2014 ഒക്‌ടോബർ 26, ഞായറാഴ്‌ച

ബലി


തിരികെ നല്‍കാമെന്നു കാതിലായ്

മന്ത്രിച്ചെന്റെ കനവും കടം വാങ്ങി

ഒഴുകി മായുന്നുണ്ടാരോ 

നിലാവത്തിടയ്ക്കിടെ ഒളിച്ചു കളിയ്ക്കുന്ന

കുസൃതിക്കുറുമ്പനാം വെണ്ണ്‍മേഘ ജാലം പോലെ

പ്രണയം മറന്നിട്ട വരികള്‍ വായിയ്ക്കുമ്പോള്‍

ചുറ്റിനും മുഖമില്ലാ രൂപങ്ങള്‍ നിരക്കൂന്നു

കനവില്‍ ചുവര്‍ ചാരി കാത്തിരിയ്ക്കുന്നോരെന്നെ

മയക്കം മിഴി താഴ്ത്താന്‍ പതിയെ ക്ഷണിയ്ക്കുന്നു

നിറങ്ങള്‍ നെയ്തിട്ടോരീ ഓര്‍മ്മകള്‍ക്ക്മേലാരോ

കറുപ്പിന്‍ ശിരോവസ്ത്രം പുതച്ചു ചിരിയ്ക്കുന്നു

അടഞ്ഞ കണ്പോളയ്ക്കുള്ളില്‍ അടക്കമില്ലാതെന്തേ

ചിറകിട്ടടിയ്ക്കുന്നു കരയും ബലിക്കാക്ക

അഴിച്ചിട്ട മുടിപ്പൂവും മാഞ്ഞോരാ സിന്ദൂരവും

മിഴികള്‍ ഞെരിഞ്ഞിറ്റി വീഴുമാ കണ്ണീര്‍ മുത്തും

ഇലക്കീറില്‍ ചന്ദനവും തുളസിയും എള്ളും പൂവും

ഉദകം ചെയ്യാന്‍ നേരം വിറയ്ക്കുന്നുണ്ണിക്കയ്യും

മരത്തിന്‍ മീതെ നോക്കി കൈതട്ടി വിളിയ്ക്കുമ്പോള്‍

ദൈന്യതയോടെ നോക്കി അണയും ബലിക്കാക്ക

ചിറകുകുടയുന്നു വിതുമ്പി ക്കരയുന്നു 

                                                     ഷീജാ അനില്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ