കള്ളചൂതിനാൽ പണയം പോയ
സ്വപ്നങ്ങളെല്ലാം ചുവപ്പ് നാടയിൽ
കുരുക്ക് കെട്ടി കണ്ണുകൾ തുറിച്ചു
നാവു നീട്ടി കഴുത്തൊടിഞ്ഞങ്ങിനെ
കറുത്ത രാവിന്റെ മറവു നോക്കി
പടിയിറക്കി പടിയടച്ചവ
ചിലതെല്ലാം വെളുപ്പ് നോക്കി
പതുങ്ങി വന്നു കറുപ്പ് വെളുപ്പാകുമെന്നും
വെളുപ്പ് പിന്നെയും കറുപ്പാകുമെന്നും
നൊടിയിടയ്ക്കുള്ളിൽ നിറം മാറി
ചുവപ്പാകുമെന്നും ചുവപ്പിനു
ചോരയുടെ നിറമാണെന്നും കരഞ്ഞു
കരഞ്ഞു പദം പറഞ്ഞങ്ങിനെ
ഇനി ചിലത് ബാക്കിയുണ്ട്
പറയാതിരിയ്ക്കാൻ കരുതിയവ
നീയെനിയ്ക്ക് കടം തന്നവ
നിന്റെ പ്രണയത്തിന്റെ അതീന്ദ്രിയ
ജാലത്താൽ ഋതുക്കൾ
കണ്ണ് പൊത്തിക്കളിയ്ക്കുമെന്നും
രഥചക്രമുരുട്ടി അരികിലെത്തി
നിന്നെയും എന്നെയും തേരിലേറ്റി
മേഘങ്ങളുടെ തൂവൽപുതപ്പിൽ
ഒളിപ്പിയ്ക്കുമെന്നും പറഞ്ഞു തന്നവ
വര്ഷം വസന്തമാവുകയും
വസന്തം പിന്നെ നീയാവുകയും
നീ പിന്നെ ശിശിരമാവുകയും
പ്രണയത്തിന്റെ ഉടുപ്പഴിച്ചു
ഭയം പെരുകുന്ന നഗ്നത കാട്ടി
ഇരുളിന്റെ തുരങ്കത്തിലെയ്ക്
ഇഴഞ്ഞകലുകയും ചെയ്യുമെന്ന്
പറഞ്ഞു തരാതിരുന്നവ
എന്നിട്ടും ഞാൻ തിരയുകയാണ്
സ്വപ്നങ്ങളെ ..ചോരച്ചുവപ്പാര്ന്ന
ചോര മണക്കുന്ന സ്വപ്നങ്ങളെ
പക്ഷെ ഒന്നുണ്ട് ഇനിയുള്ള എന്റെ
എല്ലാ സ്വപ്നങ്ങളിലും നീ നഗ്നനാണ്
ഉടുപ്പഴിച്ചു ഉടുപ്പഴിച്ചു ഉടുപ്പ്ധരിയ്ക്കാൻ
ആവാത്ത വണ്ണം നഗ്നനായിപ്പോയവൻ
ഷീജാ അനില്‍

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ