അരങ്ങു തകർത്തഭിനയിയ്ക്കാൻ ഇനി വേഷങ്ങളൊന്നും ബാക്കിയില്ലെന്നു തിരിച്ചറിയുമ്പോൾ നിസ്സഹായതയോടെ പിൻവാങ്ങി അകലാൻ കൊതിയ്ക്കുന്നു വിങ്ങി വിതുമ്പുന്ന മനസ്സ് .ഓര്മ്മകളുടെ പടവുകളിലൂടെ തിരികെ നടക്കുമ്പോൾ ഒരു ചോദ്യം ബാക്കിയാവുന്നു ആടിത്തീർത്ത വേഷങ്ങളിൽ ഒന്നെങ്കിലും നിനക്ക് സംപ്തൃപ്തി തന്നിരുന്നുവോ ??നൊമ്പരങ്ങൾ കൂട്ടുറങ്ങിയ ബാല്യവും സ്വപ്‌നങ്ങൾ വിടരാൻ മടിച്ചു നിന്ന കൌമാരവും ആര്ക്കൊക്കെയോ വേണ്ടി തീറെഴുതിയ യൌവനവും. .
ഒന്നുമാവാതെ ഒന്നിനുമാവാതെ പോയ എന്തോ ഒന്ന് മനസ്സിനെ കുത്തി നോവിയ്ക്കുന്നു എങ്കിലും ചിലപ്പോഴൊക്കെ മനസ്സിനെ ആര്ദ്രമാക്കുന്ന ചില ഓര്മ്മകളുണ്ട് മുന്നോട്ടു നീങ്ങാൻ പ്രേരിപ്പിയ്ക്കുന്നവ .ഒരു കുന്നിക്കുരുവിന്റെ സ്നിഗ്ധത നിറഞ്ഞവ, ഒരു മഴവില്ലിന്റെ നിറച്ചാർത്ത് കലര്ന്നവ, സ്വപ്നങ്ങൾക്കൊപ്പം ചേര്ത്തു വെയ്ക്കുന്ന ഒരു ഊഞ്ഞാൽ പാട്ടിന്റെ നനുത്ത ഈണം പോലെ താളാത്മകത നിറഞ്ഞവ.അവയൊക്കെ മനസ്സില് പ്രണയ വർണ്ണങ്ങളും മിഴികളിൽ പ്രണയത്തിന്റെ മാസ്മരികതയും ചൊടികളിൽ ലജ്ജയുടെ പുഞ്ചിരിയും സമ്മാനിയ്ക്കുന്നു .അത് ചിലപ്പോഴൊക്കെ വിളിച്ചു പറയുന്നുണ്ട് അസ്തമയ സൂര്യന്റെ ശ്വേത രേണുക്കൾ നിനക്ക് സമ്മാനിയ്ക്കുന്നത് വിരഹം കടം വാങ്ങി വിട പറയുമൊരു വിഷാദാർദ്ര സന്ധ്യയല്ല മറിച്ചു വരാനിരിയ്ക്കുന്ന തെളിഞ്ഞ പ്രഭാതത്തിന്റെ പൊൻവെളിച്ചം ആണെന്ന് ..
മറക്കാൻ കഴിയാത്ത നിറമുള്ള ഓര്മ്മകളെ നെഞ്ചോട് ചേര്ത്തു പുതിയ സ്വപനങ്ങളിൽ പ്രത്യാശയുടെ നൂൽ നിറങ്ങൾ ഇഴപാകി ചേര്ക്കുക..അണയാത്ത സ്നേഹത്തിന്റെ ദീപം മിഴികളിൽ തെളിച്ചു ആരോ ഒരാൾ എവിടെയോ നിനക്ക് വേണ്ടി കാത്തിരിയ്ക്കുന്നു .ഓര്മ്മകളുടെ മണ്ചെരാതുകൾ ഊതിയ ണയ്ക്കാതെ കിനാവിന്റെ കുപ്പിവളകൾ എറിഞ്ഞുടയ്ക്കാതെ സൌഹൃദത്തിന്റെ വിശ്വാസത്തിന്റെ ഇഷ്ടത്തിന്റെ പ്രണയത്തിന്റെ ഒരിയ്ക്കലും കെടാത്തൊരു കൈത്തിരി നാളം ഹൃദയത്തിൽ പേറി നിനക്കായി നിനക്കായി മാത്രം..
ഷീജാ അനില്‍

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ