|
മഴ പെയ്യുന്നുണ്ട് തോരാതെ .പ്രത്യേകിച്ച് പണിയൊന്നും ഇല്ലെങ്കിൽ മഴ നോക്കിയിരിയ്ക്കുന്നതും ഓര്മ്മകളിലൂടെ സഞ്ചരിയ്ക്കുന്നതും ഒരു സുഖമാണ് ..ഓരോ മഴയും ബാല്യത്തിലെയ്ക്കാവും പലപ്പോഴും നമ്മെ കൂട്ടി കൊണ്ട് പോവുക ..പ്രത്യേകിച്ചും പള്ളിക്കൂടമുറ്റത്തെയ്ക്ക് ..മഴയിൽ നനഞ്ഞു കുതിര്ന്ന പുള്ളിപ്പാവാട ഒതുക്കി പിടിച്ചു അതൊന്നു തോര്ന്നു കിട്ടാൻ വേണ്ടി പിന് ബെഞ്ചിന്റെയും പുറകിൽ നിരന്നു നില്ക്കുന്ന ഒരു ക്ളാസ്മുറിയുടെ ഓര്മ്മയിലേയ്ക്കു ..മഴ നനഞ്ഞതിൽ വഴക്ക് പറയുന്ന ടീച്ചറുടെ മുഖത്തേയ്ക്കു കുടയില്ലത്തതിന്റെ വൈക്ലബ്യം മറച്ചു വെച്ച് ദൈന്യതയോടെ നോക്കി നിന്നിരുന്ന ഒരു കാലം ..വൈകുന്നേരങ്ങളിൽ മഴ തോരുന്നതും കാത്തു പുസ്തകം മാറത്തടുക്കി പീടികതിണ്ണകളുടെ മൂലയിൽ കൂനി കൂടി നിന്നൊരു കാലം ..ഇന്ന് ഉച്ചയ്ക്ക് ശേഷം അങ്ങിനെയൊരു കാലത്തിൽ കൂടി വണ്ടിയിങ്ങനെ ചൂളം വിളിച്ചു പായുംപോഴാണ് അടുത്ത സ്റ്റേഷനിൽ നിന്നും നമ്മുടെ സ്റ്റെല്ല കയറുന്നത് ..സ്റ്റെല്ലയെന്നാൽ എന്റെ പഴയ ക്ലാസ്സ് മേറ്റ് .അഞ്ചാം ക്ലാസ്സിലാണ് അവൾ ഞാൻ പഠിചിരുന്ന സ്കൂളിൽ എത്തുന്നത് .ഞാനടക്കമുള്ള പാവപ്പെട്ട കുട്ടികളോട് മിണ്ടാൻ പോലും മടിയായിരുന്നു അവൾക്കു.. പഠിയ്ക്കുന്ന കുട്ടികളായിട്ടു പോലും അവൾ ഞങ്ങളിൽ നിന്ന് കൃത്യമായ ഒരു അകലം സൂക്ഷിച്ചു പോന്നിരുന്നു അത് കൊണ്ട് തന്നെ .ഗുണ്ട് മണി.. അഹങ്കാരി ..ജാടക്കാരി..മത്തങ്ങ തുടങ്ങി അത്യാവശ്യം ഗമയിൽ വരുന്നതും പൊക്കം ഇത്തിരി കുറഞ്ഞതുമായ കുട്ടികള്ക്ക് കൊടുക്കാവുന്ന എല്ലാ പേരുകളും ഞങ്ങൾ അവൾക്കു നല്കിയിരുന്നു ..അവൾ സ്കൂളിൽ നിന്നും ഉച്ചക്കഞ്ഞി വാങ്ങിയ്ക്കില്ല ..ഉച്ച ഭക്ഷണം വീട്ടില് നിന്ന് കൊണ്ട് വരും ..പൊങ്ങച്ചത്തിന്റെ എടുത്താൽ പൊങ്ങാത്ത ഭാരവും പേറിയാണ് കാലത്ത് ഈ സാധനം വരുക..ഒരു പെട്ടിയുണ്ട് അവൾക്കു ..അതിലാണ് പുസ്തകങ്ങളും ബുക്സും ടിഫിനും ഒക്കെ കൊണ്ട് വരുക ..ഞങ്ങളോടൊന്നും അവൾ അധികം മിണ്ടാറില്ല .പക്ഷെ ഞങ്ങളെ കാണിയ്ക്കാൻ വേണ്ടി ഓരോ ദിവസവും പെട്ടി തുറന്നു പേന പെൻസിൽ ചായക്കൂട്ടുകൾ ഇത്യാദി സമ്മാനങ്ങളുമായി ഒരു നാടകീയ ഭാവത്തിൽ നടന്നു വന്നു ഞങ്ങളെ സാക്ഷിയാക്കി അതൊക്കെ അവൾക്കു പ്രിയപ്പെട്ടവര്ക്ക് സമ്മാനിച്ച് ഇത് ഉഗാണ്ടയിലെ ആന്റി തന്നതാ ..ഇത് ഉട്ടോപ്യയിലെ അങ്കിൾ തന്നതാ എന്നൊക്കെ പറഞ്ഞു ഞങ്ങളെയെല്ലാം നോക്കി പുശ്ച്ച ഭാവത്തിൽ ചുണ്ട് കോട്ടി നടന്നു പോകും സ്റ്റെല്ല .സത്യം പറഞ്ഞാൽ ഇവള്ക്കൊരു പണി കൊടുക്കാതെ വയ്യെന്ന് പലപ്പോഴും തോന്നാറുണ്ട് ട്ടോ ..പക്ഷെ അവസരം കിട്ടാഞ്ഞത് കൊണ്ടും ടീച്ചറെ ഭയന്നും ദിവസ്സങ്ങൾ പയ്യെ പയ്യെ മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു .
അങ്ങിനെയിരിയ്ക്കെ ഒരു ദിവസ്സം സ്റ്റെല്ല സ്കൂളിൽ വന്നത് വിശേഷപ്പെട്ട പപ്പടം നിറച്ച ഒരു പ്ലാസ്റ്റിക് ടിന്നുമായിട്ടായിരുന്നു ..ഒരു രൂപ വട്ടത്തിൽ ഉള്ള തീരെ ചെറിയ പപ്പടമായിരുന്നു അത് ..കുറെയേറെ പപ്പടം പൊരിച്ചു ആ ടിന്നിനുള്ളിൽ സൂക്ഷിചിട്ടുണ്ടായിരുന്നു ..അത് അവളുടെ അങ്കിൾ മലേഷ്യയിൽ നിന്നും കൊടുത്തയചതാണ്. എന്നതായിരുന്നു അന്നത്തെ നുണക്കഥ.ഞങ്ങളാരും അത്ര ചെറിയ പപ്പടം കണ്ടിട്ടില്ല ..അതിനു ചുറ്റും ചെറിയ മുള്ളുകൾ പോലെ ഡിസൈൻ ണ്ടായിരുന്നു .പാവം കുട്ടികൾ ഇതൊക്കെ കണ്ണും പൂട്ടി വിശ്വസിച്ചു അതിൽ നിന്നൊരെണ്ണം കിട്ടാൻ വേണ്ടി കുട്ടികൾ അവൾക്കു ചുറ്റും കൂടി ..തിക്കും തിരക്കും കൂട്ടി .ഞാനും ണ്ടായിരുന്നു ട്ടോ ..കൂട്ടത്തിൽ.അതോടെ സ്റ്റെല്ല വലിയ താരമായി മാറി .ഭയങ്കര ഗമയിൽ ഒച്ചയുണ്ടാക്കി . അവൾ എല്ലാവരോടുമായി പറഞ്ഞു എല്ലാവര്ക്കും തരാം ..ഇത് നിറയെ ണ്ടല്ലോ ..ഉച്ചയ്ക്ക് ഭക്ഷണത്തിനിരിയ്ക്കുമ്പോൾ വരൂ എന്ന് .. ഉച്ച ഭക്ഷണത്തിനു സ്റ്റെല്ല ആസനസ്ഥയായപ്പോൾ ഞങ്ങൾ ഉച്ചക്കഞ്ഞികാരും ഒപ്പം കൂടി ..ഞങ്ങൾ മൂന്നു കൂട്ടുകാര് എപ്പോഴും ഒന്നിച്ചായിരുന്നു.ഇരുപ്പും നടപ്പും.ഭക്ഷണം കഴിയ്ക്കുന്നതും ഒക്കെ ഒന്നിച്ചു .ഞാനും അമിതയും സൌമ്യയും ..ഇണ പിരിയാത്ത കൂട്ടായിരുന്നു ഞങ്ങൾ.അന്നും ഞങ്ങൾ മൂന്നാളും ഒന്നിച്ചിരുന്നു .സ്റ്റെല്ല പപ്പടം വിളമ്പാൻ ആരംഭിച്ചു .എന്ത് കൊണ്ടെന്നറിയില്ല സ്റ്റെല്ല ഞങ്ങള്ക്ക് മാത്രം പപ്പടം തന്നില്ല .എല്ലാവര്ക്കും വിളമ്പി അധികം വന്ന പപ്പടം രണ്ടാമതും പങ്കു വെച്ചിട്ടും എന്തുകൊണ്ടോ അവൾ ഞങ്ങളുടെയടുത്തെയ്ക്ക് മാത്രം വന്നില്ല ..കുഞ്ഞുമനസ്സിൽ പൈസയില്ലാത്തതിന്റെ പേരില് ആദ്യമായി അപകര്ഷതാബോധം തോന്നിയത് അന്ന് സ്റ്റെല്ലയെ പോലുള്ളവർ ഒഴിവാക്കി നിർത്തിയപ്പോഴാണ്..സ്റ്റെല്ല ഭക്ഷണം കഴിച്ചു എഴുന്നേറ്റു വിജിഗീഷുവിനെ പോലെ ഞങ്ങളെ ഒന്ന് നോക്കി നടന്നു പോകുമ്പോൾ മനസ്സ് നൊന്തിരുന്നു ..മിഴികൾ നിറഞ്ഞിരുന്നു ..കഞ്ഞിയിൽ വെറുതെ വിരലിട്ടിളക്കി കൈ കഴുകി മടങ്ങുമ്പോൾ ആരും കാണാതെ മുഖം തുടച്ചു .ദിവസ്സങ്ങൾ കഴിഞ്ഞു .പതിയെ പതിയെ പപ്പടം ഓർമ്മയിലേയ്ക്കു മറഞ്ഞു .. ഒരു ദിവസ്സം സ്കൂൾ വിട്ടു വീട്ടിലെത്തുമ്പോൾ ചേച്ചിയുടെ മക്കൾ അയലത്തെകുട്ടികളുമായി ഭയങ്കര കളിയിൽ ഏർപ്പെട്ടിരിയ്ക്കുന്നു..പലചരക്കു കടയാണ് സംഗതി .പുസ്തകംകൊണ്ട് വെച്ച് ഞാനും ഒപ്പം കൂടി .അവിടെ കച്ചവടം പൊടി പൊടിയ്ക്കുന്നു ..പച്ചില ഞെരടിയെടുത്ത വെളിച്ചെണ്ണയും മണ്ണ് കുഴച്ചു ഗോതമ്പ് മാവും തുടങ്ങി പല പല സാധനങ്ങളും ണ്ട് കടയിൽ..പെട്ടെന്നാണ് പപ്പടം എന്നെഴുതി വെച്ചിരുന്ന സാധനത്തിൽ എന്റെ കണ്ണുടക്കിയത് ..ഒരു രൂപ വട്ടത്തിൽ പച്ചിലക്കഷണങ്ങൾ അട്ടിയടുക്കി വെച്ചിരിയ്ക്കുന്നു ..ഇതെങ്ങിനെ ഒപ്പിച്ചുന്നു ചോദ്യത്തിന് മറുപടിയായി കൊച്ചുമോൻ ഒരു സോഡാക്കുപ്പിയുടെ അടപ്പുയര്ത്തിക്കാട്ടി ..ചുറ്റിനും കുനുകുനാ കൂര്ത്തിരിയ്ക്കുന്ന അടപ്പ് ..ഒരു രൂപ വട്ടത്തിലുള്ളത് ..സ്റ്റെല്ലയുടെ മലേഷ്യൻ പപ്പടത്തിന്റെ ടെക്നിക് ഒരു നിമിഷം മനസ്സിലൂടെ കടന്നു പോയീ .മുറിപ്പെട്ട ആത്മാഭിമാനം മനസ്സിലിരുന്നു മന്ത്രിച്ചു പകരം വീട്ടണം ..പക്ഷെ എങ്ങിനെ ?വിശേഷ ദിവസ്സങ്ങളിൽ മാത്രം വീട്ടില് കാണാൻ കിട്ടുന്ന ഒന്നാണ് പപ്പടം.അമ്മയെ കൊണ്ട് വാങ്ങാൻ കഴിയില്ല മാത്രമല്ല അമ്മയ്ക്ക് സങ്കടമാവുകയും ചെയ്യും കുത്തിയിരുന്നു ആലോചിച്ചു .ന്താ ഒരു വഴി .തല പുകഞ്ഞതല്ലാണ്ട് പപ്പടത്തിനുള്ള കാശുണ്ടാക്കാൻ ഒരു വഴിയും കണ്ടില്ല ..ഒടുവിലാണ് ഒട്ടൊരു ആഹ്ലാദത്തോടെ മനസ്സിലേയ്ക് ആ ആ ഓര്മ്മ കടന്നു വന്നത് ..സുഗമ ഹിന്ദി പരീക്ഷയ്ക്ക് ഫീസടയ്ക്കാൻ അച്ഛൻ വല്യണ്ണനോട് വാങ്ങിത്തന്ന അഞ്ചു രൂപ ..പിന്നെ മടിച്ചില്ല ..പരീക്ഷ എഴുതിയില്ലേലും വേണ്ടില്ല എന്ന് മനസ്സ് പറഞ്ഞു ..നേരെ കടയിലേയ്ക്ക് .. പപ്പടം വാങ്ങി വീട്ടിലെത്തുമ്പോൾ അമ്മ ചോദിച്ചു ഇതെവിടുന്നാ എന്ന് ? സൗമ്യയുടെ വീട്ടില് നിന്നാണെന്നു കള്ളം പറഞ്ഞു ..സോഡാക്കുപ്പിയുടെ അടപ്പ് കൊണ്ട് കരണ്ടെടുത്ത ഒരു രൂപ വട്ടത്തിലുള്ളതും ചുറ്റിനും നേർത്ത ഡിസൈൻ ഉള്ളതുമായ പപ്പടം പൊള്ളിച്ചു കയ്യിൽ വാങ്ങുമ്പോൾ അമ്മ ചോദിച്ചു ഈ പെണ്ണിന് ഇതെന്താ പറ്റിയേ ന്നു .എന്തൊക്കെ ഭ്രാന്താ കാണിയ്ക്കുന്നെ..കണ്ണീർപാടകൾ ചുളിവു വീഴ്ത്തിയ അമ്മമുഖത്തു അരുമയോടൊരു നുള്ള് കൊടുത്തു .. .സന്തോഷത്താൽ തുള്ളിച്ചാടി സ്കൂളിൽ എത്തുമ്പോൾ ഞാനും വല്യ ആളാവുന്നു..ടീച്ചര് ഇല്ലാത്ത പിരിയഡിൽ എല്ലാവര്ക്കും പപ്പടം നൽകുമ്പോൾ സ്റ്റെല്ല മാത്രം വാങ്ങിയില്ല .ഏറെ നിര്ബന്ധിച്ചിട്ടും ..പപ്പടം തിന്ന ശേഷം ക്ളാസ്സിലെ അതിബുദ്ധിമാനായ അഭിജിത്ത് (തിരിച്ചാണ് ട്ടോ ) ഉറക്കെ വിളിച്ചു ചോദിച്ചു .."ഷീജാ നിന്റെ അങ്കിളും മലേഷ്യയിൽ ണ്ടോ എന്ന് ?" സ്റെല്ല ഒട്ടൊരു ചമ്മലിൽ എന്നെ നോക്കുമ്പോൾ ഞാൻ അവനു മറുപടി കൊടുത്തു.. "ഉം ണ്ടെടാ പക്ഷെ ന്റെ അങ്കിൾ പപ്പടം അല്ല കൊണ്ട് തന്നത്".."പിന്നെ" അവൻ അത്ഭുതം കൂറി .."പപ്പടം ണ്ടാക്കുന്ന മെഷീനാ"ഞാൻ ചിരിയോടെ തുടർന്നു.. പപ്പടം ണ്ടാക്കുന്ന മെഷീനോ ?? അതെന്താ ?? അതൊക്കെ ണ്ട് ഞാൻ കാട്ടിത്തരാം ട്ടോ ..ഞാൻ പോയി പുസ്തകം വെയ്ക്കുന്ന പ്ലാസ്റ്റിക് കവറിനുള്ളിൽ നിന്ന് ഭദ്രമായി സൂക്ഷിച്ചു വെച്ചിരുന്ന സോഡാക്കുപ്പിയുടെ അടപ്പെടുത്ത് ക്ളാസ് ബോര്ഡിനു മുന്നില് വന്നു നിന്ന് എല്ലാവരെയും ഉയര്ത്തിക്കാട്ടി ..ദാ ഇതാണ് ആ മെഷീൻ ?? എല്ലാവരും ഒരു നിമിഷം അന്തം വിട്ടു ..പിന്നെ പതിയെ ക്ളാസ്സിൽ മുഴുവൻ കൂട്ട ചിരിയുയര്ന്നു ..മഞ്ഞളിച്ച മുഖവുമായി സ്റ്റെല്ല അമ്പരന്നു നിന്നു.പക്ഷെ എന്ത് കൊണ്ടെന്നറിയില്ല അവളുടെ ആ നില്പ്പ് .എന്നെ വല്ലാതെ നോവിച്ചു ... ക്ളാസ്സിലെ കൂട്ടച്ചിരിയ്ക്കിടയിൽ ഞാൻ അവളുടെ അടുത്തേയ്ക്ക് നടന്നു ചെന്ന് കൈകൾ ചേര്ത്തു പിടിച്ചു ..ഒരു ക്ഷമായാചന്യ്ക്കായി ..സ്റ്റെല്ല പതിയെ മുഖമുയര്ത്തി എന്നെ നോക്കി ..നാണക്കേടിൽ വിഷാദം പുരട്ടി അവളൊരു പുഞ്ചിരി എനിയ്ക്ക് സമ്മാനിച്ചു ...പുതിയൊരു സൌഹൃദത്തിന് നാന്ദി കുറിയ്ക്കുംപോലെ...സ്റ്റെല്ല പിന്നീട് ഒരിയ്ക്കലും ക്ളാസ്റൂമിൽ പൊങ്ങച്ചം കാട്ടിയിട്ടില്ല ..നല്ലൊരു സൌഹൃദം അവിടെ തുടങ്ങുകയായിരുന്നു ..ഇപ്പോഴും ഇടയ്ക്ക് കാണാറുണ്ട് അവളെ ..കുറേകൂടി തടി വെച്ച് ഒരുപാട് പക്വതയുള്ള ഒരു പെണ്ണായി അവളെ കാണുമ്പോൾ പഴയകാല സംഭവങ്ങൾ ഓർത്ത് അറിയാണ്ട് ചിരി വരും ...ഓർമ്മകളില്ലെങ്കിൽ നമ്മളില്ലല്ലോ .ല്ലേ..? ഓർമ്മകൾ പ്രാണനോളം വലുതാണ് .ചിരിപ്പിയ്ക്കുകയും കണ്ണ് നനയിയ്ക്കുകയും ചിന്തിപ്പിയ്ക്കുകയും ചെയ്യുന്ന എണ്ണമില്ലാത്ത ഓർമ്മകൾ ഷീജാ അനില്‍ |
2014 ഒക്‌ടോബർ 28, ചൊവ്വാഴ്ച
ഒരു സ്കൂള്‍ പഠനകാലം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ