2014 ഒക്‌ടോബർ 25, ശനിയാഴ്‌ച

നിനക്കായ് (7)

വിശുദ്ധ ഹൃദയത്തിലെ ആണിപ്പഴുതിന്റെ ഓര്‍മ്മപോലെ വേദനാജനകമായ ചില ചിന്തകളിലൂടെ മനസ്സ് യാത്ര പോവുന്നു കാതുകളില്‍ തല്ലിയലയ്ക്കുന്ന മൃതി ഗീതങ്ങളും തുറന്ന മിഴികള്‍ക്കുള്ളില്‍ കാഴ്ചകളായി ശവ ഘോഷയാത്രകളും മാത്രം .ഇരുട്ടിന്റെ കല്ലറകള്‍ക്കുള്ളില്‍ പതിയിരിയ്ക്കുന്ന ഒരാത്മാവാണ് ഞാന്‍ എന്ന് ഇടയ്ക്ക് തോന്നും .എന്നെയും വഹിച്ചു യാത്ര പോവുകയാണ് ശവ മഞ്ചങ്ങളെന്നും .എന്താണിങ്ങനെ ..??മലമുകളില്‍ നിന്നും അശാന്തിയുടെ താഴ്വാരങ്ങളില്‍ എറിയപ്പെട്ടൊരു ചരിത്രപുസ്തകംപോലെ ആരാലും വായിയ്ക്കപ്പെടാതെ ഞാന്‍ ഇത്രയും കാലം ഈ ഭൂമിയില്‍ ജീവിച്ചിരുന്നു എന്നത് സത്യമോ?.ആരും കാണാതെ പോയ കണ്ണീരണിഞ്ഞ ചിന്തകളും കരിന്തിരി കത്തിയ സ്വപ്നങ്ങളും ആര്‍ക്കോ വേണ്ടി ഹോമിച്ചു തീര്‍ത്ത ജീവിതവും.നിറഞ്ഞ മിഴികള്‍ക്കപ്പുറത്തു സ്നേഹത്തിനു അതിര്‍ വരമ്പ് കെട്ടിയവരുടെ അട്ടഹാസ്സങ്ങള്‍ മാത്രം .ജീവിതമേ പിറവിയില്‍ നിന്നും മറവിയിലേക്കൊരു യാത്ര സാധ്യമോ ?അങ്ങ് കടല്‍തീരത്തു കാറ്റിന്റെ കരങ്ങള്‍ക്കൊത്തുപാറിക്കളിയ്ക്കുമൊരു പട്ടംപോലെ ഓര്‍മ്മകളും പറന്നകന്നെങ്കില്‍ .

                                                   ഒരു വരി കുറിച്ചിട്ടുണ്ട് ഞാന്‍ ഇന്നത്തെ ഡയറിയില്‍ . അതിങ്ങനെയാണ് "'ഒരു യാത്ര പോകാനുണ്ടായിരുന്നു നമുക്കൊന്നിച്ച്‌ .ഏതു സമയമെന്നോ ഏതു കാലമെന്നോ കണക്കാക്കുന്നില്ല വസന്തമാണോ ഗ്രീഷ്മമാണോ ഇനിയതുമല്ല ഹേമന്തമാണോ അറിയില്ലെനിയ്ക്ക്‌ ..ഇടയ്ക്ക് മഞ്ഞുണ്ടാവും വെയിലും മഴയും ഉണ്ടാവും ഒരു മഴയ്ക്കൊപ്പം തേങ്ങിക്കരഞ്ഞു ഒരു വെയിലിനൊപ്പം പുഞ്ചിരി തൂകി മഞ്ഞലകളില്‍ മുങ്ങിനിവര്‍ന്ന് ഒരു മനോഹര യാത്ര .യാത്രയിലുടനീളം ആകാശ നീലിമയില്‍ നിന്നും ചിറകു നേടിയ നീല നിറമുള്ള പൂമ്പാറ്റകള്‍ നമുക്ക് ചുറ്റും നൃത്തം വെയ്ക്കും വെളുത്ത നിറമുള്ള പൂവുകള്‍ വഴികളില്‍ ഉടനീളം നമുക്ക് വരവേല്പ്പുകള്‍ നല്‍കും.കാറ്റിന്റെ താരാട്ടില്‍ പൂക്കളുടെ സുഗന്ധങ്ങളില്‍ ലയിച്ചു ഞാന്‍ നിന്‍റെ തോളില്‍ തലചായ്ച്ചുറങ്ങും അങ്ങ് ദൂരെ ദൂരെ അനന്ത സാഗരത്തിന്റെ ആഗാധതയില്‍ നീയെന്നെ വലിച്ചെറിഞ്ഞ ആ സ്വപ്നം എന്നെ ഉണരത്തുവോളം" വാക്കിന്‍റെ വാള്‍മുനകള്‍ ചിന്തകളിലേറി ഹൃദയം പിളര്‍ത്തിക്കടന്നു പോവുന്നു. വീണ്ടും ഉറങ്ങാന്‍ ഭയമുള്ള രാവുകള്‍ വിരുന്നു വരികയായി. ചുറ്റിനും അരൂപികളുടെ പൊട്ടിച്ചിരികള്‍ .മനസ്സില്ലെനിയ്ക്ക് തോറ്റു കൊടുക്കാന്‍.ജീവിതമേ ആരാണ് ജയിയ്ക്കുക നീയോ ഞാനോ ???? ഞാനാവും ഞാന്‍ തന്നെയാവും ഉറപ്പു..


                                                ഷീജാ അനില്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ