ആരവം മുഴക്കുന്ന കാറ്റിനൊപ്പം ആര്‍ത്തലച്ചെത്തി നീയും ഇന്നെന്നോടു പരിഭവിയ്ക്കുന്നു..എന്നും ഹൃദയത്തെ തരളമാക്കി തണുവോടെ പെയ്യുന്ന നീ ഇന്നെന്തേ എന്നെ ഇത്രയേറെ ഭയപ്പെടുത്തുന്നു ..?ഇരുട്ട് നിഴല്‍ വീശുന്ന ഈ മുറിയില്‍ ഞാന്‍ തനിച്ചാണെന്ന് അറിയില്ലേ നിനക്ക് ...? വെള്ളനിറമാര്‍ന്ന ചുവരുകളിലെ അടര്‍ന്നു തെറിച്ച കുമ്മായ പൊട്ടുകള്‍ അവശേഷിപ്പിച്ച കറുത്ത നിറം യേശുദേവന്റെ ഹൃദയത്തിലെ രക്തം പൊടിഞ്ഞ ആണിപ്പഴുതുകളെ ഓര്‍മ്മിപ്പിയ്ക്കുന്നു ..ആശ്രയത്തിനു പകരം ആശ്വാസത്തിന് പകരം ഭയം എന്റെ മിഴികള്‍ തുറുപ്പിയ്ക്കുന്നു ..എന്തെ ഇങ്ങനെ ..?
മുറിയ്ക്കുള്ളില്‍ തെറിച്ചെത്തുന്ന ഈറന്‍ തുടിപ്പുകള്‍ ഹൃദയത്തെ അടിച്ചമര്‍ത്തലിന്റെ നിസ്സഹായത് വീണുറങ്ങുന്ന ഇരുണ്ട നിറം പുതച്ച നിരത്തുകളിലൂടെ കൈ പിടിച്ചാനയിയ്ക്കുന്നു... ഇരുട്ടിലവിടവിടെ നാഗങ്ങളുടെ സീല്‍ക്കാരങ്ങള്‍ ..അവയിടയ്ക്കു എന്റെ പാദങ്ങളില്‍ ഉരുമ്മി ഇഴഞ്ഞകലും പോലെ ..ഒരു നിമിഷം അവയെന്റെ പാദങ്ങളില്‍ അമര്ത്തിച്ചുംബിച്ചിരുന്നെ ങ്കില്‍.....നീയെത്താതെ പോയ വഴിത്താരകളില്‍ മിഴികളര്‍പ്പിച്ചു നിന്നിലേയ്ക്കുള്ള ദൂരമളന്നു ഞാന്‍ തളര്‍ന്നു പോയിരിയ്ക്കുന്നു ..അഗാധമായ ഇരുട്ടിന്റെ ഗര്‍ത്തങ്ങളില്‍ ഒരു നിലാപ്പൊട്ടു പോലെ നനുത്ത ചിരിയ്ക്കൊപ്പം നീണ്ടു വരുന്ന നിന്റെ കരതലങ്ങളില്‍ വീണ്ടും ചുംബിയ്ക്കാനായുന്ന ഒരു സര്‍പ്പമുഖം കണ്ടത് പോലെ കൈ വിട്ട ഓര്‍മ്മകള്‍ എന്നെ വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിയ്ക്കുന്നു ...അരുത് ആ സര്‍പ്പത്തെക്കള്‍ ഭയമാണെനിയ്ക്ക് ..നിന്നെ.ഓര്‍മ്മകളെ തട്ടി വിളിയ്ക്കരുത് .. ജാലകവാതില്‍ കൊട്ടിയടച്ചു ഈ ഇരുളിന്റെ കോട്ടയ്ക്കുള്ളില്‍ ഞാന്‍ തനിച്ചിരിയ്ക്കാം...തനിയെ തനിയെ മാത്രം .....ഷീജാ അനില്‍

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ