2014 ഒക്‌ടോബർ 26, ഞായറാഴ്‌ച

നിനവുകള്‍


  • വേദനകളുടെ വിങ്ങലുകള്‍

    കോറിയിട്ടത് എന്ന് കരുതുന്ന

    പുസ്തകതാളില്‍ മുഖം പൂഴ്ത്തി

    അവള്‍ എന്തൊക്കെയോ

    പിറുപിറുക്കുകയും

    പേരറിയാത്ത മരുന്നുകള്‍ മണക്കുന്ന

    മുറിയിലെ അരണ്ട മഞ്ഞവെളിച്ചത്തെ

    ഇടയ്ക്കിടെ മുഖം ചെരിച്ചു

    തുറിച്ചു നോക്കുകയും

    ചെയ്തു കൊണ്ടിരുന്നു

    ഓര്മകളുടെ മുന്നോട്ടുള്ള ഒഴുക്കുകള്‍

    ആരോ തടസ്സപ്പെടുത്തുന്നതും

    നഗരത്തിലെ ഉരുകുന്ന

    ഉഷ്ണതെരുവുകളിലൂടെ

    ക്ഷീണിതനായി ഒരാള്‍അവളെ
    തേടി അലയുന്നതും

    വിധിയുടെ പൊരുളറിയാത്തൊരു കുഞ്ഞു

    കടലിന്റെ ആഴങ്ങളിലേയ്ക്ക്

    മരണമെന്തെന്നറിയാതെ

    നടന്നു നീങ്ങുന്നതും

    പാതിയടഞ്ഞ മിഴികളില്‍ അവള്‍

    കിനാവ് കാണുന്നുണ്ടായിരുന്നു

    നിനവുകളുടെ ഉമ്മറത്തിണ്ണയില്‍

    അവളെ പ്രതീക്ഷിച്ചു വഴിയിലുറച്ച

    കുരുന്നു നക്ഷത്ര മിഴികളും

    അവയിലെ പ്രതീക്ഷകളും

    കാണാന്‍ കഴിയാതെ

    നിസ്സഹായതയുടെ അബോധങ്ങളിലെയ്ക്ക്

    ആഴ്ന്നു പോകവേ

    ആശ്രയത്തിനായി മുറുകെ പിടിച്ച

    വിരല്തുമ്പുകള്‍ ഊര്ന്നു് പോകുന്നതും

    അന്വേഷിച്ചെത്തിയ കാലടിയൊച്ചകള്‍

    പിന്തിരിഞ്ഞകലുന്നതും

    അവളറിയുന്നുണ്ടായിരുന്നില്ല..

                                                 ഷീജാ അനില്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ