2014 ഒക്‌ടോബർ 25, ശനിയാഴ്‌ച

വിടരും മുന്നേ കൊഴിയുന്നവ

വിടരാന്‍ കൊതിയ്ക്കുമൊരു
പൂമൊട്ടായിരുന്നു വിരിയും മുന്നേ
ഇറുത്തെടുത്തത്

താലോലിയ്ക്കേണ്ട കൈകളിലെ 
നഖക്ഷതങ്ങളായിരുന്നു
ഉടലിലെമ്പാടും ചോര പൊടിച്ചത്

ഒന്ന് ഹൃദയത്തോട് ചേര്‍ത്തു
വാസനിയ്ക്കാതെയാണ്
താഴേയ്ക്കിട്ടു ചവിട്ടിയരച്ചത്

അന്ന് മുതലാണ്‌ കാഴ്ചകള്‍
ഒരേയൊരു ദിക്കില്‍ മാത്രം
തറഞ്ഞു പോയത്

ജീവിതാവേഗങ്ങളുടെ
ആരോഹണാവരോഹണങ്ങള്‍ക്കിപ്പുറം
കാലത്തിന്‍റെ കുത്തോഴുക്കിനെ ഭേദിച്ചു
ഉദകം ചെയാന്‍, നീട്ടിയ കൈകളില്‍

എള്ളും പൂവുംനിറച്ച കുട്ടിയോട്
പരികര്‍മ്മിയുടെ ചോദ്യം മുഴങ്ങുന്നു

മരിച്ചതാര് അച്ഛനോ മുത്തശ്ശനോ??
അമ്പരന്നു പോയ രണ്ടു കുഞ്ഞു മിഴികള്‍
ഉത്തരം കിട്ടാതെ വട്ടം ചുറ്റുന്നു...

                                                  ഷീജാ അനില്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ