2014 ഒക്‌ടോബർ 24, വെള്ളിയാഴ്‌ച

നിനക്കായ് (4)

ജനാലകള്‍ തുറന്നിട്ട്‌ ദൂരെ കടല്പ്പരപ്പിലേയ്ക്ക് മിഴികള്‍ നട്ടിരിയ്ക്കുമ്പോള്‍ കടലിന്റെ ആഴങ്ങളില്‍ നിന്ന് പിറവിയെടുത്തതു പോലെ ഈറന്‍ പടര്ത്തിയൊരു ഉപ്പുകാറ്റ് കവിളിലെ ഉപ്പുനനവിനെ തലോടി ഉണക്കാറുണ്ട് പലപ്പോഴും.. പിച്ചവെയ്ക്കാന്‍ തുടങ്ങുന്ന കുഞ്ഞിനെ പോലെ ഇടയ്ക്കിടെ നടന്നും ഓടാന്‍ ശ്രമിച്ചും വീണും പിന്നെ തല്ലിയലച്ചും മനസ്സിലെയ്ക്കെത്തുന്നുണ്ട് നിന്റെ ഓര്‍മ്മകളിപ്പോള്‍ ..പിന്നില്‍ ബലം പിടിച്ചു ചുരുട്ടി വെച്ച കൈവിരലുകള്‍ പതിയെ നിവര്‍ത്തി ആരോ ..വിയര്‍പ്പില്‍ കുതിര്‍ന്ന മൃദുവായ കൈകളില്‍നിന്നു കൈകളിലേയ്ക്ക് തിരുകി വെയ്ക്കുന്നുണ്ട് ഏതാനും മഞ്ചാടിമണികള്‍ .സ്നേഹത്തിന്റെ ,നിഷ്കളങ്കതയുടെ താമ്രപത്രം പോലെ ..ഹരിതാഭമായ വയലേലകളില്‍ നാട്ടി നിര്‍ത്തിയ നോക്ക് കുത്തിയുടെ പിന്നില്‍ കുസൃതിയോടെ പതിയെ മറയുന്നുണ്ട്‌ നിന്റെ മിഴികള്‍ ..സ്കൂള്‍ ഗേറ്റിനു മുന്നിലെ തണല്‍ മരത്തിനു കീഴെ മുഷിഞ്ഞ ബാഗില്‍ ഒളിപ്പിച്ചു സൂക്ഷിച്ചു ആരും കാണാതെ നീ തരുന്ന കമ്പിളി നാരങ്ങയുടെ മധുരം ഇപ്പോഴും തിരയാറുണ്ട് എന്റെ അധരങ്ങള്‍ ..

                                                                      കാലം സമ്മാനിച്ച വേര്‍പിരിയലിന്റെ വേദനകളിലൂടെയും     ജീവിത നാടകത്തിലെ അരങ്ങു തകര്‍ക്കുന്ന അഭിനേത്രിയുടെ വേഷപ്പകര്ച്ചകളിലൂടെയും സ്വയമറിയാതെ കടന്നുപോകുമ്പോഴും പഴയ അതെ നിഷ്കളങ്കതയോടെ തിരയാറുണ്ട് ഇന്നും നിന്നെ ഞാന്‍ .വിതയും കൊയ്ത്തുമില്ലാത്ത കിളികളെത്താത്ത..തരിശു പാടങ്ങളില്‍ ..തെളിനീര്‍ വറ്റിയ പുഴയോരങ്ങളില്‍ ..തണല്‍ മരങ്ങളില്ലാത്ത വഴിയോരങ്ങളില്‍ ...ഇനിയൊരിയ്ക്കല്‍ ഒരു പക്ഷെ നാം കണ്ടുമുട്ടിയേക്കാം..അന്ന് നിന്റെ മിഴികളില്‍ പഴയ നിഷ്കളങ്കതയ്ക്കു പകരം വറ്റി വരണ്ടു ശുഷ്കിച്ചു പോയൊരു പുഴപോലെ സ്നേഹം വറ്റിയ അപരിചിതത്വം നിറഞ്ഞു നിന്നേക്കാം ..എങ്കിലും മനസ്സ് മനസ്സിനോട് സംസാരിയ്ക്കുമ്പോള്‍ നീയെന്നെ തിരിച്ചറിയും നമ്മുടെ മനസ്സുകള്‍ ഒരുമിച്ചു യാത്ര പോകും ...അങ്ങ് ദൂരെ പൂക്കള്‍ നിറഞ്ഞ താഴ്വാരങ്ങളിലെയ്ക്ക്‌..കിനാവുകളുടെ നിറക്കാഴ്ചകളിലേയ്ക്ക് ..


                          അപ്പുപ്പന്‍ താടികളുടെയും മഞ്ചാടിമണികളുടെയും കടലാസ്സു തോണികളുടെയും അത്തിപ്പഴങ്ങളുടെയും നാട്ടിലേയ്ക്ക് ....ഇനിയൊരു മഴകൂടി നനയണം എനിയ്ക്ക് ..ഒരു ചേമ്പിലയുടെ മറവില്‍ നിനക്കൊപ്പം ..ഒരു തോട്ടുവരമ്പ് മുറിച്ചു കടക്കാന്‍ നീ കൈനീട്ടുവോളം കാത്തു നില്‍ക്കണം എനിയ്ക്ക് ...ഓര്‍മ്മകള്‍ സമ്മാനിയ്ക്കുന്ന ഹരിതാഭമായ സ്വപ്നങ്ങളുടെ മധുരം നെഞ്ചില്‍ ചേര്‍ത്തു ഇനി ഞാനുറങ്ങട്ടെ മിഴിയിണകള്‍ ചേര്‍ത്തടയ്ക്കാതെ ....


                                              ഷീജാ അനില്‍ 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ