2014 ഒക്‌ടോബർ 17, വെള്ളിയാഴ്‌ച

നീ

പ്രഭാതത്തിന്റെ ചില്ലകളിൽ വസന്തത്തിന്റെ കുയിൽ പാടുന്നു പുഞ്ചിരിയ്ക്കുന്ന മഴപ്പൂക്കൾക്കൊപ്പം ഹൃദയം ആനന്ദ നൃത്തം ചെയ്യുന്നു..സ്നേഹത്തിന്റെ നിലാപെയ്തിനൊപ്പം നിന്റെ വരവായെന്നു കിളികൾ ചിലച്ചറിയിയ്ക്കുന്നു..ചിത്രശലഭങ്ങൾ ഉമ്മ വെയ്ക്കുന്ന നീലപ്പൂക്കളിൽ നാണം മൊട്ടിടുന്നത് നോക്കി ഞാനീ ഉമ്മറവാതിലിൽ കാത്തിരിയ്ക്കുന്നത് നിനക്കായി മാത്രമാണെന്ന് നീ അറിയുന്നുണ്ടോ ആവോ ?.മഞ്ഞു പൂക്കുന്ന വയലേലകളിൽ എന്റെ സ്വപ്നങ്ങള്ക്ക് കാവൽ നില്ക്കുകയാണ് നീയെന്നും നിന്റെ സ്വപ്നങ്ങള്ക്ക് തളിര്ത്തു കൊഴിയാനും വീണ്ടും തളിര്ക്കാനും ഒരു ചില്ലയാണ് ഞാനെന്നും എനിയ്ക്കും നിനക്കും അറിയാം .ഇടവേളകളുടെ ദൈര്ഘ്യം നമ്മുടെ പ്രണയത്തെ ഈ ഭൂമിയിലേയ്ക്ക് വെച്ച് ഏറ്റം സുന്ദരമായ ഒന്നാക്കുന്നു ...
നിന്റെ ഓർമ്മയിൽ നിരാസ്സത്തിന്റെ പൊട്ടുകൾ അടര്ത്തി എറിഞ്ഞു ഞാൻ. പുഞ്ചിരി തൂകുന്നു..നീല വിരിപ്പിട്ട ആകാശത്തിനു കീഴിൽ നീല പുതച്ച കടലോരത്ത് മത്സരിയ്ക്കുന്ന തിരമാലകളെ നോക്കി നിന്റെ തോളിൽ തല ചേർത്തിരിയ്ക്കുന്ന കൌതുകക്കണ്ണുകൾ ഉള്ള ആ പെണ്‍കുട്ടിയാവുന്നു ഞാൻ ഒരോട്ടപ്പന്തയത്തിൽ നിനക്കൊപ്പം ഓടി മനപ്പൂർവം തോറ്റു തന്നു പിന്നാലെ ഓടിയോടി കിതച്ചു കിതച്ചു ..നീ നിവര്ത്തു പിടിയ്ക്കുന്ന കൈക്കുള്ളിലെയ്ക്ക് അലച്ചു വീഴുന്ന ആ പെണ്കുട്ടി.സ്വപ്‌നങ്ങൾ ജീവിതമല്ലെന്നും ജീവിയ്ക്കാനുള്ള പ്രേരണ മാത്രമാണെന്നും അറിയാമെങ്കിലും ചില സ്വപ്‌നങ്ങൾ ജീവിതം തന്നെയെന്നു തോന്നിപ്പോകും ചിലപ്പോഴെല്ലാം .പണ്ടേ പോലെ വഴിയോരക്കാഴ്ച്ചകളിൽ കണ്ണുടക്കി നിന്റെ കൈവിരലിൽ തൂങ്ങി നിന്നോടൊപ്പം കൂട്ട് കൂടി നടക്കാൻ കൊതി തോന്നണു ഇപ്പൊ.നിനക്കറിയില്ലേ .ജീവിതത്തിന്റെ നാൽക്കവലകളിൽ ദിശയറിയാതെ പകച്ചു നിൽക്കുമ്പോൾ എന്നും നീ തന്നെയാണെന്റെ അഭയം.നീ മാത്രമാണ് എന്റെ ആശ്രയം..നല്ല വഴികൾ ചൂണ്ടിക്കാട്ടി തെറ്റുകള്ക്ക് ശിക്ഷ നല്കി കപട ഗൌരവത്തിന്റെ മുഖം മൂടിയണിഞ്ഞു എത്രയോ കാലങ്ങളായി നീയെന്നെ പ്രണയിച്ചു കൊണ്ടേയിരിയ്ക്കുന്നു ..ഞാൻ നിന്നെയും
     ഷീജാ അനില്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ