2014 ഒക്‌ടോബർ 25, ശനിയാഴ്‌ച

ചില സ്നേഹങ്ങള്‍

ചില സ്നേഹങ്ങളുണ്ട് 
മിഴികള്‍ക്കുള്ളില്‍ തീക്ഷ്ണതയെരിച്ചു
ഹൃദയത്തിലേയ്ക്ക് പടര്‍ന്നുകയറി
കോശങ്ങളില്‍ അള്ളിപ്പിടിയ്ക്കുന്നവ. 

നിനച്ചിരിയ്ക്കാത്ത നേരത്ത്
രക്തവും മാംസവും പറിച്ചെടുത്തു
ഇത്തിള്‍ക്കണ്ണികള്‍ പോലെ
അടര്‍ന്നു മാറുന്നവ

ചില മൌനങ്ങളുണ്ട്
ഹൃദയം കൊണ്ട് തൊട്ടറിയാന്‍
കഴിയാതെ പോയവ
പിന്നെ ഹൃദയത്തിലെ കനല്‍ചൂടില്‍
വെന്തുരുകി അടര്‍ന്നു പോയവ
കോടാനു കോടി വാക്കുകളാല്‍
വാചാലമായിരുന്നവ.

ചില വേദനകളുണ്ട് ജന്മം കൊണ്ട്
പരാജയമാണെന്ന് വിളിച്ചോതുന്നവ
നഷ്ടങ്ങളിലും പരാജയങ്ങളിലും
ഒന്നാമന്‍ എന്ന് ഉറക്കെ പ്രഖ്യാപിയ്ക്കുന്നവ

കണ്മുന്നില്‍ ചില ജീവിതങ്ങളുണ്ട്‌
പന്തയക്കുതിരകളെ പോലെ
തോല്‍വികളെ പിന്നിലാക്കി
മുന്നോട്ടു കുതിയ്ക്കുന്നവ
ലക്ഷ്യത്തിലെത്തി മാത്രം
തിരിഞ്ഞു നോക്കുന്നവ

അവ പടക്കളത്തില്‍ പരാജിതനായ
പോരാളിയെ എന്ന പോലെ
പരിഹസിയ്ക്കുമ്പോള്‍
ഞാന്‍ എന്നെ തന്നെ തിരിച്ചറിയുന്നു...


ഷീജാ അനില്‍
        

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ