2014 ഒക്‌ടോബർ 25, ശനിയാഴ്‌ച

പ്രണയലേഖനം

പ്രിയപ്പെട്ട ഹരീ മാനസ്സിക വ്യാപാരങ്ങളും ഹൃദയ വ്യെധകളും വെളിപ്പെടുത്താനും മനസ്സിന്റെ വിങ്ങലുകൾ തുറന്നു കാട്ടാനും ഈ ആധുനിക യുഗത്തിൽ നിരവധി നിരവധി മാർഗങ്ങൾ ഉണ്ട് പക്ഷെ നിന്നോട് മനസ്സ് തുറക്കാൻ ഈ വെള്ള പേപ്പറിലെ നീല മഷിയും അതിൽ പതിയുന്ന ന്റെ ഹൃദയാക്ഷരങ്ങളും തന്നെ വേണംന്ന് തോന്നുന്നു.മാത്രമല്ല ബാല്യത്തിന്റെ തുറന്നു പറച്ചിലിൽ നിന്നും ഞാനും നീയുമോക്കെഎത്രയോ മാറിപ്പോയിരിയ്ക്കുന്നു എന്നൊരു തോന്നൽ.

                                          നിനക്കോർമ്മയുണ്ടാവുമോ എന്നറിയില്ല ആറ്റോരത്തെ പഴയ മുത്തശ്ശി മരത്തിന്റെ ചുവട്ടിൽ ബാല്യത്തിന്റെ കൌതുകങ്ങളിൽ കൈക്കുമ്പിളിലൊതുക്കി നിർവൃതി പൂണ്ടു നമ്മൾ ഒന്നിച്ചു ഊതിയെറിഞ്ഞഎത്രയോ അപ്പൂപ്പൻതാടികൾ.ഒരു പക്ഷെ അനന്തതയുടെ തീരങ്ങളിൽ എവിടെയെല്ല്ലാമോ അതിപ്പോഴും ഒഴുകി നടക്കുന്നുണ്ടാവാം.മഞ്ചാടി മണികൾ പെറുക്കിക്കൂട്ടി കൈകൾക്കുള്ളിൽ നിറച്ചു തന്നു മിഴികളിൽ നോക്കി പുഞ്ചിരി തൂകുന്ന നിന്റെ മുഖം മനസ്സില് നിറയുന്നുണ്ട് എപ്പോഴും.ബാല്യം കടന്നു കൌമാരത്തിന്റെ പടി വാതിലിൽ എത്തുമ്പോഴേയ്ക്കും ജീവിതത്തിന്റെ ചടുലത നിറഞ്ഞ ഒഴുക്കുകളിൽ പെട്ട് നാം പിരിഞ്ഞകന്നെങ്കിലും എതിരുളിലും ഒരു നേർത്ത വെളിച്ചമായി ഏതു പ്രതിസന്ധികളിലും ആത്മവിശ്വാസം പകര്ന്നു തരുന്ന ഒരു മങ്ങാത്ത ഓര്മ്മയായി നിന്റെ മുഖം ഹൃദയത്തിന്റെ ആഴങ്ങളിൽ ഞാൻ എന്നും പതിപ്പിച്ചു വെച്ചിരുന്നു.നിന്നെയോര്ക്കാത്ത ഒരു രാവോ ഒരു പകലോ ഉണ്ടായിരുന്നില്ലെനിയ്ക്ക് .കോളേജു പഠന കാലത്ത് എല്ലാ രാത്രികളിലും നിനക്കായി ഞാൻ കത്തുകൾ എഴുതാറുണ്ടായിരുന്നു .ഒരെണ്ണം പോലും അയയ്ക്കാൻ ധൈര്യം വന്നില്ല .ഒരിയ്ക്കൽ പോലും. കാരണം എന്റെ മനസ്സില് നീയുള്ളത് പോലെ നിന്റെ മനസ്സില് ഞാൻ ഉണ്ടാവുമോ എന്ന സംശയം ആശങ്ക അത് ഒന്ന് കൊണ്ട് മാത്രം .

                                                           ഇപ്പോൾ പഠനം കഴിഞ്ഞു .പപ്പാ വാളന്റ്റ്ററി റിട്ടയർ മെന്റു വാങ്ങിയ ശേഷമാണ് ഞങ്ങൾ വീണ്ടും നാട്ടിലേയ്ക്ക് വന്നിരിയ്ക്കുന്നത്‌ .ഇനിയെന്നും ഇവിടെ തന്നെ .നാട്ടിലേയ്ക്കുള്ള യാത്രയിൽ മുഴുവൻ മനസ്സ് തുള്ളി ചാടുന്നുണ്ടായിരുന്നു .നീയിപ്പോൾ എങ്ങിനെയാവും കാണാൻ..? പണ്ടേ പോലെ ആ വലിയ കണ്ണുകളിൽ ഒളി മിന്നുന്ന നിഷ്കളങ്കത ഇപ്പോഴും ണ്ടാവുമോ? അതോ കട്ടിമീശയോക്കെ വെച്ച് വല്യ ജാടയൊക്കെ ഉള്ള ഒരു ആളായിട്ടുണ്ടാവുമോ എന്തൊക്കെ സംശയങ്ങൾ.ഇവിടെ വന്ന ദിവസ്സം മുതൽ തിരയുകയാണ് ഒന്ന് കാണാൻ .പക്ഷെ നടക്കുന്നില്ല ഇടയ്ക്ക് ഒരു മിന്നായം പോലെ ഞാൻ കണ്ടിരുന്നു കുട്ടേട്ടന്റെ ബൈക്കിനു പിന്നിൽ നിന്നെ . സതിയാന്റ്റി പറഞ്ഞു നീയിപ്പോ രാഷ്ട്രീയ പ്രവര്ത്തനങ്ങളും മറ്റു കാര്യങ്ങളും ഒക്കെയായി വല്യ തിരക്കാത്രേ .എങ്കിലും നീ ഒര്ത്തില്ലല്ലോ കൃഷ്ണേട്ടന്റെ സ്വപ്‌നങ്ങൾ .നീ പഠിച്ചു ഉയരങ്ങളിൽ എത്തുന്നതും വല്യ ഉദ്യോഗസ്ഥനാവുന്നതും ഒക്കെ ആയിരുന്നില്ലേ കൃഷ്ണേട്ടന്റെ ആഗ്രഹങ്ങൾ . നീയെന്തേ ഹരീ ആ മനസ്സ് അറിയാതെ പോയത് . സാരംല്ല എന്നെ നീ മനസ്സിലാക്കുമെന്ന് കരുതുന്നു .ഞാൻ കണ്ടിരുന്നു ട്ടോ ഇന്നലെ ആ പടിഞ്ഞാറേ ജാലകം തുറന്നിട്ട്‌ ഇവിടെയ്ക്ക് നോക്കുന്ന നിന്റെ മിഴികൾ .അപ്പോഴാണ്‌ ഒരു സമാധാനം തോന്നിയത് ഇനിയെന്റെ മനസ്സ് മറച്ചു പിടിയ്ക്കാൻ വയ്യ .
                       
                                    ഇഷ്ടാണ് നിയ്ക്ക് നിന്നെ ഒരു പക്ഷെ പണ്ടെക്കാൾ കൂടുതൽ ഇഷ്ടം ഇപ്പോഴാവാം.തിരിച്ചും അങ്ങിനെയെന്നാണ് വിശ്വാസം .അല്ലെങ്കിലും എന്നെ നിനക്ക് അത്രയെളുപ്പത്തിൽ പറിച്ചെറിയാൻ കഴിയുമോ നിന്റെ ഹൃദയത്തിൽ നിന്ന് .ഇല്ല കഴിയില്ല .ഒന്നിച്ചു കൈകൊര്ത്തു നടന്ന ആ പഴയ നാളുകൾ ഹരിയുടെ മാത്രം അമ്മൂട്ടിയായി ആ കൈവിരലിൽ തൂങ്ങി പാടവരമ്പിലൂടെ സ്കൂളിലേയ്ക്ക് .ചെറുതായി ഒന്ന് ചിണുങ്ങിയാൽ വിഹ്വലതയോടെ ഓടിയെത്തുന്ന ന്റെ ആ പഴയ ഹരിയ്ക്കു ഒരിയ്ക്കലും മറക്കാൻ കഴിയില്ലല്ലോ എന്നെ..കൈതപ്പൂവുകൾ തലയാട്ടി ചിരിയ്ക്കുന്ന വഴിയോരങ്ങളിലൂടെ ഒരുമിച്ചു എത്രയോ യാത്രകൾ ദൂരമറിയാതെ... പുഴയിറമ്പിലെ പഞ്ചസാരമണലിൽ നാം വരച്ചു കൂട്ടിയ എത്രയെത്ര ജീവിത ചിത്രങ്ങൾ .സ്നേഹത്താൽ പടുത്തുയര്ത്തിയ എത്രയോ സ്വപ്ന സൌധങ്ങൾ .നീ എന്റെയും ഞാൻ നിന്റെയുമെന്നു പറയാതെ പറഞ്ഞ ആ നാളുകളിൽ നമ്മൾ എത്രയോ ആഹ്ലാദ ചിത്തരായിരുന്നു .നിന്നോടോത്തുള്ള ആ നിമിഷങ്ങളുടെ ഓർമ്മകൾ പോലും എത്രയോ രാവുകളിൽ ഉണര്ത്തിയിരുത്തി എന്റെ ഹൃദയത്തെ തരളിതമാക്കിയിട്ടുണ്ട് .

                                              ഒരു മയിൽ‌പീലി തുണ്ടിന്റെ സ്പര്ശം പോലെ ഒരു വർണ്ണതൂവലിന്റെ മനോഹാരിത പോലെ ഒരു മഞ്ഞു തുള്ളിയുടെ ആര്ദ്രത പോലെ നിന്റെ ഓർമ്മകൾ എന്നെ വിടാതെ പിന്തുടരുന്നു .മഞ്ചാടിമണികളുടെ കിലുകിലാരവത്തോടെ കൊന്നപ്പൂക്കളുടെ സ്വർണ്ണവര്ണ്ണം പൂണ്ടു ഹൃദയത്തിൽ മിഴി തുറക്കുന്നുണ്ട് നിന്നെ പ്രതിയുള്ള സ്വപ്‌നങ്ങൾ . ഹരീ എനിയ്ക്കൊന്നു കാണണം നിന്നെ നമ്മൾ പതിവായി കൂടുന്ന ആ പുഴവക്കത്തു .ആ മുത്തശ്ശി മാവിന്റെ ചുവട്ടിൽ തന്നെ .അവിടെ നമ്മുടെ പഴയ ഓർമ്മകൾ ഉറങ്ങിക്കിടപ്പുണ്ട് .അവിടെയെത്തുമ്പോൾ നിനക്ക് നിന്നെയും എനിയ്ക്ക് എന്നെയും നമുക്ക് പഴയ നമ്മളെയും തിരികെ കിട്ടും .അവിടെ വെച്ച് ഈ ഭൂമി നശിച്ചാലും ഞാൻ അമ്മുക്കുട്ടിയെ വേര്പിരിയില്ല എന്ന് പറഞ്ഞ ആ കുട്ടി വിഡ്ഢിത്തം ഒരിയ്ക്കൽ കൂടി പറഞ്ഞു നമുക്ക് വെറുതെ ചിരിയ്ക്കണം .കണ്ണിൽ കണ്ണിൽ നോക്കി മുത്തശി മരത്തിൽ ചാരിയിരുന്നു സ്വപ്നങ്ങൾ പങ്കുവെയ്ക്കണം വ്യെധകളും ആശങ്കളും പരാതികളും പരിഭവങ്ങളും പങ്കുവെയ്ക്കണം .വീണ്ടുമോരിയ്ക്കൽ കൂടി സ്നേഹത്തിന്റെ പൂക്കളാൽ ഹാരങ്ങൾ അണിയണം ഹൃദയത്തിന്റെ കയ്യൊപ്പുകൾ പരസ്പരം ചര്ത്തിയ വാക്കുകളുടെ അകമ്പടിയോടെ ഈ ജന്മത്തിലും ഇനിയുള്ള ജന്മങ്ങളിലെയ്ക്കും കൂടി നാം നമുക്ക് മാത്രമെന്ന വാഗ്ദാനം വിരലുകൾ നിന്നും വിരലുകളിലൂടെ ഹൃദയത്തിന്റെ തുടിപ്പുകളിലെയ്ക്ക് കടന്നെത്തണം.അത്ര മേൽ ഇഷ്ടാണ് എനിയ്ക്ക് നിന്നെ എപ്പോഴാണ് നമ്മൾ കാണുക .നിന്റെ മറുപടിയ്ക്ക് വേണ്ടി മാത്രാണ് ഇനിയെന്റെ കാത്തിരുപ്പുകൾ .ഒട്ടു വൈകില്ലെന്ന് കരുതുന്നു .ആ മറുപടി പോസ്സിറ്റീവ് ആവുന്നു തന്നെയാണ് എന്റെ വിശ്വാസം .എന്നെ ഉപേക്ഷിയ്ക്കില്ലെന്നും സ്നേഹപൂർവ്വം നിന്റെ മാത്രം അമ്മു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ