2014 ഒക്‌ടോബർ 26, ഞായറാഴ്‌ച

ജയന്തി ടീച്ചര്‍

യാദൃചികമായാണ് ബസ്‌ സ്റ്റോപ്പില്‍ ഞാനാ മുഖം കണ്ടത് ..വളരെയേറെ ക്ഷീണഭാവത്തില്‍ ..ന്നെ അമ്പരപ്പിച്ചു കൊണ്ട് ജയന്തി ടീച്ചര്‍ ..മൂന്നാം ക്ലാസ്സിലെ ന്റെ പ്രിയപ്പെട്ട ക്ലാസ്സ്‌ ടീച്ചര്‍ ..എന്റെ മാത്രാല്ല ..എല്ലാ കുട്ടികളുടെയും .അടുത്തേയ്ക്ക് ചെന്ന എന്നെ .ഒരു മനസ്സിലാകാഴ്മയില്‍ ടീച്ചര്‍ നോക്കുമ്പോള്‍ എന്റെ മനസ്സില്‍ മൂന്നാം ക്ലാസ്സിലെ പഴയ കറുത്ത് നിറം മങ്ങിയ മേശയില്‍ ചാരി നിന്ന് കുട്ടികളെ പാട്ടു പാടി കേള്‍പ്പിയ്ക്കുന്നു ജയന്തി ടീച്ചര്‍ ..കൈകള്‍ താളത്തില്‍ കൊട്ടി അത് ഏറ്റു പാടുന്നു കുട്ടികള്‍ ..എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ആ പാട്ട് ഇങ്ങനെയായിരുന്നു
' ഈശ്വരന്റെ കൈകളിലെ പന്തുകളല്ലോ നമ്മള്‍
അവന്‍ വലിച്ചെറിയും പിന്നെ ആഞ്ഞടിയ്ക്കും
പിന്നെ തട്ടി തട്ടി തട്ടി തട്ടി തട്ടി കളിയ്ക്കും
ടീച്ചര്‍ ആ പാട്ട് പാടുമ്പോള്‍ ആ മിഴികളില്‍ നേര്‍ത്തൊരു കണ്ണീര്‍ തിളക്കം ഞങ്ങള്‍ കാണാറുണ്ടായിരുന്നു ..അന്ന് ആ വരികളുടെ ആഴമോ ടീച്ചറുടെ സങ്കടങ്ങളോ അറിയില്ലായിരുന്നു .എങ്കിലും വിഷാദം നിറഞ്ഞ ആ മുഖവും നൊമ്പരം തുളുമ്പുന്ന ആ പാട്ടും എപ്പോഴും മനസ്സില്‍ തങ്ങി നിന്നിരുന്നു .


                                                        മൂന്നാം ക്ലാസ്സിലെ വാര്‍ഷിക പരീക്ഷ വരെ ടീച്ചര്‍ സ്കൂളില്‍ ഉണ്ടായിരുന്നു ..പക്ഷെ പ്രമോഷന്‍ കിട്ടി നാലാം ക്ലാസ്സിലേയ്ക്ക് വരുമ്പോള്‍ ടീച്ചര്‍ ഉണ്ടായിരുന്നില്ല ..അന്വേഷിച്ചപ്പോള്‍ സുനന്ദ ടീച്ചര്‍ പറഞ്ഞു ജയന്തി ടീച്ചര്‍ ലീവിലാണ് ..കുറച്ചു നാള്‍ കഴിഞ്ഞേ വരൂ ..മാസ്സങ്ങള്‍ കഴിഞ്ഞു ജയന്തി ടീച്ചര്‍ തിരികെ വരുമ്പോള്‍ കൈകളും കഴുത്തു തുടങ്ങിയ ഭാഗങ്ങളെല്ലാം തീപ്പൊള്ളല്‍ ഏറ്റതു പോലെ വലിഞ്ഞു വികൃതമായിരുന്നു ..ടീച്ചര്‍ക്ക് എന്ത് പറ്റി എന്ന കുട്ടികളുടെ ചോദ്യത്തിന് വിതുമ്പുന്ന മൌനമായിരുന്നു മറുപടി ...പിന്നീട് മുതിര്‍ന്ന ക്ലാസ്സുകളില്‍ എത്തുമ്പോഴേയ്ക്കും പലരും പറഞ്ഞു ടീച്ചറുടെ ജീവിതം കാണാപാഠമായിരുന്നു...നൊമ്പരങ്ങളുടെ ആകെ തുകയായിരുന്നു ടീച്ചറുടെ ജീവിതം ..ചെറുപ്പത്തിലെ അച്ഛന്‍ മരിച്ച ടീച്ചര്‍ക്ക് അമ്മയായിരുന്നു എല്ലാം ..അമ്മയുടെഇഷ്ടപ്രകാരമായിരുന്നു ടീച്ചറുടെ വിവാഹം ...പക്ഷെ ആ വിവാഹം ഒരു ചതിയായിരുന്നു ..ആദ്യ വിവാഹത്തില്‍ ഭാര്യയും രണ്ടു മക്കളും ഉള്ള ആളായിരുന്നു ടീച്ചറുടെ ഭര്‍ത്താവ് ..അത് മറച്ചു വെച്ചിട്ട് .സ്വത്ത് മാത്രം മോഹിച്ചായിരുന്നു അയാള്‍ ടീച്ചറെ വിവാഹം കഴിച്ചത് .പാവം ടീച്ചറെ അയാള്‍ നിരന്തരം ഉപദ്രവിയ്ക്കുമായിരുന്നു .. ..അയാള്‍ക്ക്‌ കുട്ടികളുള്ളതിനാലാവാംഒരു അമ്മയാവാനുള്ള സ്വാതന്ത്ര്യം പോലുംഅയാള്‍ അനുവദിച്ചിരുന്നില്ല....പാവം ടീച്ചര്‍ അമ്മ സങ്കടപ്പെടും എന്നോര്‍ത്തു ഒക്കെ സഹിയ്ക്കയും മറച്ചുവെയ്ക്കുകയും ചെയ്തു ..ഒടുവില്‍ സഹികെട്ട് സ്വയം മണ്ണെണ്ണയൊഴിച്ചു തീകൊളുത്തുകയായിരുന്നു...പക്ഷെ എങ്ങിനെയോ ആരൊക്കെയോ ടീച്ചറെ രക്ഷപെടുത്തി ..ജീവിതം പിനെയും ബാക്കിയായി ..ആ വിവാഹ ബന്ധത്തില്‍ നിന്ന് മോചനം നേടിയെങ്കിലും വീണ്ടും മറ്റൊന്നിലേയ്ക്ക് പോകാന്‍ പലരും നിര്‍ബന്ധിച്ചുവെങ്കിലും ടീച്ചര്‍ ഒന്നിനും തയാറായില്ല ..കുട്ടികളെ സ്വന്തം മക്കളെ പോലെ സ്നേഹിച്ചു നന്മയുടെ പാഠങ്ങള്‍ പറഞ്ഞു കൊടുത്തു ..വിഷാദം നിറഞ്ഞ ചെറു ചിരിയോടെ ടീച്ചര്‍ എന്നും സ്കൂളില്‍ നിറഞ്ഞു നിന്നിരുന്നു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കണ്ട സന്തോഷത്തോടെ സ്വയം പരിചയപ്പെടുത്തുമ്പോള്‍                                                                       
                                                ടീച്ചറുടെ മുഖത്തു അത്ഭുതം അമ്പരപ്പ് .വാത്സല്യം തുടങ്ങി വിവിധ ഭാവങ്ങള്‍ മിന്നി മറഞ്ഞു ..മിഴികളില്‍ സ്നേഹവും ..കൈകള്‍ എന്റെ തോളത്തു ചേര്‍ത്തു പതിഞ്ഞ ശബ്ദത്തില്‍ ടീച്ചര്‍ പറയുന്നു ..നിനക്ക് ഇത്രയും പക്വതയോ ..ഇത്രകാലം ഭൂമിയില്‍ ജീവിച്ചിട്ട് പക്വത മാത്രാണ് ഇല്ലാതെ പോയതെന്ന മഹാസത്യം ഞാന്‍ ടീച്ചറോട് പറഞ്ഞേയില്ല..പകരം വീട്ടു കാര്യങ്ങള്‍ പറഞ്ഞു ..കുട്ടികളുടെ വിശേഷങ്ങളും ...തുടര്‍ന്ന് മനസ്സിലെ ആകാംഷ തലപൊക്കി ..ടീച്ചര്‍ ഇപ്പൊ ..? വിശേഷങ്ങള്‍ ..? അത് കേട്ടതും ടീച്ചര്‍ പണ്ടേ പോലെ മൌനിയായി .ഒടുവില്‍ എന്റെ നിര്‍ബന്ധത്തിനു വഴങ്ങി ടീച്ചര്‍ പറഞ്ഞു തുടങ്ങി ..അമ്മ മരിച്ചു പത്തു വര്‍ഷായി ..പലരും നിര്‍ബന്ധിച്ചു എങ്കിലും ഒരു പുനര്‍വിവാഹത്തിന് ധൈര്യം വന്നില്ല ..അത് സ്വത്തു മോഹിച്ചുള്ള ബന്ധുക്കളുടെ കടന്നു വരവിനു ഒരു കാരണമായി ..ആരെയും നിരാകരിയ്ക്കാന്‍ തോന്നിയില്ല .പക്ഷെ ഒരിയ്ക്കല്‍ കൂട്ടത്തിലാരോ ജീവന് തന്നെ ഭീഷണിയായപ്പോള്‍..പേടി തോന്നി വല്ലാണ്ട് ..റിട്ടയര്‍മെന്റ് വാങ്ങി പാലക്കാട് ഒരു ചാരിറ്റി ഹോമില്‍ അഭയം തേടി ..ടീച്ചര്‍ പറയുന്നു സത്യത്തില്‍ ബന്ധങ്ങളൊന്നും ഒന്നുമല്ല കുഞ്ഞേ ..സ്വത്തിനും പണത്തിനും വേണ്ടി ജന്മം നല്‍കിയ മാതാവിനെ വരെ കൊല്ലാനും വില്‍ക്കാനും പോലും മടിയ്ക്കാത്ത ഈ ലോകത്ത് ..താവഴികളിലൂടെ മാത്രം ഉള്ള ഒരു ബന്ധുവിന് എന്ത് പ്രസക്തി ? ആര് സ്നേഹിയ്ക്കാന്‍ ?ഇപ്പൊ ഉള്ളതെല്ലാം വിറ്റു ചാരിറ്റി ഹോമിനു നല്‍കി പലക്കാട്ടെയ്ക്ക് പോന്നു ..അവിടെ ആരുമല്ലാത്ത ആരുമില്ലാത്ത എന്റെ സ്വന്തക്കാരോടൊപ്പം ശേഷിച്ചകാലം ..ടീച്ചര്‍ അത് പറയുമ്പോള്‍ ഞാന്‍ പൊട്ടിക്കരഞ്ഞു പോയി ..ഒപ്പം ടീച്ചറും സാരിതലപ്പുയര്‍ത്തി മെല്ലെ മിഴികള്‍ തുടയ്ക്കുന്നുണ്ടായിരുന്നു ..പാലക്കാട് വഴി കോയമ്പത്തൂരിനു പോകുന്ന ബസ്സില്‍ ടീച്ചറെ കയറ്റിവിട്ടു മടങ്ങുമ്പോള്‍ ..ഞാന്‍ പഴയ മൂന്നാം ക്ലാസ്സിലെയ്ക്കൊന്നു പോയി ..ജയന്തി ടീച്ചറുടെ പാട്ടിന്റെ ആഴങ്ങളിലേയ്ക്ക് ...ഇന്ന് ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ എനിയ്ക്ക് ആ പാട്ടിന്റെ അര്‍ഥം അറിയാം ..ആവരികള്‍ എഴുതിയ ആളിന്റെ മനസ്സ് കാണാം ..ആ മനസ്സിലെ വേദനകള്‍ അറിയാം ..ഈശ്വരന് വലിച്ചെറിയാനും ആഞ്ഞടിയ്ക്കാനും പിന്നെ തട്ടിക്കളിയ്ക്കാനുമോക്കെയായി പന്ത് പോലെ ചില ജന്മങ്ങള്‍ അവിടുന്ന് തന്നെ സൃഷ്ടിയ്ക്കുന്നു ..ടീച്ചറെ പോലെ ..നമ്മില്‍ ചിലരെ പോലെ മറ്റു പലരെയും പോലെ ...എന്നെങ്കിലുമോരിയ്ക്കല്‍ ആ കളിപ്പന്തുകള്‍ ഈശ്വരന്‍ വാരിയെടുത്തു നെഞ്ചോട്‌ ചേര്‍ത്തേക്കാം ..അതൊരു പ്രത്യാശയാണ് ..ദൈവസ്നേഹം നിറഞ്ഞ മനസ്സുകളുടെ പ്രാര്‍ഥനയാണ് ..മനസ്സ് വല്ലാതെ നോവുന്നു ..കാതുകള്‍ ഇപ്പോഴും മൂന്നാം ക്ലാസ്സിലാണ് ..അവിടെ കൈകള്‍ താളത്തില്‍ കൊട്ടി ജീവിതത്തിന്റെ നിരര്ഥകതയെ ഓര്‍മ്മിപ്പിയ്ക്കുന്ന വരികള്‍ ഈണത്തില്‍ പാടുന്നുണ്ട് കുട്ടികള്‍ ..ഒപ്പം ബ്ലാക്ക് ബോര്‍ഡിനു മുന്നില്‍ വിഷാദം നിറഞ്ഞ നീള്‍മിഴികള്‍ ഹൃദയം തുളച്ചു ആഴ്ന്നിറങ്ങുന്നു അതിന്റെ അഗാധതകളിലെയ്ക്ക്

ഷീജാ അനില്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ