2014 ഒക്‌ടോബർ 24, വെള്ളിയാഴ്‌ച

നീ വിഷുക്കാല ഓര്‍മ്മ

വീണ്ടുമൊരു വിഷുക്കാലത്തിന്റെ വരവറിയിച്ചു കൊണ്ട് വഴിയോരങ്ങളിലെമ്പാടും കണിക്കൊന്നകൾ പൂവണിഞ്ഞിരിയ്ക്കുന്നു..സ്വർണ്ണ വർണ്ണമാര്ന്ന പൂങ്കുലകൾ മിഴികൾക്ക് നിർവൃതി സമ്മാനിച്ച്‌ കാറ്റിന്റെ താളത്തിൽ മെല്ലെ തലയാട്ടി നില്ക്കുന്നത് കാണവേ മനസ്സൊരു യാത്ര പോകുന്നുണ്ട് നന്മയുടെ സുഗന്ധം നിറഞ്ഞ, കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും,കൌതുകങ്ങളും ,പൊട്ടിച്ചിരികളും നിറഞ്ഞ ഓര്മ്മകളുടെ .പിന്നാമ്പുറങ്ങളിലേയ്ക്ക് ..അവിടെ ..നിഷ്കളങ്ക ബാല്യത്തിന്റെ കളിമുറ്റം ഒരുങ്ങുന്നു കൂട്ടി വെച്ച കുന്നിമണികൾക്കും നിറമാർന്ന വളപ്പൊട്ടുകൾക്കുമൊപ്പം...ഉമ്മറപ്പടിയിൽ ബാല്യം തിരികെ കിട്ടിയ മുത്തശ്ശി തീരാത്ത കഥകളുടെ ഭാണ്ഡവും പേറി ..പല്ലില്ലാത്ത മോണ കാട്ടി നിറഞ്ഞു ചിരിച്ചു കൂനിക്കൂടിയിരിപ്പുണ്ട് ..കുട്ടികൾക്കൊപ്പം..കണിയൊരുക്കാൻ നിനക്കൊപ്പം കൂടാൻ ഞാനെത്തുന്നതും നോക്കി അക്ഷമയോടെ നീ .കാത്തിരിയ്ക്കാറുള്ളത് ഞാൻ ഓര്ക്കാറുണ്ട് ഇപ്പോഴും .

                                    ഓരോ വേനലവധിയും നമുക്ക് ആഘോഷങ്ങളായിരുന്നു പുഴയോരത്തെ ഇലഞ്ഞിമരചുവട്ടിലേയ്ക്ക് കൈ കോർത്തു നടന്നു പോയ എത്രയോ സായാഹ്നങ്ങൾ ..?ഇലഞ്ഞിപ്പൂക്കളുടെ സുഗന്ധം പേറി ഒഴുകിയെത്തുന്ന കാറ്റിന്റെ കുളിരാർന്ന തഴുകലിൽ ഹൃദയത്തിൽ നിറയുന്ന സ്നേഹത്തിന്റെ സംഗീതങ്ങൾ ..കേട്ട് മിഴികളടച്ചു എത്രയോ നേരം നിനക്കൊപ്പം ..തിരികെ കിട്ടാത്ത ബാല്യവും കൌമാരവും ഇനി സ്വപ്നങ്ങളിൽ മാത്രം ...ജീവിതം മടുപ്പാർന്ന യാന്ത്രികതയിലൂടെ കടന്നു പോകുമ്പോൾ ..ഓർമ്മകളിലേയ്ക്കു ഒരു തിരിച്ചു പോക്ക് ..എത്ര സുന്ദരമാണത് ..ഓര്മ്മകളുടെ കളിവഞ്ചിയേറി പതിയെ തുഴഞ്ഞു ഞാൻ അക്കരക്കെത്തുമ്പോൾ പാറിപ്പോയ സ്വപ്നങ്ങളുടെ വർണ്ണത്തൂവലുകൾ വാരിക്കൂട്ടി നെഞ്ചോട്‌ ചേര്ത്തു എന്നെയും കാത്തു നീ അവിടെ നില്പ്പുണ്ടാകുമോ ...ഇല്ലെന്നറിയാം എങ്കിലും വെറുതെ വെറുതെ ആശിച്ചു പോകുന്നു .....

ഷീജാ അനില്‍
                                                          

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ