2014 ഒക്‌ടോബർ 24, വെള്ളിയാഴ്‌ച

പതിവുകള്‍

ദിനച്ചര്യകളെല്ലാം പതിവ് പോലെ
കാലത്തുണർന്നു മഞ്ഞുകണങ്ങൾ
ആവരണമിട്ട ജാലകം തുറന്നു
വിടരാൻ തുടങ്ങുന്ന പ്രഭാതത്തെ
മിഴികളിൽ നിറച്ചു അല്പ്പനേരം 
പിന്നെ അടുക്കളയിൽ നിന്ന്
കട്ടൻകാപ്പിപകര്ന്നെടുത്ത കപ്പുമായി
നിന്റെ എഴുത്ത് മുറിയിലേയ്ക്ക് .

അവിടെ എല്ലാം പതിവ് പോലെ
എഴുത്ത് മേശമേൽ
പാതി വായിച്ച പുസ്തകവും
അടയാളമായി ഒരു മയിൽ‌പീലി തുണ്ടും.

നിന്റെ വിരൽ സ്പര്ശമേല്ക്കാൻ കൊതിച്ചു
എഴുതി തീരാത്ത പേനയും വെള്ള പേപ്പറിൽ
അക്ഷരങ്ങളിലെ മഷിപ്പാടുകൾ
പുണർന്നു പൂർത്തീകരിയ്ക്കപ്പെടാൻ
മോഹിച്ചു ബാക്കിയായ ഒരു കവിതയും. 

ചാരുകസേരയിൽ നിനക്കേറ്റം പ്രിയമുള്ള
നീലവിരിയും ഹാംഗറിൽ തൂങ്ങുന്ന
ചുളിവു വീഴാത്ത നീളൻ കുപ്പായവും,
കോലായിലൂടെ പതുങ്ങി വന്നു
പരിഭവം പറയുന്ന കാറ്റിനൊപ്പം
വിരുന്നെത്തുന്ന
കുറുമൊഴിപ്പൂക്കളുടെ സുഗന്ധവും 
പേരറിയാക്കിളികളുടെ കൊഞ്ചി ചിലയ്ക്കലും
എല്ലാം എല്ലാം എന്നത്തെയും പോലെ
പതിവില്ലാത്തതായി എന്തോ ഒന്ന്

ചുവരിലെ പൂമാലയിട്ട പുഞ്ചിരിയ്ക്കുന്ന നിന്റെ ചിത്രം
വെറുതെ ചിരിയ്ക്കണ്ടാ ..എനിയ്ക്കറിയാം
ഒന്നും കൊണ്ട് പോയിട്ടില്ല നീ
തനിച്ചാക്കപ്പെട്ട എന്റെ ഹൃദയവും
വീണുടഞ്ഞ നമ്മുടെ കിനാക്കളുമല്ലാതെ ....


                           ഷീജാ അനില്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ