2014 ഒക്‌ടോബർ 25, ശനിയാഴ്‌ച

അനാഥസത്രത്തിന്റെ ഓര്‍മ്മ

രാവിനൊരു കൂട്ടായി ഞാനിരിയ്ക്കുന്നു
നിന്‍ വരവും പ്രതീക്ഷിച്ചു നിദ്രേ
നിഴലുറങ്ങുന്നോരീ വഴികളില്‍ കൂടെന്‍റെ
പടികടന്നെത്താത്തതെന്തേ ?

മനസ്സിന്‍ ബലിക്കല്ലില്‍ ചിറകറ്റു വീഴുന്നു
മോഹമാം ശലഭങ്ങള്‍ വീണ്ടും
ചുടുനിണം ചീറ്റുന്നു രക്തക്കളത്തിലവ
മെല്ലെ പിടഞ്ഞടിയ്ക്കുന്നു

ഇരുള്‍ വീണുറങ്ങുന്ന രാവിറമ്പില്‍ പണ്ട്
തുളവീണ കൂര തന്നുള്ളില്‍
തണുപ്പിന്‍റെ പായയില്‍ പൊരിയുന്ന വയറുമായ്
മഴയേറ്റുണര്‍ന്നോരെന്‍ ബാല്യം

ഓര്‍മ്മകളില്‍ ഉണരുന്നു ഞാന്‍ പിറകെ പായുന്നു
അമ്മതന്‍ പൈതലായ് വീണ്ടും
പ്രക്ഷുബ്ധസാഗരം ഹൃദയത്തിലേറ്റിയവള്‍
നിലയറ്റു നില്‍ക്കുമൊരു ശിലപോലെയെങ്കിലും

നിശബ്ദ മൌനത്തിന്‍ തിരക്കൈകളില്‍
സ്നേഹ തൈലം പുരട്ടി തഴുകി
മാറോടു ചേര്‍ത്തു തഴുകിയണച്ചു
നിലയ്ക്കാതെ പെയ്യുമൊരു മഴ പോല്‍

ഇന്നുമവള്‍ തേങ്ങുന്നനാഥസത്രത്തിന്‍
നിറം മാഞ്ഞ ചുവര്‍ ചാരി മെല്ലെ
നാളെയൊരു അനാഥ സത്രത്തിന്‍ വിലങ്ങുകള്‍
എന്നെ ബന്ധിപ്പതോര്‍ത്താവാം..

ഷീജാ അനില്‍ 


                                       

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ