിച്ച

    വിരല്തുമ്പുകള്‍ ഊര്ന്നു് പോകുന്നതും

    അന്വേഷിച്ചെത്തിയ കാലടിയൊച്ചകള്‍

    പിന്തിരിഞ്ഞകലുന്നതും

    അവളറിയുന്നുണ്ടായിരുന്നില്ല..

                                                 ഷീജാ അനില്‍ 

അസ്തമയം



ആകാശതാഴ്വരകള്‍ക്കപ്പുറത്ത് 

കിനാക്കളുടെ നിലാപ്പാടങ്ങളില്‍ 

നൊമ്പരങ്ങള്‍ വേവൊരുക്കിയ നോവില്‍

പിടഞ്ഞമര്‍ന്ന ആത്മാവുകള്‍ നൃത്തം ചെയ്യുന്നു 

ഇതാണെന്റെ സ്വപ്നത്തിന്റെ അന്ത്യം 

ഒരു വിടവാങ്ങലിന് മനമൊരുക്കി നീ 

പറയാന്‍ കൊതിച്ച വാക്കുകള്‍ 

അധരത്തിലൊളിപ്പിച്ചുവെങ്കിലും 

നിന്റെ മൌനം ഹൃദയത്തെ കബളിപ്പിച്ചു 

മിഴികളില്‍ വാചാലമാകുന്നു 

ഓര്‍മ്മകളിലേയ്ക്ക് മടങ്ങുമ്പോള്‍ 

ഇടവഴിയിലെ ചെമ്പകതണലില്‍ 

നിന്റെ മിഴികളില്‍ പൂത്തിരുന്ന 

സ്നേഹത്തിന്റെ വസന്തകാലം

ഒരിയ്ക്കല്‍ കൂടി മിന്നിമറയുന്ന 

കാഴ്ചയിലാവണംഒരു പിന്‍ വിളിയ്ക്കായ് 

ഞാന്‍ കാതോര്‍ത്ത് നിന്നത് 

ചിരിയിലെ ചതികളില്‍ മയങ്ങിയുണരുംപോള്‍ 

പടിയിറങ്ങുന്ന പകലിനൊപ്പം നിന്റെ 

ഹൃദയത്തിലെ സ്നേഹവും മങ്ങിയകലുന്നു 

ആഴിയുടെ ആഴങ്ങളില്‍ അസ്തമിയ്ക്കുന്ന

സൂര്യനൊപ്പം അവ മുങ്ങിമരിയ്ക്കുന്നു 

നാളെ ഒരു പക്ഷെ മാമലകള്‍ക്കപ്പുറത്ത് 

പുനര്‍ജനിയ്ക്കുന്ന സൂര്യ മോഹങ്ങള്ക്കൊപ്പം ..????

                                ഷീജാ അനില്‍ 

ജയന്തി ടീച്ചര്‍

യാദൃചികമായാണ് ബസ്‌ സ്റ്റോപ്പില്‍ ഞാനാ മുഖം കണ്ടത് ..വളരെയേറെ ക്ഷീണഭാവത്തില്‍ ..ന്നെ അമ്പരപ്പിച്ചു കൊണ്ട് ജയന്തി ടീച്ചര്‍ ..മൂന്നാം ക്ലാസ്സിലെ ന്റെ പ്രിയപ്പെട്ട ക്ലാസ്സ്‌ ടീച്ചര്‍ ..എന്റെ മാത്രാല്ല ..എല്ലാ കുട്ടികളുടെയും .അടുത്തേയ്ക്ക് ചെന്ന എന്നെ .ഒരു മനസ്സിലാകാഴ്മയില്‍ ടീച്ചര്‍ നോക്കുമ്പോള്‍ എന്റെ മനസ്സില്‍ മൂന്നാം ക്ലാസ്സിലെ പഴയ കറുത്ത് നിറം മങ്ങിയ മേശയില്‍ ചാരി നിന്ന് കുട്ടികളെ പാട്ടു പാടി കേള്‍പ്പിയ്ക്കുന്നു ജയന്തി ടീച്ചര്‍ ..കൈകള്‍ താളത്തില്‍ കൊട്ടി അത് ഏറ്റു പാടുന്നു കുട്ടികള്‍ ..എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ആ പാട്ട് ഇങ്ങനെയായിരുന്നു
' ഈശ്വരന്റെ കൈകളിലെ പന്തുകളല്ലോ നമ്മള്‍
അവന്‍ വലിച്ചെറിയും പിന്നെ ആഞ്ഞടിയ്ക്കും
പിന്നെ തട്ടി തട്ടി തട്ടി തട്ടി തട്ടി കളിയ്ക്കും
ടീച്ചര്‍ ആ പാട്ട് പാടുമ്പോള്‍ ആ മിഴികളില്‍ നേര്‍ത്തൊരു കണ്ണീര്‍ തിളക്കം ഞങ്ങള്‍ കാണാറുണ്ടായിരുന്നു ..അന്ന് ആ വരികളുടെ ആഴമോ ടീച്ചറുടെ സങ്കടങ്ങളോ അറിയില്ലായിരുന്നു .എങ്കിലും വിഷാദം നിറഞ്ഞ ആ മുഖവും നൊമ്പരം തുളുമ്പുന്ന ആ പാട്ടും എപ്പോഴും മനസ്സില്‍ തങ്ങി നിന്നിരുന്നു .


                                                        മൂന്നാം ക്ലാസ്സിലെ വാര്‍ഷിക പരീക്ഷ വരെ ടീച്ചര്‍ സ്കൂളില്‍ ഉണ്ടായിരുന്നു ..പക്ഷെ പ്രമോഷന്‍ കിട്ടി നാലാം ക്ലാസ്സിലേയ്ക്ക് വരുമ്പോള്‍ ടീച്ചര്‍ ഉണ്ടായിരുന്നില്ല ..അന്വേഷിച്ചപ്പോള്‍ സുനന്ദ ടീച്ചര്‍ പറഞ്ഞു ജയന്തി ടീച്ചര്‍ ലീവിലാണ് ..കുറച്ചു നാള്‍ കഴിഞ്ഞേ വരൂ ..മാസ്സങ്ങള്‍ കഴിഞ്ഞു ജയന്തി ടീച്ചര്‍ തിരികെ വരുമ്പോള്‍ കൈകളും കഴുത്തു തുടങ്ങിയ ഭാഗങ്ങളെല്ലാം തീപ്പൊള്ളല്‍ ഏറ്റതു പോലെ വലിഞ്ഞു വികൃതമായിരുന്നു ..ടീച്ചര്‍ക്ക് എന്ത് പറ്റി എന്ന കുട്ടികളുടെ ചോദ്യത്തിന് വിതുമ്പുന്ന മൌനമായിരുന്നു മറുപടി ...പിന്നീട് മുതിര്‍ന്ന ക്ലാസ്സുകളില്‍ എത്തുമ്പോഴേയ്ക്കും പലരും പറഞ്ഞു ടീച്ചറുടെ ജീവിതം കാണാപാഠമായിരുന്നു...നൊമ്പരങ്ങളുടെ ആകെ തുകയായിരുന്നു ടീച്ചറുടെ ജീവിതം ..ചെറുപ്പത്തിലെ അച്ഛന്‍ മരിച്ച ടീച്ചര്‍ക്ക് അമ്മയായിരുന്നു എല്ലാം ..അമ്മയുടെഇഷ്ടപ്രകാരമായിരുന്നു ടീച്ചറുടെ വിവാഹം ...പക്ഷെ ആ വിവാഹം ഒരു ചതിയായിരുന്നു ..ആദ്യ വിവാഹത്തില്‍ ഭാര്യയും രണ്ടു മക്കളും ഉള്ള ആളായിരുന്നു ടീച്ചറുടെ ഭര്‍ത്താവ് ..അത് മറച്ചു വെച്ചിട്ട് .സ്വത്ത് മാത്രം മോഹിച്ചായിരുന്നു അയാള്‍ ടീച്ചറെ വിവാഹം കഴിച്ചത് .പാവം ടീച്ചറെ അയാള്‍ നിരന്തരം ഉപദ്രവിയ്ക്കുമായിരുന്നു .. ..അയാള്‍ക്ക്‌ കുട്ടികളുള്ളതിനാലാവാംഒരു അമ്മയാവാനുള്ള സ്വാതന്ത്ര്യം പോലുംഅയാള്‍ അനുവദിച്ചിരുന്നില്ല....പാവം ടീച്ചര്‍ അമ്മ സങ്കടപ്പെടും എന്നോര്‍ത്തു ഒക്കെ സഹിയ്ക്കയും മറച്ചുവെയ്ക്കുകയും ചെയ്തു ..ഒടുവില്‍ സഹികെട്ട് സ്വയം മണ്ണെണ്ണയൊഴിച്ചു തീകൊളുത്തുകയായിരുന്നു...പക്ഷെ എങ്ങിനെയോ ആരൊക്കെയോ ടീച്ചറെ രക്ഷപെടുത്തി ..ജീവിതം പിനെയും ബാക്കിയായി ..ആ വിവാഹ ബന്ധത്തില്‍ നിന്ന് മോചനം നേടിയെങ്കിലും വീണ്ടും മറ്റൊന്നിലേയ്ക്ക് പോകാന്‍ പലരും നിര്‍ബന്ധിച്ചുവെങ്കിലും ടീച്ചര്‍ ഒന്നിനും തയാറായില്ല ..കുട്ടികളെ സ്വന്തം മക്കളെ പോലെ സ്നേഹിച്ചു നന്മയുടെ പാഠങ്ങള്‍ പറഞ്ഞു കൊടുത്തു ..വിഷാദം നിറഞ്ഞ ചെറു ചിരിയോടെ ടീച്ചര്‍ എന്നും സ്കൂളില്‍ നിറഞ്ഞു നിന്നിരുന്നു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കണ്ട സന്തോഷത്തോടെ സ്വയം പരിചയപ്പെടുത്തുമ്പോള്‍                                                                       
                                                ടീച്ചറുടെ മുഖത്തു അത്ഭുതം അമ്പരപ്പ് .വാത്സല്യം തുടങ്ങി വിവിധ ഭാവങ്ങള്‍ മിന്നി മറഞ്ഞു ..മിഴികളില്‍ സ്നേഹവും ..കൈകള്‍ എന്റെ തോളത്തു ചേര്‍ത്തു പതിഞ്ഞ ശബ്ദത്തില്‍ ടീച്ചര്‍ പറയുന്നു ..നിനക്ക് ഇത്രയും പക്വതയോ ..ഇത്രകാലം ഭൂമിയില്‍ ജീവിച്ചിട്ട് പക്വത മാത്രാണ് ഇല്ലാതെ പോയതെന്ന മഹാസത്യം ഞാന്‍ ടീച്ചറോട് പറഞ്ഞേയില്ല..പകരം വീട്ടു കാര്യങ്ങള്‍ പറഞ്ഞു ..കുട്ടികളുടെ വിശേഷങ്ങളും ...തുടര്‍ന്ന് മനസ്സിലെ ആകാംഷ തലപൊക്കി ..ടീച്ചര്‍ ഇപ്പൊ ..? വിശേഷങ്ങള്‍ ..? അത് കേട്ടതും ടീച്ചര്‍ പണ്ടേ പോലെ മൌനിയായി .ഒടുവില്‍ എന്റെ നിര്‍ബന്ധത്തിനു വഴങ്ങി ടീച്ചര്‍ പറഞ്ഞു തുടങ്ങി ..അമ്മ മരിച്ചു പത്തു വര്‍ഷായി ..പലരും നിര്‍ബന്ധിച്ചു എങ്കിലും ഒരു പുനര്‍വിവാഹത്തിന് ധൈര്യം വന്നില്ല ..അത് സ്വത്തു മോഹിച്ചുള്ള ബന്ധുക്കളുടെ കടന്നു വരവിനു ഒരു കാരണമായി ..ആരെയും നിരാകരിയ്ക്കാന്‍ തോന്നിയില്ല .പക്ഷെ ഒരിയ്ക്കല്‍ കൂട്ടത്തിലാരോ ജീവന് തന്നെ ഭീഷണിയായപ്പോള്‍..പേടി തോന്നി വല്ലാണ്ട് ..റിട്ടയര്‍മെന്റ് വാങ്ങി പാലക്കാട് ഒരു ചാരിറ്റി ഹോമില്‍ അഭയം തേടി ..ടീച്ചര്‍ പറയുന്നു സത്യത്തില്‍ ബന്ധങ്ങളൊന്നും ഒന്നുമല്ല കുഞ്ഞേ ..സ്വത്തിനും പണത്തിനും വേണ്ടി ജന്മം നല്‍കിയ മാതാവിനെ വരെ കൊല്ലാനും വില്‍ക്കാനും പോലും മടിയ്ക്കാത്ത ഈ ലോകത്ത് ..താവഴികളിലൂടെ മാത്രം ഉള്ള ഒരു ബന്ധുവിന് എന്ത് പ്രസക്തി ? ആര് സ്നേഹിയ്ക്കാന്‍ ?ഇപ്പൊ ഉള്ളതെല്ലാം വിറ്റു ചാരിറ്റി ഹോമിനു നല്‍കി പലക്കാട്ടെയ്ക്ക് പോന്നു ..അവിടെ ആരുമല്ലാത്ത ആരുമില്ലാത്ത എന്റെ സ്വന്തക്കാരോടൊപ്പം ശേഷിച്ചകാലം ..ടീച്ചര്‍ അത് പറയുമ്പോള്‍ ഞാന്‍ പൊട്ടിക്കരഞ്ഞു പോയി ..ഒപ്പം ടീച്ചറും സാരിതലപ്പുയര്‍ത്തി മെല്ലെ മിഴികള്‍ തുടയ്ക്കുന്നുണ്ടായിരുന്നു ..പാലക്കാട് വഴി കോയമ്പത്തൂരിനു പോകുന്ന ബസ്സില്‍ ടീച്ചറെ കയറ്റിവിട്ടു മടങ്ങുമ്പോള്‍ ..ഞാന്‍ പഴയ മൂന്നാം ക്ലാസ്സിലെയ്ക്കൊന്നു പോയി ..ജയന്തി ടീച്ചറുടെ പാട്ടിന്റെ ആഴങ്ങളിലേയ്ക്ക് ...ഇന്ന് ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ എനിയ്ക്ക് ആ പാട്ടിന്റെ അര്‍ഥം അറിയാം ..ആവരികള്‍ എഴുതിയ ആളിന്റെ മനസ്സ് കാണാം ..ആ മനസ്സിലെ വേദനകള്‍ അറിയാം ..ഈശ്വരന് വലിച്ചെറിയാനും ആഞ്ഞടിയ്ക്കാനും പിന്നെ തട്ടിക്കളിയ്ക്കാനുമോക്കെയായി പന്ത് പോലെ ചില ജന്മങ്ങള്‍ അവിടുന്ന് തന്നെ സൃഷ്ടിയ്ക്കുന്നു ..ടീച്ചറെ പോലെ ..നമ്മില്‍ ചിലരെ പോലെ മറ്റു പലരെയും പോലെ ...എന്നെങ്കിലുമോരിയ്ക്കല്‍ ആ കളിപ്പന്തുകള്‍ ഈശ്വരന്‍ വാരിയെടുത്തു നെഞ്ചോട്‌ ചേര്‍ത്തേക്കാം ..അതൊരു പ്രത്യാശയാണ് ..ദൈവസ്നേഹം നിറഞ്ഞ മനസ്സുകളുടെ പ്രാര്‍ഥനയാണ് ..മനസ്സ് വല്ലാതെ നോവുന്നു ..കാതുകള്‍ ഇപ്പോഴും മൂന്നാം ക്ലാസ്സിലാണ് ..അവിടെ കൈകള്‍ താളത്തില്‍ കൊട്ടി ജീവിതത്തിന്റെ നിരര്ഥകതയെ ഓര്‍മ്മിപ്പിയ്ക്കുന്ന വരികള്‍ ഈണത്തില്‍ പാടുന്നുണ്ട് കുട്ടികള്‍ ..ഒപ്പം ബ്ലാക്ക് ബോര്‍ഡിനു മുന്നില്‍ വിഷാദം നിറഞ്ഞ നീള്‍മിഴികള്‍ ഹൃദയം തുളച്ചു ആഴ്ന്നിറങ്ങുന്നു അതിന്റെ അഗാധതകളിലെയ്ക്ക്

ഷീജാ അനില്‍

ബലി


തിരികെ നല്‍കാമെന്നു കാതിലായ്

മന്ത്രിച്ചെന്റെ കനവും കടം വാങ്ങി

ഒഴുകി മായുന്നുണ്ടാരോ 

നിലാവത്തിടയ്ക്കിടെ ഒളിച്ചു കളിയ്ക്കുന്ന

കുസൃതിക്കുറുമ്പനാം വെണ്ണ്‍മേഘ ജാലം പോലെ

പ്രണയം മറന്നിട്ട വരികള്‍ വായിയ്ക്കുമ്പോള്‍

ചുറ്റിനും മുഖമില്ലാ രൂപങ്ങള്‍ നിരക്കൂന്നു

കനവില്‍ ചുവര്‍ ചാരി കാത്തിരിയ്ക്കുന്നോരെന്നെ

മയക്കം മിഴി താഴ്ത്താന്‍ പതിയെ ക്ഷണിയ്ക്കുന്നു

നിറങ്ങള്‍ നെയ്തിട്ടോരീ ഓര്‍മ്മകള്‍ക്ക്മേലാരോ

കറുപ്പിന്‍ ശിരോവസ്ത്രം പുതച്ചു ചിരിയ്ക്കുന്നു

അടഞ്ഞ കണ്പോളയ്ക്കുള്ളില്‍ അടക്കമില്ലാതെന്തേ

ചിറകിട്ടടിയ്ക്കുന്നു കരയും ബലിക്കാക്ക

അഴിച്ചിട്ട മുടിപ്പൂവും മാഞ്ഞോരാ സിന്ദൂരവും

മിഴികള്‍ ഞെരിഞ്ഞിറ്റി വീഴുമാ കണ്ണീര്‍ മുത്തും

ഇലക്കീറില്‍ ചന്ദനവും തുളസിയും എള്ളും പൂവും

ഉദകം ചെയ്യാന്‍ നേരം വിറയ്ക്കുന്നുണ്ണിക്കയ്യും

മരത്തിന്‍ മീതെ നോക്കി കൈതട്ടി വിളിയ്ക്കുമ്പോള്‍

ദൈന്യതയോടെ നോക്കി അണയും ബലിക്കാക്ക

ചിറകുകുടയുന്നു വിതുമ്പി ക്കരയുന്നു 

                                                     ഷീജാ അനില്‍ 

നിലാപ്പൂക്കള്‍ പൊഴിയുമീ

നിലാപ്പൂക്കള്‍ പൊഴിയുമീ
നിശീഥത്തിന്‍ നിറവിങ്കല്‍
നിറഞ്ഞെത്തീ ഇളംതെന്നല്‍
നിന്‍ കവിളില്‍ മുത്തമിട്ടു

മിഴിപ്പൂക്കള്‍ പാതി കൂമ്പി
കവിള്പൂക്കള്‍ തുടുക്കുന്നു
പ്രണയം വന്നുദിയ്ക്കുന്നു
ചിരിപ്പൂവും വിടര്‍ത്തുന്നു

ചിരിയില്‍ ചിലമ്പ് ചാര്‍ത്തി
കനവും പുഞ്ചിരിയ്ക്കുംപോള്‍
നിറയും നിന്‍ മനചെപ്പില്‍
മണിമുത്തായ് മമ മോഹം

മഴപ്പക്ഷി പാട്ട് മൂളി
മഴമേഘം പൊഴിയുമ്പോള്‍
കുളിര്‍ വീശി തെന്നല്‍ നിന്റെ
കാതിലെന്തേ മൊഴിയുന്നു ???? 

                                  ഷീജാ അനില്‍ 

                                 

ഭൂമിയ്ക്ക് തീര്‍ത്ഥമാവുക



 
കനലായ് ജ്വലിയ്ക്കുന്ന 

സൂര്യ താപങ്ങളാല്‍

പിടയുന്ന ഭൂമിയ്ക്ക്

ജലതീര്ഥമാകുവാന്‍ 

തുള്ളിതുടിച്ചു നിന്‍ 

കൈവളകള്‍ പാറിച്ചു

മണ്ണില്‍ പതിയ്ക്കുമോ 

കാര്‍മുകില്‍ പെണ്‍കൊടീ..


ഷീജാ അനില്‍