2014 ഒക്‌ടോബർ 25, ശനിയാഴ്‌ച

ഭൂമിയും ആകാശവും പ്രണയത്തിലാണ്

ഒരു ചെറുകാറ്റിനൊപ്പം പതിയെ ചാറി പിന്നെ ശക്തി പ്രാപിച്ചു മണ്ണും മനസ്സും കുളിര്‍പ്പിച്ചു മഴ പെയ്യുന്നു ..എന്റെ മാത്രം മഴ ..ഓരോ മഴയുടെയും ചിലമ്പൊച്ചകള്‍ നിന്നെയാണ് ഓര്‍മ്മിപ്പിയ്ക്കുക ,..മഴ പ്രണയമാണെന്ന് ആദ്യം പറഞ്ഞത് നീയാണല്ലോ ..ആകാശവും ഭൂമിയും അനാദികാലം മുതല്‍ പ്രണയത്തിലാണെന്നും ഒരിയ്ക്കലും ഒന്നിയ്ക്കാതിരിയ്ക്കാന്‍ ശാപം കിട്ടിയവരാണെന്നും പിന്നെ ആകാശം പെയ്തിറങ്ങുന്ന മഴനീരിലാണ് ഭൂമിയുടെ സ്വപ്‌നങ്ങള്‍ എന്നു പറഞ്ഞതും നീ തന്നെ ...നഷ്ടസ്വപ്നങ്ങളുടെ ..പൊരിവെയിലില്‍ തപിച്ചു നീറുന്ന ഭൂമിയ്ക്ക് ആകാശത്തിന്‍റെ സ്വാന്തനമായി .ജീവന്‍റെ കണികകളായി മഴത്തുള്ളികള്‍ വിരുന്നെത്തുമ്പോള്‍അമ്പലമുറ്റത്തെ ആല്‍മരചില്ലകളില്‍ കാറ്റ് പടരുന്നു ..പുഴയുടെ മാറിലേയ്ക്ക് അടര്‍ന്നു വീഴുന്ന ആലിലകള്‍ ദിക്കറിയാതെ ഒഴുകി നീങ്ങുന്നു നമ്മെ പോലെ ..ആല്‍മരത്തില്‍ ഇപ്പോള്‍ കിളികള്‍ കൂട് കൂട്ടാറില്ലത്രേ...കൂട്ടിനുള്ളില്‍ നിറച്ചു വെയ്ക്കാന്‍ സ്നേഹവും സ്വപ്നവും ഇല്ലാഞ്ഞിട്ടാവാം ..

                                                        ദൂരെ എവിടെയോ ഒരിരുള്‍ കയത്തില്‍ നീ എന്നെയോര്‍ത്ത് നമ്മുടെ സ്വപ്നങ്ങളെ താലോലിച്ചു ഉറങ്ങാന്‍ കിടക്കുന്നുണ്ടാവും എന്ന് ഞാന്‍ കരുതട്ടെ പുഴയെ കൊതിപ്പിച്ചു ..ഭൂമിയെ കൊതിപ്പിച്ചു എന്നെ കൊതിപ്പിച്ചു മഴ അകന്നു പോയിരിയ്ക്കുന്നു ..മനസ്സിന്‍റെ സ്വപ്നങ്ങളിലേയ്ക്ക് ഇറങ്ങാന്‍ മടിച്ചു ആകാശകാളിമയ്ക്കൊപ്പം മടിച്ചു നില്‍പ്പാണ് ഇപ്പോള്‍ മഴമേഘങ്ങള്‍ ...എങ്കിലും നമ്മോടു അലിവു തോന്നി ചിലപ്പോള്‍ വീണ്ടും പെയ്തേക്കും എന്നാശിച്ചു ഞാന്‍ ഉറങ്ങാന്‍ തുടങ്ങുന്നു ..വിരഹവും വിഷാദവും നിഴലിയ്ക്കുന്ന നനവാര്‍ന്ന നിന്റെ മിഴികള്‍ ഹൃദയത്തില്‍ പതിച്ചു വെച്ച് ...സ്നേഹാര്‍ദ്രമായ നിന്റെ ഓര്‍മ്മകളെ ഒരു കംബളമായി പുതച്ചു സ്വപ്നങ്ങളുടെ കൂടാരത്തിലേയ്ക്ക് ഒരു യാത്ര

ഷീജാ അനില്‍


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ