2014 ഒക്‌ടോബർ 26, ഞായറാഴ്‌ച

ഉത്സവം


















അമ്പലപ്പറമ്പിലെ ആരവങ്ങൾ ഇങ്ങു അകത്തളത്തോളം മുഴങ്ങി കേള്ക്കാം ...ഇന്ന് പൂരം കൊടിയിറങ്ങുകയാണ്.ലക്ഷ്മി മോൾക്ക്‌ പനിയാണ് ഇന്നിത്തിരി കൂടുതലും ...മരുന്ന് വാങ്ങാൻ ഒരു വഴിയും ഇല്ല മടിയിൽ തല ചായ്ച്ചു കിടക്കുകയാണ് അവൾ ...തീ പോലെ പൊള്ളുന്നുണ്ട് ഉടൽ..എത്ര ദിവസ്സമായി കുഞ്ഞിങ്ങനെ ...ഡോക്ടർ കുറിച്ച് നല്കിയ മരുന്ന് വാങ്ങാൻ പണത്തിനായി ഇന്നലെയും അയാളോട് കണ്ണീരോടെ യാചിച്ചതാണ് ..അയാള് കേട്ട ഭാവം നടിച്ചില്ല ..ഉത്സവ മേളങ്ങളിൽ ലയിച്ചു മദ്യലഹരിയിൽ മതി മയങ്ങി മുച്ചീട്ട് കളിയുടെ തിരക്കിലാവും അയാള് ..കാരുണ്യം തീണ്ടാത്ത മനുഷ്യമൃഗം .."അമ്മേ ".ശംഭുവിന്റെ വിളിയൊച്ച രജനിയെ ചിന്തയിൽ നിന്നുണർത്തി..."വിശക്കുന്നമ്മേ"...ഒരു നിമിഷം രജനിയ്ക്ക് ശബ്ദം നഷ്ടപ്പെട്ടു .ഇന്നും തീ പുകയാത്ത അടുപ്പും കമിഴ്ത്തിയിട്ട പാത്രങ്ങളും നോക്കി നെടു വീര്പ്പിടാനാണ് തന്റെ വിധി ..ആഹാരം ഉണ്ടാക്കിയിട്ട് ഇന്നേയ്ക്ക് മൂന്നു ദിവസ്സം ..അടുത്ത വീട്ടില് നിന്നാണ് കഴിഞ്ഞ ദിവസ്സങ്ങളിൽ ലക്ഷ്മിയ്ക്കും ശംഭുവിനും അല്പം ആഹാരം കൊടുത്തത് ..അതും സീത ചേച്ചിയുടെ കാരുണ്യം കൊണ്ട് ..അച്ഛനും അമ്മയും എന്ത് മേന്മ കണ്ടിട്ടാണ് ഈ മനുഷ്യന് തന്റെ ജീവിതം ബലിയായ് നല്കിയതെന്നവൾക്കറിയില്ല...

                                                                ഓർമ്മകളിൽ അവൾ എന്നും ശിവേട്ടന്റെ കളിക്കൂട്ടുകാരിയായിരുന്നു.. വളര്ച്ചകൾക്കൊപ്പം കാലത്തിനൊപ്പം മനസ്സിൽ വിരിഞ്ഞ മാറ്റങ്ങൾ ബന്ധങ്ങളിൽ വർണ്ണക്കൂട്ടുകൾ മാറ്റി വരച്ചപ്പോഴും മറുത്തു ചിന്തിയ്ക്കേണ്ടി വന്നതേയില്ല . കുടുംബങ്ങൾ ജാതിയുടെ വിള്ളലുകൾ തീർത്ത്‌ അകറ്റി കളയാൻ ശ്രമിയ്ക്കുമ്പോഴും സാമ്പത്തിക പരാധീനതകളുടെ കണക്കെടുത്ത് കുത്തിനോവിയ്ക്കുമ്പോഴും ശിവേട്ടൻ അചഞ്ചലൻ ആയിരുന്നു .."എനിയ്ക്ക് അധ്വാനിയ്ക്കാൻ കഴിവുണ്ട് പെണ്ണെ ..നമുക്ക് ജീവിയ്ക്കാൻ അത് മാത്രം മതി " ഞാൻ വിളിച്ചാൽ നീ ഒപ്പം വരണം "..ഓര്ക്കുന്നുണ്ട് ഇപ്പോഴും ഒപ്പം കൂട്ടാതെ തനിച്ചു പോയത്.. .എന്നും കാണുന്ന .പുഴക്കരയിൽ അവസാനമായി ..ഒരു നോക്ക് കണ്ടു.. കഴുകൻമരത്തിന്റെ കൊമ്പിൽ തൂങ്ങിയാടുന്ന ജഡമായി...എന്തിനെന്നറിയില്ല ..നാട് മുഴുവൻ അറിഞ്ഞ പ്രണയം ..മറ്റൊരു വിവാഹത്തിനു തോന്നിയതേയില്ല .അമ്മയും അച്ഛനും വേദനിയ്ക്കുന്നതറിഞ്ഞിട്ടും.... ..പോകെ പോകെ അവര്ക്കൊരു ഭാരമാവുന്നതും .കുഞ്ഞനിയന്റെ ശബ്ദം അധികാരത്തിലുയരുന്നതും ..ചില തീരുമാനങ്ങൾ നടപ്പിലാവുന്നതും നിസ്സഹായതയോടെ നോക്കി നിന്നു..ആരെന്നോ എന്തെന്നോ അന്വേഷിച്ചില്ല .ഒരു പുടവ വാങ്ങി ഒരിയ്ക്കൽ അചൂട്ടിയോടൊപ്പം പടിയിറങ്ങി ....അന്ന് മുതൽ ഇന്നോളം കണ്ണീർ തോര്ന്നിട്ടില്ല .പ്രത്യേകിച്ച് ജോലിയോ വരുമാനമോ സ്വന്തക്കാരോ ഒന്നുമില്ലാത്ത ആളായിരുന്നു അച്ചൂട്ടി .ഉത്സവങ്ങൾ അയാൾക്ക്‌ ലഹരിയാണ് ..മുച്ചീട്ട് കളിയും .ശിവേട്ടന്റെ പേര് പറഞ്ഞായിരുന്നു എന്നും തല്ലു ..ലക്ഷ്മി മാസം തികയാതെ പ്രസവിച്ച കുട്ടിയയതോണ്ട് അത് ശിവേട്ടന്റെ കുട്ടിയെന്നാണ് അയാള്ടെ വാദം ..അവളെ അയാള് സ്നേഹിച്ചിട്ടെയില്ല ശംഭുവിനു വെറുപ്പാണ് അയാളെ ..ക്രൌര്യം മുറ്റിയ കണ്ണുകൾ എപ്പോഴുംഅവനെ തുറിച്ചു നോക്കാറൂണ്ടാത്രേ ഉറക്കത്തിൽ പോലും ..ഇടയ്ക്ക് ഭിക്ഷ നല്കും പോലെ എന്തെങ്കിലും നല്കും ..രണ്ടോ മൂന്നോ ദിവസ്സം ഭക്ഷണം ..വെക്കാം ..വീണ്ടും പട്ടിണി ..തോന്നുമ്പോൾ ഇറങ്ങി പോകും എന്നെങ്കിലും തോന്നുമ്പോൾ തിരികെ വരും ..അയാള് ഇല്ലാത്തപ്പോൾ അടുത്ത വീടുകളിൽ ചെറു പണികൾ ചെയ്താണ് കഴിയുക ..അയാളുണ്ടെങ്കിൽ അതും സമ്മതിയ്ക്കില്ല ..മാത്രമല്ല ലെക്ഷ്മിയോടുള്ള അയാളുടെ സമീപനത്തിൽ അസ്വാഭാവികത തോന്നാറുണ്ട് പലപ്പോഴും ..വീട്ടിലേയ്ക്ക് പോയാൽ കുഞ്ഞനിയാൻ വഴക്കുണ്ടാക്കും ..കയ്യിലിരുപ്പു കൊണ്ടാത്രേ ജീവിതം ഇങ്ങനെയായത് അത് കേൾക്കുമ്പോൾ സ്നേഹം ആണ് ഈ ഭൂമിയിലെ ഏറ്റം വലിയ കുറ്റമെന്നു തോന്നും ..തുളുമ്പുന്ന മിഴികൾ കുട്ടികൾ കാണാതെ തുടച്ചു തിരിച്ചിറങ്ങും ..ഇപ്പോൾ പോകാറുമില്ല..ഒറ്റപ്പെടലിന്റെയും വേദനകളുടെയും മടുപ്പിൽ ജീവിതം പോലും വെറുത്തിരിയ്ക്കുന്നു കുട്ടികൾ ...


                                               ലക്ഷ്മിയുടെ തേങ്ങലാണ് ഓർമ്മകളിൽ നിന്നുണർത്തിയത് .പതിയെ ഉള്ള കരച്ചിൽ ഒടുവിൽ നേർത്തു നേർത്തു അമ്മേയെന്ന ഞരക്കം മാത്രംമായി മാറുന്നു ..രജനിയുടെ നെഞ്ചിൽ ഒരു തീക്കാറ്റെരിഞ്ഞു..ശംഭു ഭയത്തോടെ നിലവിളിച്ചു "അയ്യോ അമ്മേ ചേച്ചി" .."പനി കൂടുതലാണ് ചേച്ചിയ്ക്ക് അതാ മോൻ വിഷമിയ്ക്കണ്ട.".മോനിവിടെയിരിയ്ക്ക് അമ്മ ഇപ്പൊ വരാം..ഒരു പുതപ്പെടുത്തു ലെക്ഷ്മിയെ നന്നായി പുതപ്പിച്ചു..അവൾ പുറത്തേയ്ക്കോടി .."അമ്മേ ഞാനും വരുന്നു" ..ശംഭുവും ഒപ്പം കൂടി അമ്പലപ്പറമ്പിൽ സ്റ്റേജിനു പിറകിലെ മുച്ചീട്ട് കളി സംഘത്തിനടുത്തെയ്ക്ക് ശംഭുവിന്റെ കൈ പിടിച്ചു ഓടിയെത്തുമ്പോൾ അവൾ നന്നേ കിതയ്ക്കുന്നുണ്ടായിരുന്നു ..ക്രൌര്യം മുറ്റിയ കണ്ണുകളിലെ തിളയ്ക്കുന്ന ക്രോധം അവഗണിച്ചു അവൾ കിതപ്പോടെ പറഞ്ഞു "അചൂട്ടീ ലെക്ഷ്മിയ്ക്ക് തീരെ വയ്യ ..അവളെ ആസ്പത്രിയിൽ കൊണ്ടുപോകണം" ..അലച്ചുവന്ന ഒരു പൊട്ടിച്ചിരിയോടൊപ്പം അയാള് നിലത്തേയ്ക്ക് കാറി തുപ്പി ..നിന്റെ ജാരസന്തതിയ്ക്ക് മരുന്ന് വാങ്ങാൻ അചൂട്ടിയുടെ പണമോ .ചത്തു പോകട്ടെ ശവം കടന്നു പോടീ എന്റെ മുന്നില് നിന്നു ..നിലത്തു നിന്നു വാരിയെടുത്ത പൂഴിമണൽ തലയിലൂടെ ശരീരത്തിലേയ്ക്ക് പൊഴിഞ്ഞു വീഴുന്നു ..കണ്ണുകൾ തുറക്കാൻ കഴിയുന്നില്ല .ശംഭു കയ്യിൽ പിടിച്ചു നിലവിളിയ്ക്കുന്നു ..അമ്മേ വരൂ അമ്മേ നമുക്ക് പോകാം ...ആ നിലവിളി ചെണ്ടമേളത്തിന്റെ കൊഴുപ്പിൽ അമര്ന്നോടുങ്ങി ..ശംഭുവിന്റെ കയ്യിൽ പിടിച്ചു കണ്ണ് തിരിയാതെ നടക്കുമ്പോൾ അവന്റെ പല്ലുകൾ ഞെരിഞ്ഞമരുന്ന ശബ്ദം ഒരു വേള കേട്ടു .."കൊന്നു കളയണം പന്നിയെഅതാ വേണ്ടത് "മോനെ വേണ്ട ..അത് നിന്റെ അച്ഛനാണ് " എങ്ങിനെയോ പറഞ്ഞൊപ്പിച്ചു .."അച്ഛൻ".."ത്ഫൂ "അച്ചൂട്ടിയെ അനുകരിച്ചു ശംഭു നിലത്തേയ്ക്ക് കാറിത്തുപ്പി ..രജനിയുടെ ഹൃദയം ഒന്ന് നടുങ്ങി ..അവനെ ചേര്ത്തു പിടിച്ചു അവൾ മുന്നോട്ടു പാദങ്ങൾ പെറുക്കി വെച്ചെങ്കിലും ലെക്ഷ്മിയുടെ ഓര്മ്മ അവളെ നടുക്കം കൊള്ളിച്ചു ..വേഗം നടന്നെത്തിയത്‌ വലിയ ഒരു മതില്കെട്ടിനു മുന്നിലാണ് ..ഗേറ്റിനടുക്കൽനിന്നു മുരടനക്കുമ്പോൾ മുറ്റത്തു ഉലാത്തിയിരുന്ന ആൾ മുന്നിലേയ്ക്ക് നടന്നു വന്നു ..ആരാ എന്താ വേണ്ടത് ..അവൾ അമ്പരന്നു നോക്കുകയായിരുന്നു അശോകേട്ടൻ ..ശിവേട്ടനോപ്പം എപ്പോഴും കാണാറുള്ള ഉറ്റ സുഹൃത്ത് ..അശോകേട്ടാ എന്നെ അറിയില്ലേ ഞാൻ രജനിയാണ് ..ശിവേട്ടന്റെ ...ഒരു നിമിഷത്തെ അമ്പരപ്പിനോടുവിൽ ..ചുരുങ്ങിയ വാക്കുകളിൽ കാര്യം പറഞ്ഞു അശോകനോപ്പം വീട്ടിലേയ്ക്ക് കുതിയ്ക്കുമ്പോൾ അവളുടെ കാലുകൾക്കു പരുന്തിന്റെ വേഗമായിരുന്നു ..


                                              വീടിനടുത്തെത്തുമ്പോഴേ കണ്ടു വെളിച്ചം കെട്ടിരിയ്ക്കുന്നു.അതെന്തേ ആശങ്കൾ കൂട് കെട്ടിയ മനസ്സോടെ ശംഭുവിന്റെ കയ്യിൽ നിന്നു ടോര്ച്ച വാങ്ങിയടിച്ചതും വാതിൽ തുറന്നതും ഒപ്പം കഴിഞ്ഞു..അവിടെ അയാള് അച്ചൂട്ടി ലെക്ഷ്മിയുടെ മീതെ കുഞ്ഞിന്റെ ..ശ്വാസം മുട്ടി പിടയുന്ന നേർത്ത ഞരക്കങ്ങൾ ..ഒരു നടുക്കത്തിൽ അവളുടെ കയ്യിൽ നിന്നും ടോര്ച്ചു താഴെ വീണു ...പിടഞ്ഞെഴുന്നേറ്റ അചൂട്ടിയുടെ കണ്ണുകളിലെ ക്രൌര്യം ആ ഇരുട്ടിലും തിളങ്ങി നിന്നു.എങ്കിലും അയാള് പറയാൻ ശ്രമിച്ചു "ഞാനവൾക്ക്‌ പനിയുണ്ടോ എന്ന് നോക്കാൻ "....ഒരു ആലോചനയിൽ അവളുടെ മനം പിടയും മുന്നേ ഒരു അലര്ച്ച കേട്ടു "എടാ പന്നീ" ..തടയാൻ കഴിയും മുന്നേ കയ്യിലിരുന്ന കരിങ്കല്ലുമായി ശംഭു മുന്നോട്ടു കുതിച്ചു ..മദ്യ ലഹരിയിൽ കാലുകൾ വേച്ചു അയാള് ആടിയുലഞ്ഞു നിലത്തേയ്ക്ക് .വീണു .വെറും പത്തു വയസ്സ് മാത്രമുള്ള അവനെ തടയാൻ കഴിയാതെ ചലനമറ്റു അവൾ പകച്ചു നിന്നു ചീറ്റിവീണ ചോരത്തുള്ളികൾക്കിടയിൽ അയാളുടെ അവസാന ചലനവും നിലയ്ക്കുവോളം ...അലർച്ചയും നിലവിളിയും കേട്ടു ആളുകൾ ഓടിക്കൂടാൻ തുടങ്ങിയിരുന്നു ..പൊടുന്നനെ അവളെ അമ്പരപ്പിച്ചു കൊണ്ട് ശംഭു പുറത്തേയ്ക്കോടി ..മോനെ ..ഉത്സവപറമ്പിലെ ആരവത്തെക്കൾ മുഴക്കമുണ്ടായിരുന്നു ആ ശബ്ദത്തിന് പക്ഷെ ....ലെക്ഷ്മിയെ വാരിയെടുത്തു മാറോടു ചേര്ത്തു ആ രക്തക്കളത്തിനു നടുവിൽ ഒരു അഭയാര്ഥിയെ പോലെ അവൾ ചുവർ ചാരി ഇരുന്നു ..പന്തും ബലൂണും കളിക്കോപ്പുകളും കളിക്കൂട്ടുകാരും ഒത്തു ഓടിക്കളിയ്ക്കേണ്ട മകൻ ഒരു കൊലപാതകിയായി അങ്ങ് ദൂരെ ഇരുളിൽ മറയുന്നതും നോക്കി ..അമ്പലത്തിൽ അപ്പോൾ പൂരം കൊടിയിറങ്ങാൻ തുടങ്ങിയിരുന്നു 

                                                             ഷീജാ അനില്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ